28 June, 2018 09:18:40 PM
വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വിവാഹമോചനം: യുവാവ് അറസ്റ്റില്‍
ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചുവെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചു

കോട്ടയം: ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചുവെന്ന് വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വിവാഹമോചനം നേടിയ യുവാവ് അറസ്റ്റില്‍. കോട്ടയം കാഞ്ഞിരം കൊങ്ങാട്ടു ബംഗ്ലാവില്‍ ഗോപിനാഥന് നായരുടെ മകന് മഹേശ് (43) ആണ് ഏറ്റുമാനൂര്‍ പോലീസിന്റെ പിടിയിലായത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം.
മംഗലാപുരത്ത് ഒരു ആശുപത്രിയില്‍ എക്സ്-റേ ടെക്നീഷ്യനായിരുന്ന മഹേശ് ഇതേ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായിരുന്ന മംഗലാപുരം സ്വദേശിനി ശോഭ എന്ന യുവതിയുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് ഇവര്‍ വിവാഹിതരാവുകയും ചെയ്തു. 2009ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് എട്ട് വയസുള്ള ഒരു കുട്ടിയുമുണ്ട്.
ഇതിനു ശേഷം കൊല്ലം സ്വദേശിയായ ഒരു യുവാവിനെ യുവതി വിവാഹം കഴിച്ചതായി വ്യാജരേഖയുണ്ടാക്കിയ മഹേശ് വിവാഹമോചനത്തിന് അപേക്ഷിച്ചു. തിരുവനന്തപുരം കോര്പ്പറേഷന് ഓഫീസില്‍ നിന്നാണ് ഭാര്യയുടെയും കൊല്ലം സ്വദേശിയുടെയും വിവാഹസര്‍ട്ടിഫിക്കറ്റ് മഹേശ് നേടിയെടുത്തത്. ഇരുവരുടെയും വിവാഹഫോട്ടോയും ഇയാള്‍ തയ്യാറാക്കിയിരുന്നു. അതേസമയം കൊല്ലം സ്വദേശി ഇതൊന്നും അറിഞ്ഞിരുന്നുമില്ല.
വ്യാജരേഖകളുമായി ഏറ്റുമാനൂര്‍ കുടുംബകോടതിയെ സമീപിച്ച ഇയാള്‍ക്ക് വിവാഹമോചനം ലഭിക്കുകയും ചെയ്തു. കൊല്ലം സ്വദേശിയെ താന്‍ അറിയില്ലെന്നും ഇയാളെ വിവാഹം ചെയ്തിട്ടില്ലെന്നും കാട്ടി യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് കോടതി ഇടപെട്ട് നടത്തിയ അന്വേഷണത്തില്‍ മഹേശ് കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി തെളിഞ്ഞു. 2015ലാണ് മഹേശ് വിവാഹമോചനം നേടിയത്. തന്നെ വഞ്ചിച്ച ഭര്‍ത്താവിനോടൊപ്പം പോകാന്‍ താന്‍ തയ്യാറല്ലെന്നും ശോഭന കോടതിയെ ധരിപ്പിച്ചു.
കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് കഴിഞ്ഞ ദിവസം മഹേശ് കോട്ടയത്തുനിന്നും പിടിയിലായത്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്ത് കോട്ടയം സബ് ജയിലിലേക്കയച്ചു.