26 June, 2018 08:19:00 PM


കെവിൻ വധം: സിബിഐ അന്വേഷണം വേണമെന്ന് പ്രതിഭാഗം

ചാക്കോയുടെ ജാമ്യാപേക്ഷയിൽ തീരുമാനം ഇന്ന്





ഏറ്റുമാനൂർ: കെവിൻ വധക്കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ. കെവിനോടൊപ്പം ആക്രമിക്കപ്പെട്ടുവെന്ന് പറയുന്ന ബന്ധു അനീഷിന്‍റെ മൊഴികളില്‍ ഒട്ടേറെ വൈരുദ്ധ്യമുള്ളത് ചൂണ്ടികാട്ടിയാണ് പ്രതിഭാഗം ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസിലെ അഞ്ചാം പ്രതി ചാക്കോ ജോണി (59) ന്‍റെ ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടയില്‍ പ്രതിഭാഗം അഭിഭാഷകൻ അഡ്വ.വിനോദ്കുമാര്‍ ഇത് ചൂണ്ടികാട്ടി. ചാക്കോയുടെ ജാമ്യാപേക്ഷയിൽ കോടതി  ബുധനാഴ്ച വിധി പറയും.

കെവിന്‍റെത് അപകട മരണമാണ്. മുങ്ങിമരണമൊണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇത് കൊലപാതകമാക്കാനുള്ള കഥകള്‍ മെനയുകയാണ് പോലീസ് ചെയ്യുന്നത്. കെവിനോടൊപ്പമുണ്ടായിരുന്ന ബന്ധു അനീഷിനെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിലവിലുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. അനീഷ് പോലീസിന് മുന്നില്‍ പറഞ്ഞ മൊഴികളും ചാനലുകള്‍ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞതും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. മാത്രമല്ല പ്രതികള്‍ ഒമ്പത് മണിക്ക് ഇറക്കിവിട്ടുവെന്ന് പറയുന്ന അനീഷ് പ്രശ്നം രൂക്ഷമാകുമെന്ന് കണ്ടതിനെ തുടര്‍ന്ന് കഥകള്‍ മെനഞ്ഞ് രംഗത്ത് വരികയായിരുന്നുവെന്നും പ്രതിഭാഗം പറയുന്നു.

നീനുവിനെ രക്ഷാകര്‍ത്താക്കളുടെ അടുത്തേക്ക് മടക്കി കൊണ്ടുവരാൻ അനിഷ് സമ്മതിച്ചിരുന്നു. ഇതിന് കെവിന് രണ്ട് ലക്ഷം രൂപയും അനീഷിന് 50000 രൂപയും കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ അനീഷിന് മൂവായിരം രൂപ പ്രതികള്‍ ഇയാളെ തിരിച്ചിറക്കി വിട്ടപ്പോള്‍ നല്‍കിയെന്നും പറയുന്നു. അനീഷിന്‍റെ വീട്ടിലെ നാശനഷ്ടം സംബന്ധിച്ച് അറിയില്ലന്നും പ്രതിഭാഗം വാദിച്ചു. നേരത്തെ മകൾ നീനുവിന് മാനസീക രോഗമുണ്ടന്നും രേഖകൾ ഹാജരാക്കാൻ അനുവദിക്കണമെന്നുമുള്ള അപേക്ഷയിൽ പ്രതിയുടെ തെന്മലയിലെ വീട്ടിൽ നിന്നും ചികിത്സാ രേഖകൾ കണ്ടെടുക്കുന്നതിന് കോടതി അനുമതി നൽകിയിരുന്നു.

എന്നാൽ പോലീസിന്‍റെയും അഭിഭാഷകരുടെയും സാന്നിധ്യത്തിൽ നടന്ന പരിശോധനയിൽ രേഖകളൊന്നും കണ്ടെത്തിയില്ല. പിന്നീട് പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കപ്പെട്ട മാതാവ് രഹ്ന വീട്ടിലെത്തിയ ശേഷം ചാക്കോയുടെയും  നീനുവിന്‍റെയും ചികിത്സാരേഖകളില്‍ ഏതാനും ചിലത് തപ്പിയെടുക്കുകയും അവ ഇന്ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. അതേസമയം നീനു തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സ തേടിയതിന്‍റെ രേഖകള്‍ക്കായി കോടതി നിര്‍ദ്ദേശപ്രകാരം ആശുപത്രിയെ സമീപിക്കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി.  



Share this News Now:
  • Google+
Like(s): 123