24 June, 2018 09:38:18 PM


ബിഗ് ബോസ് മലയാളം തുടങ്ങി; മോഹന്‍ലാലിനൊപ്പം പതിനാറ് പേര്‍

ഷോയില്‍ ശ്വേതയും ശ്രീലക്ഷ്മിയും അരിസ്റ്റോ സുരേഷും പേളിയും
മലയാളികള്‍ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. വിവിധ മേഖലകളില്‍ നിന്നും പതിനാറ് പേരുമായി മലയാളം ബിഗ് ബോസ് ആരംഭിച്ചിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ഷോ ആയതുകൊണ്ടു തന്നെ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ഈ പ്രോഗ്രാമിനായി കാത്തിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളം ബിഗ് ബോസ് മുംബൈ ഫിലിംസിറ്റിയില്‍ നിന്നുമാണ് ചിത്രീകരണം നടത്തുന്നത്.


തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30 നും ശനി ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിയ്ക്കുമാണ് പ്രോഗ്രാം പ്രക്ഷേപണം നടത്തുന്നത്. കണ്ണുകെട്ടിയാണ് ബിഗ് ബോസ് ഹൗസിലേക്കുള്ള വരവ്. പച്ചപ്പും നീന്തല്‍കുളവുമെല്ലാമുള്ള നല്ല മനോഹരമായ ഒരു വീട്. വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. 60 ക്യാമറകള്‍ വീടിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.


ബിഗ് ബോസിലെ ഏറ്റവും പ്രധാനപ്പെട്ട നിയമാവലിയില്‍ ഒന്നാണ് മലയാളം മാത്രം സംസാരിക്കണമെന്നത്. മോഹന്‍ലാല്‍ ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോഴെങ്കിലും ചിരിപ്പിക്കുന്നുണ്ട്. ഭക്ഷണത്തിനായി വിശാലമായ ഡൈനിങ് ഹാള്‍. പങ്കെടുക്കുന്ന പതിനാറു പേര്‍ക്കുമായി ആകെ പത്ത് സീറ്റുകള്‍ മാത്രമേയുള്ളൂ. എന്തായിരിക്കും അതിനു കാരണമെന്ന് കാത്തിരുന്നു കാണാം. ഓപ്പണ്‍ കിച്ചനാണ്. ഭക്ഷണമൊരുക്കാനുള്ള എല്ലാ സൗകര്യവും ഇതിലുണ്ട്. ബോയിങ് ബോയിങിലെ പ്രസിദ്ധമായ നര്‍മരംഗം ഓര്‍മിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ വിവരണം തുടര്‍ന്നത്. അംഗങ്ങള്‍ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കണം.നോരോലാക്കാണ് ബിഗ് ബോസ്സിന്റെ വീട്ടിലെ കലവറ. പതിനാറ് പേര്‍ക്ക് നൂറു ദിവസം ജീവിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പക്കച്ചറികളും പഴ വര്‍ഗ്ഗങ്ങളും അരിയും ഗോതമ്ബും പരിപ്പും ഉള്ള വിശാലമായ ഒരു കലവറ. ബെല്ലടിച്ചാല്‍ പുറത്തു പോകണമെന്ന കണ്ടീഷനുണ്ട്. ചായപ്പൊടിയും പഞ്ചസാരയും എടുത്ത് അടുക്കളയിലെത്തിയ മോഹന്‍ലാലിന് ബിഗ് ബോസ്സിന്റെ കോള്‍ വന്നു. കണ്‍ഫെഷന്‍ റൂമിലേക്ക് ചെല്ലാന്‍. മോഹന്‍ ലാല്‍ ചായപ്പൊടിയ്ും പഞ്ചസാരയും കൊണ്ടു കണ്‍ഫെഷന്‍ റൂമിലേക്ക് പോകുന്നു. മനസ്സില്‍ കുറ്റ ബോധം തോന്നിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.. എന്ന ഡയലോഗ് മോഹന്‍ലാല്‍ അനുസ്മരിക്കുന്നു.


ബിഗ് ബോസ്സിലെ എല്ലാ കാര്യങ്ങളും അതിന്റെ നിയമാവലി അനുസരിച്ചാണ് നീങ്ങുന്നത്. അത് അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. മിസ്റ്റര്‍ മോഹന്‍ലാല്‍ താങ്കള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചിരിക്കുന്നു. എന്ന നിര്‍ദ്ദേശമാണ് ബോസ് നല്‍കിയത്.


ഉറങ്ങുന്നതിനായി ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം സ്ഥലമാണ് ഒരുക്കിയിട്ടുള്ളത്.. മനോഹരമായ അലങ്കരിച്ച ബെഡ് റൂമുകളാണ്. ഇരുട്ടിലും പ്രവര്‍ത്തിക്കുന്ന ക്യാമറകളാണ് ബെഡ് റൂമിലുള്ളത്. വലിയൊരു ടിവിയാണ് സ്വീകരണ മുറിയില്‍ ഒരുക്കിയിട്ടുള്ളത്. എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. മനോഹരമായി അലങ്കരിച്ച ഇരിപ്പിടങ്ങളാണ്.കുളിമുറി. തീര്‍ത്തും രാജകീയം. കുളിയ്ക്കാനും പ്രഭാതകര്‍മങ്ങള്‍ ചെയ്യാനും വിശാലമായ ഏരിയ. പക്ഷേ, പതിനാറു പേര്‍ക്കുമായി രണ്ടു ബാത്ത് റൂം രണ്ടും ടോയ്‌ലറ്റും മാത്രമേയുള്ളൂ. ക്യാമറയില്ലാത്ത രണ്ടേ രണ്ടു സ്ഥലങ്ങള്‍ ഇതാണ്.


60 ക്യാമറകളില്‍ നിന്നുള്ള കാഴ്ചകള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക സൗകര്യം ഒരുക്കിയിരിക്കുന്ന പ്രത്യേകം മുറിയും മോഹന്‍ലാല്‍ പരിചയപ്പെടുത്തി. ഇനി ചെറിയ കാര്യങ്ങളില്ല. വലിയ കാര്യങ്ങള്‍ മാത്രം.ശ്വേതാ മേനോന്‍: നല്ലൊരു ഇന്‍ട്രോയോടെയാണ് മോഹന്‍ലാല്‍ ശ്വേതയെ അവതരിപ്പിച്ചത്. ശ്വേതയുടെ കുടുംബത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇന്‍ട്രോ. അതിനു ശേഷം ശ്വേതയുടെ ഒരു നൃത്തപരിപാടിയും. അതേ ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ അംഗം ശ്വേതാ മേനോന്‍.


സീരിയല്‍ താരം ദീപന്‍ മുരളി: ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ദീപന്‍ മുരളിയെയാണ് മോഹന്‍ലാല്‍ രണ്ടാമതായി വിളിച്ചത്. ദീപന്റെയും ഒരു ഡാന്‍സുണ്ടായിരുന്നു. പരിണയം എന്ന സീരിയലിലൂടെയായിരുന്നു ദീപന്റെ അരങ്ങേറ്റം. നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം തുടങ്ങിയ സീരിയലുകളിലെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. സൂരയാടല്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട താരമാണ്. കല്യാണം കഴിഞ്ഞിട്ട് 58 ദിവസം മാത്രമേ ആയിട്ടുള്ളൂ. മായയാണ് ഭാര്യയുടെ പേര്.ശ്രീലക്ഷ്മി: ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയാണ് മൂന്നാമതായെത്തിയത്. പിതാവ് ജഗതിയുടെ അനുമതിയോടെ തന്നെയാണ് പരിപാടിക്കെത്തിയതെന്ന് ശ്രീലക്ഷി അറിയിച്ചു. പഠനശേഷം ശിഫാ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനാലായിരുന്നു കുറച്ചു കാലം രംഗത്തു നിന്നു വിട്ടു നിന്നതെന്ന് താരം അറിയിച്ചു. അവതാരകയായും നായികയായും ഒരു കൈ നോക്കിയതിനുശേഷമായിരുന്നു ശ്രീലക്ഷ്മി ഗള്‍ഫിലേക്ക് പറന്നത്. ചെറിയൊരു മഴയുണ്ട്. കുടനിവര്‍ത്തി ശ്രീലക്ഷ്മി വീട്ടിലേക്ക് പ്രവേശിക്കുന്നു. ശ്വേതയും ദീപനും ലക്ഷ്മിയെ സ്വാഗതം ചെയ്യുന്നു. ശ്വേത വീട്ടിലെ കാര്യങ്ങള്‍ പരിചയപ്പെടുത്തുന്നു.


ശ്രീനിഷ് അരവിന്ദന്‍: നെഞ്ചോട് ചേര്‍ത്ത് പാട്ടൊന്നു പാടാം.. പാട്ടിന്റെ ഈണം നീയാണ്.. എന്ന നൃത്തവുമായിട്ടായിരുന്നു സീരിയല്‍ താരം ശ്രീനിഷ് അരവിന്ദന്റെ വരവ്. പ്രണയം എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലെത്തിയത്. ഉയിര്‍ എഴുത്ത് എന്ന തമിഴ് ഷോര്‍ട്ട് ഫിലിമിലൂടെയായിരുന്നു തുടക്കം. കല്യാണം കഴിച്ചിട്ടില്ല. ഒരു തമിഴ്ച്ചുവയുള്ള സംസാരമാണ് ശ്രീനിഷ്.ഹിമ ശങ്കര്‍: സിനിമാ-നാടക നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഹിമ ശങ്കര്‍. സൂഫി പറഞ്ഞ കഥ, യുഗപുരുഷന്‍, അപൂര്‍വരാഗം, സീനിയേഴ്‌സ്, തല്‍സമയം ഒരു പെണ്‍കുട്ടി, ഇയോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമുകളിലൂം നാടകങ്ങളിലും ഏറെ ശ്രദ്ധേയയാണ്. തൃശൂരാണ് സ്വദേശം. മുടി ക്രോപ്പ് ചെയ്താണ് ഹിമ എത്തിയിട്ടുള്ളത്. ലാല്‍ ഇതിനെ കുറിച്ച്‌ ചോദിക്കുകയും ചെയ്തു. ഒരു ചെയ്ഞ്ചിനു വേണ്ടിയാണ് ഇതെന്നായിരുന്നു ഹിമയുടെ മറുപടി.


അരിസ്റ്റോ സുരേഷ് : അരിസ്‌റ്റോ എന്നത് ബ്രാന്‍ഡിന്റെ പേരല്ല.. സ്ഥലത്തിന്റെ പേരാണെന്ന് സുരേഷ്. മുത്തേ പൊന്നേ കരയല്ലേ എന്ന ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ പാട്ടിലൂടെയാണ് മലയാളികളുടെ ഹൃദയം കീഴടക്കിയത്. പാട്ട് എഴുതുകയും ഈണം നല്‍കുകയും പാടുകയും ചെയ്യുമെന്നതാണ് സുരേഷിന്റെ ഏറ്റവും വലിയ പ്രത്യേകത.


ദിയാ സന : സാമൂഹ്യ പ്രവര്‍ത്തകയായ ദിയാ സനയാണ് അടുത്തതായെത്തിയത്. സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ കൂടി വരുന്നതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ളയാളായിരുന്നു ഇവര്‍. കിസ്സ് ഓഫ് ലവ് പ്രക്ഷോഭത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാറു തുറക്കല്‍ സമരത്തിലൂടെ സദാചാര വാദികളുടെ ശക്തമായ സോഷ്യല്‍മീഡിയ ആക്രമണത്തിന് വിധേയയായിരുന്നു.അതിഥി റായി : ശിര്‍ക്, അന്യര്‍ക്ക് പ്രവേശനമില്ല, മൈസൂര്‍ 150 കിലോമീറ്റര്‍, പ്രജാപതി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരം. കന്നഡ മൂവിയ്ക്കു വേണ്ടി പേരു മാറ്റുകയായിരുന്നു. ഏഴ് ഭാഷകളറിയാം. അച്ഛന്‍ മലയാളിയാണ്. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അനവധി ആല്‍ബങ്ങളിലൂടെയും സീരിയലുകളിലൂടെയും പ്രശസ്തനാണ്.


പേളി മാണി : അവതാരകയും നടിയും മോഡലുമായ പേളിമാണിയാണ് അടുത്തെത്തിയത്. പേളി മാണിക്ക് ഈ ഷോയില്‍ പങ്കെടുക്കാന്‍ നല്ല ഭയമായിരുന്നു. പേടിച്ച്‌ പിന്‍വാങ്ങരുതെന്ന പിതാവിന്റെ നിര്‍ദ്ദേശത്തിനു വഴങ്ങി ഒടുവില്‍ എത്തുകയായിരുന്നു. ഒരു ബുള്ളറ്റുമായാണ് പേളി സ്റ്റേജിലെത്തിയത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്.


ബഷീര്‍ ബഷി: രണ്ടു ഭാര്യമാരുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സുന്ദരിപ്പെണ്ണേ എന്ന ഗാനവുമായിട്ടായിരുന്നു ബഷീറിന്റെ വരവ്. രണ്ട് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പൊതു സമൂഹത്തിന് മുന്നില്‍ ഒരു മോശം അഭിപ്രായം ഉണ്ട്. അതു മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് ബഷീര്‍ പറഞ്ഞു.


മനോജ് കെ വര്‍മ: ബാംഗ്ലൂര്‍ സ്വദേശിയാണ്. ക്രിക്കറ്റ് താരമാണ്. ആറോളം കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബിസിനസ് ചെയ്യുന്നു. പരിചയപ്പെടുത്തിയതിനു ശേഷം മനോജിന്റെ ആഗ്രഹം പറഞ്ഞത് കരഘോഷത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. മനോജിന് മോഹന്‍ലാലിനെ ഒന്നു കെട്ടിപ്പിടിക്കണം. അങ്ങനെ മനോജും അതിഥികളുടെ കൂട്ടത്തിലേക്ക്.
Share this News Now:
  • Google+
Like(s): 434