29 June, 2018 12:06:52 AM


'അമ്മ' യുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല: ദിലീപ് 'അമ്മ'യ്ക്ക് കത്ത് നല്‍കി

തന്‍റെ പേരില്‍ സംഘടനയെ അപമാനിക്കുന്നതില്‍ സങ്കടമുണ്ടെന്ന് ദിലീപ്



കൊച്ചി: നിരപരാധിത്വം തെളിയിക്കും വരെ  'അമ്മ' സംഘടനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ ദിലീപ്.  ദിലീപ് താരസംഘടനയായ 'അമ്മ'യ്ക്ക് കത്തയച്ചു. സംഘടനയെ തന്‍റെ പേരു പറഞ്ഞ് അപമാനിക്കുന്നതില്‍ സങ്കടമുണ്ടെന്ന് ദിലീപ് കത്തില്‍ പറയുന്നു. അമ്മ ജനറല്‍ സെക്രട്ടറിക്കാണ് ദിലീപ് കത്തയച്ചത്. 

ദിലീപ് 'അമ്മ'യ്ക്കയച്ച കത്തിന്റെ പൂർണ്ണരൂപം ചുവടെ:

ജനറൽ സെക്രട്ടറി അമ്മ

തിരുവനന്തപുരം

സർ,

കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ്‌ നൽകാതെയും, എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്‌ലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി അതിൽ അമ്മ ഭാരവാഹികൾക്കും, സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.

എന്നാൽ ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയിൽപെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും, ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുo വരെ ഒരു സംഘടനയുടെയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

'ഫിയോക്ക്' എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പ് ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു.

അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട്,

ദിലീപ്
28/06/18
ആലുവ




Share this News Now:
  • Google+
Like(s): 142