29 June, 2018 12:18:34 AM


ഏക ഗോളില്‍ കുളമ്പടി ഉയര്‍ന്നു; കൊളംബിയ പ്രീക്വാര്‍ട്ടറിലേക്കു കാലൂന്നി

ഗ്രൂപ്പ്‌ എച്ചില്‍ കൊളംബിയയോടൊപ്പം ജപ്പാനും പ്രീ ക്വാര്‍ട്ടറിലേക്ക്




മോസ്കോ: യേരി മനി നേടിയ ഏക ഗോളില്‍ കൊളംബിയന്‍ കുളമ്പടി ഉയര്‍ന്നു. റഷ്യന്‍ ലോകകപ്പ്‌ ഗ്രൂപ്പ്‌ എച്ച്‌ മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെ തോല്‍പിച്ചു കൊളംബിയ പ്രീക്വാര്‍ട്ടറിലേക്കു മാര്‍ച്ച്‌ ചെയ്‌തു. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ജപ്പാനോടു തോറ്റ ശേഷം പോളണ്ടിനെയും സെനഗലിനെയും തോല്‍പിച്ച്‌ മൂന്നു മത്സരങ്ങളില്‍ നിന്ന്‌ ആറു പോയിന്റുമായി ഗ്രൂപ്പ്‌ ജേതാക്കളായാണ്‌ അവരുടെ മുന്നേറ്റം. ഇതേ ഗ്രൂപ്പില്‍ നിന്ന്‌ നാല്‌ പോയിന്റുമായി ജപ്പാനും അവസാന പതിനാറിലെത്തി.

അവസാന 16-ല്‍ ഇടംപിടിക്കാന്‍ ജയം അനിവാര്യമെന്ന നിലയിലാണ്‌ കൊളംബിയ കളിക്കാനിറങ്ങിയത്‌. മറുവശത്ത്‌ എതിരാളികളായ സെനഗലിന്‌ ഒരു സമനില മാത്രം മതിയായിരുന്നു. അതു ലക്ഷ്യമിട്ട്‌ അവര്‍ പ്രതിരോധപ്പൂട്ട്‌ പണിതതോടെ കൊളംബിയന്‍ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു. 

ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 74-ാം മിനിറ്റിലാണ്‌ പ്രതിരോധ താരം യേരി മിന കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്‌. കോര്‍ണര്‍ കിക്കില്‍ നിന്ന്‌ തകര്‍പ്പന്‍ ഹെഡ്‌ഡറിലൂടെയായിരുന്നു മിനയുടെ ഗോള്‍. യുവാന്‍ ക്വിന്ററോ എടുത്ത കോര്‍ണര്‍ കിക്ക്‌ മാര്‍ക്ക്‌ ചെയ്യാതെ ബോക്‌സില്‍ നിന്നിരുന്ന മിന ഉയര്‍ന്നു ചാടി പന്ത്‌ വലയിലേക്ക്‌ കുത്തിയിടുകയായിരുന്നു മിന. ഈ ലോകകപ്പില്‍ മിനയുടെ രണ്ടാം ഗോളാണിത്‌. നേരത്തെ പോളണ്ടിനെതിരേയും മിന ഗോള്‍ നേടിയിരുന്നു.

മത്സരത്തിന്റെ 18ാം മിനിറ്റില്‍ തന്നെ സെനഗലിന്‌ അനുകൂലമായി റഫറി നല്‍കിയ പെനാല്‍റ്റി വാറിന്റെ ഇടപെടിലിലൂടെ റദ്ദാക്കിയത്‌ കൊളംബിയയ്‌ക്ക് ആശ്വാസമായി. കൊളംബിയക്ക്‌ ആശ്വസം ലഭിച്ചു. ഡേവന്‍സന്‍ സാഞ്ചസ്‌ ബോക്‌സില്‍ വെച്ച്‌ സാദിയോ മാനെയെ ഫൗള്‍ ചെയ്‌തതിനാണ്‌ റഫറി പെനാല്‍റ്റി നല്‍കിയത്‌. എന്നാല്‍ കൊളംബിയന്‍ താരങ്ങളുടെ അപ്പീലില്‍ തീരുമാനം വാറിന്‌ വിടുകയും വാര്‍ പെനാല്‍റ്റിയല്ലെന്ന്‌ കണ്ടെത്തുകയുമായിരുന്നു.



Share this News Now:
  • Google+
Like(s): 113