25 June, 2018 11:05:53 PM
ഭക്ഷ്യ ഭദ്രതയ്ക്കായി വനിതകള്‍ മുന്നിട്ടിറങ്ങണം: മന്ത്രി മേഴ്സിക്കുട്ടിയമ്മ
കാര്‍ഷിക മേഖലയില്‍ കുടുംബശ്രീയുടെ നേട്ടങ്ങള്‍ രാജ്യത്തിന് മാതൃക

കൊല്ലം: പാലും മുട്ടയും പച്ചക്കറിയുമൊക്കെ വീട്ടുമുറ്റത്ത് തന്നെ ഉല്പാദിപ്പിച്ച് കേരളത്തെ സ്ഥിരമായ പുരോഗതിയിലേക്ക് നയിക്കാന്‍ വനിതകള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പും, കെ.എല്‍.ഡി. ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച വനിത സംരഭകത്വ സെമിനാര്‍ നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ വീട്ടമ്മമാരുടെ ഏറ്റവും വലിയ ഔപചാരിക കൂട്ടായ്മയാണ് കുടുംബശ്രീ. കാര്‍ഷിക മേഖലയില്‍ കുടുംബശ്രീ കൈവരിച്ച നേട്ടങ്ങള്‍ ഇന്നും രാജ്യത്തിന് മാതൃകയാണ്. പുതിയ സംരംഭങ്ങള്‍ ധൈര്യപൂര്‍വ്വം ഏറ്റെടുക്കുവാന്‍ കേരളത്തിലെ വീട്ടമ്മമാര്‍ പ്രാപ്തരാണെന്നും അതിന് മുന്നിട്ടിറങ്ങുന്നവര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൃഗസംരക്ഷണ മേഖലയിലെ പുതുസംരംഭങ്ങളായ ബ്രോയ്ലര്‍ ആടു വളര്‍ത്തല്‍, മട്ടുപ്പാവിലെ മുട്ടക്കോഴി വളര്‍ത്തല്‍, തടാകം വേണ്ടാത്ത താറാവ് വളര്‍ത്തല്‍, ഹൈഡ്രോപോണിക്സ് തീറ്റപ്പുല്‍ നിര്‍മ്മാണം, കാട-പച്ചക്കറി സംയോജിത കൃഷി, ബ്രോയ്ലര്‍ കേരള ചിക്കന്‍ തുടങ്ങി വിവിധ മാതൃകകള്‍ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ അവതരിപ്പിക്കുന്ന സെമിനാര്‍ രാവിലെ 10ന് ആരംഭിച്ചു. 300 ഓളം വനിതകള്‍ പങ്കെടുത്തു. സെമിനാര്‍ ഡോ. ബി. അജിത്ബാബു, ഡോ. ഡി. ഷൈന്‍കുമാര്‍ എന്നിവര്‍ നയിച്ചു. പങ്കെടുത്തവര്‍ക്ക് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന് കൗണ്‍സില്‍ നല്കിയ വിത്തു പായ്ക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്കര്‍ അദ്ധ്യക്ഷനായിരുന്നു.