29 June, 2018 06:13:26 PM


കെവിന്‍ വധം: അഞ്ചാം പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ തള്ളി

നീനുവിന്‍റെ അമ്മ രഹ്നയോട് ഹാജരാകാന്‍ ആവശ്യം




ഏറ്റുമാനൂര്‍: കെവിന്‍ കൊലപാതകകേസില്‍ അഞ്ചാം പ്രതിയും കെവിന്‍റെ ഭാര്യ നീനുവിന്‍റെ പിതാവുമായ ചാക്കോ നല്‍കിയ ജാമ്യാപേക്ഷ തള്ളികൊണ്ട് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായി. താന്‍ ഹൃദ്രോഗിയാണെന്ന് ചൂണ്ടികാട്ടിയാണ് ചാക്കോ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അതേസമയം, ജാമ്യാപേക്ഷ കോടതി തള്ളിയ സ്ഥിതിയ്ക്ക് ഹൈക്കോടതിയില്‍ അപ്പീലിന് പോകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.വിനോദ്കുമാര്‍ പറഞ്ഞു. 


ഇതിനിടെ കെവിനെ തട്ടികൊണ്ടുപോയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നീനുവിന്‍റെ അമ്മ രഹ്നയാണെന്ന് വെളിപ്പെടുത്തല്‍. കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് തലേന്ന് മാന്നാനത്തുള്ള വീട്ടിലെത്തി ഇവര്‍ ഭീഷണി മുഴക്കിയെന്നും കേസിലെ പ്രധാന സാക്ഷി അനീഷ് മൊഴി നല്‍കിയതായാണ് സൂചന. രഹ്നയെ കേസില്‍ നിന്ന് ഒഴിവാക്കിയ ശേഷമുള്ള സാക്ഷിമൊഴിയെ തുടര്‍ന്ന് ഇവരോട് ചൊവ്വാഴ്ച പോലീസിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളതായി അറിയുന്നു.  കേസില്‍  സിബിഐ അന്വേഷണം വേണമെന്ന് നേരത്തെ പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷം മാത്രമേ ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി ഫയല്‍ ചെയ്യാനാവൂ.



Share this News Now:
  • Google+
Like(s): 80