28 June, 2018 03:25:23 PM


ലോകകപ്പ് പരാജയം: ആരാധകരുടെ ഭീഷണി, ഇറാന്‍ താരം വിരമിച്ചു

ഇറാന്‍ ഫുട്‌ബോളിലെ യുവതാരം സര്‍ദാര്‍ അസ്മൗനാണ് വിരമിച്ചത്




മോസ്കോ: ലോകകപ്പ് പരാജയത്തെ തുടര്‍ന്ന് ആരാധകരുടെ ഭീഷണി ഇറാന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ പ്രതീക്ഷയായ യുവതാരം സര്‍ദാര്‍ അസ്മൗന്‍ വിരമിച്ചു. ലോകകപ്പ് അവസാന രണ്ട് മത്സരങ്ങളില്‍ അസ്മൗന്‍ മികച്ചു നിന്നു എങ്കിലും ഇറാന്‍ ആരാധകര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി താരത്തിന് വധഭീഷണി വരെ മുഴക്കിയിരുന്നു. ഇറാന്‍ ഗ്രൂപ്പ് ഘട്ടം കടക്കാത്തതും അതിന്റെ വിമര്‍ശനങ്ങളും തന്റെ മാതാവിനെ തളര്‍ത്തിയെന്ന് പറഞ്ഞാണ് അസ്മൗന്‍ ഇപ്പോള്‍ വിരമിച്ചിരിക്കുന്നത്.


ശക്തമായ വിമര്‍ശനങ്ങളായിരുന്നു 23കാരനായ താരം ഇറാന്‍ ആരാധകരില്‍ നിന്ന് നേരിടേണ്ടി വന്നത്. ഈ ചെറിയ പ്രായത്തില്‍ തന്നെ ഇറാന്‍ ഫുട്‌ബോളിന്റെ മുഖമായി അസ്മൗന്‍ മാറിയിരുന്നു. കാര്‍ലോസ് കൂരസിന്റെ ഡിഫന്‍സീവ് ടാക്ടിക്‌സില്‍ കളിച്ചിട്ടും 36 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകള്‍ ഇറാനായി നേടാന്‍ താരത്തിനായി. റൂബിന്‍ കസാനിന്റെ താരമായ അസ്മൗന്‍ ഇനി ക്ലബ് ഫുട്‌ബോളില്‍ മാത്രമെ ഉണ്ടാകു എന്നാണ് പറയുന്നത്. അലി റെസയെ പോലുള്ള താരങ്ങള്‍ നേരത്തെ അസ്മൗനെതിരായി വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു.


ഈ താരങ്ങളൊക്കെ ഇടപെട്ട് അസ്മൗന്റെ വിരമിക്കല്‍ തീരുമാനം മാറ്റുമെന്നാണ് ഇറാന്‍ ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നാല് മാസങ്ങള്‍ക്ക് അപ്പുറം ഏഷ്യാ കപ്പ് വരാനിരിക്കെ അസ്മൗന്റെ വിരമിക്കല്‍ ഇറാന്‍ ഫുട്‌ബോളിന് തന്നെ വലിയ തിരിച്ചടിയാകും. കഴിഞ്ഞ ദിവസം മറ്റൊരു സ്‌ട്രൈക്കറായ റേസ ഗൂചെന്ന്ഹാദും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 23