25 June, 2018 08:48:11 PM


രാജ്യസഭാ സീറ്റ്: സുധീരനെതിരെ തുറന്നടിച്ച്‌ കെ.എം മാണി

വി.എം സുധീരന്‍റേത് പാര്‍ട്ടി നിലപാടല്ലെന്ന് എം.എം.ഹസന്‍




തിരുവനന്തപുരം: രാജ്യസഭാ വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനേയും യു.ഡി.എഫിനെയും വിമര്‍ശിച്ച മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ മുന്നണി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. കെ.എം മാണി അടക്കമുള്ള നേതാക്കള്‍ തുറന്നടിച്ചാണ് സുധീരനെതിരെ സംസാരിച്ചത്.

തന്നെ സുധീരന്‍ ഒരു ചാഞ്ചാട്ടക്കാരനായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുവെന്നും സുധീരന്‍ യോഗത്തിന് വന്നിരുന്നുവെങ്കില്‍ താന്‍ ഇത് മുഖത്ത് നോക്കി ചോദിക്കുമായിരുന്നുവെന്നും കെ.എം മാണി പറഞ്ഞു. അതേസമയം സുധീരനെ തള്ളുന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ സ്വീകരിച്ചത്. വി.എം സുധീരന്റേത് പാര്‍ട്ടി നിലപാടല്ലെന്നും അത് താന്‍ പറഞ്ഞിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു. 

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടായ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ലെന്നും അതിനെ ന്യായീകരിക്കുന്നവര്‍ക്ക് ഒപ്പം ഇരിക്കാനില്ലെന്നും വ്യക്തമാക്കി യു.ഡി.എഫ് യോഗം വി.എം സുധീരന്‍ ബഹിഷ്‌കരിച്ചിരുന്നു. മുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം മാണി പങ്കെടുത്ത യു.ഡി.എഫ് യോഗവും സുധീരന്‍ നേരത്തെ ബഹിഷ്‌കരിച്ചിരുന്നു. യു.ഡി.എഫിന് എതിരായ മുന്‍ പരാമര്‍ശങ്ങളില്‍ മാപ്പ് പറയാന്‍ മാണി തയ്യാറാകണം എന്നും സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.



Share this News Now:
  • Google+
Like(s): 150