25 June, 2018 01:09:39 PM


സ്കൂട്ടറില്‍ ഇന്ധനം നിറയ്ക്കാന്‍ പമ്പിലേക്ക് കയറിയ യുവതി കാറിടിച്ച് മരിച്ചു

കാണക്കാരി പുതുപ്പറമ്പില്‍ രജനി ആണ് മരിച്ചത്




ഏറ്റുമാനൂര്‍: സ്കൂട്ടറില്‍ ഇന്ധനം നിറയ്ക്കാനായി പെട്രോള്‍ പമ്പിലേക്ക് കയറിയ സ്കൂട്ടര്‍ യാത്രക്കാരി കാറിടിച്ച് മരിച്ചു. കാണക്കാരി പുതുപ്പറമ്പില്‍ രമണന്‍ - രാധ ദമ്പതികളുടെ മകളും കുമരകം സ്വദേശി അനീഷിന്‍റ ഭാര്യയുമായ രജനി (ചക്കര - 32) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30 മണിയോടെ കുറവിലങ്ങാടിനു സമീപം എം.സി.റോഡില്‍ കാളികാവിലായിരുന്നു അപകടം.

കാളികാവിലെ പെട്രോള്‍പമ്പില്‍ ഇന്ധനം നിറയ്ക്കാനായി എത്തിയതാണ് രജനി. റോഡില്‍ നിന്നും വലതുവശത്തുള്ള പമ്പിലേക്ക് തിരിയവെ പിന്നില്‍ നിന്നും എത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രജനിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണമടഞ്ഞു. 

സഹോദരിയുടെ കുട്ടിയുടെ പേരിടീല്‍ ചടങ്ങിന് മുന്നോടിയായി വെമ്പള്ളി ദേവീക്ഷേത്രത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയ ശേഷമാണ് രജനി പെട്രോള്‍ പമ്പിലേക്ക് പോയത്. കുട്ടിയെ ധരിപ്പിക്കാന്‍ ക്ഷേത്രത്തില്‍  നിന്നും വാങ്ങിയ നൂലും രജനിയുടെ കൈവശമായിരുന്നു. അപകടത്തെതുടര്‍ന്ന് പേരിടീല്‍ ചടങ്ങ് മാറ്റിവെച്ചു. കുറവിലങ്ങാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മ‍തദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രജനിയുടെ ഭര്‍ത്താവ് അനീഷ് സൗദിയിലാണ്. മൂന്ന് വയസുള്ള ആദിദേവ് മകനാണ്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് സഹോദരി രജ്മിയുടെ വയലായിലുള്ള വീട്ടുവളപ്പില്‍.



Share this News Now:
  • Google+
Like(s): 1484