24 June, 2018 08:54:45 PM
പനാമക്കെതിരെ മിന്നും വിജയം സ്വന്തമാക്കി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍
എട്ടാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ജോണ്‍ സ്റ്റോണ്‍സാണ് വെടിക്കെട്ട് തുടങ്ങി വെച്ചത്

മോസ്കോ: വന്‍ താരനിരയുമായി വന്ന് ലോകകപ്പിന്റെ വലിയ വേദിയില്‍ തകരുന്ന ഇംഗ്ലണ്ടിന്റെ ചീത്തപ്പേര് മായ്ച്ചു കളയുന്നതിന് തുടക്കം കുറിച്ച് ഹാരി കെയ്നും സംഘവും. ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പനാമക്കെതിരെ പോരിനിറങ്ങിയ ഇംഗ്ലീഷ് സംഘം ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് മിന്നും വിജയം സ്വന്തമാക്കി പ്രീക്വാര്‍ട്ടറിലേക്കുള്ള പ്രവേശനം ഗംഭീരമാക്കി.
ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍ ഹാട്രിക് തികച്ചപ്പോള്‍ ജോണ്‍ സ്റ്റോണ്‍സ് രണ്ടു ഗോളും ജെസെ ലിങ്കാര്‍ഡ് ഒരു ഗോളും സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ പോരിനിറങ്ങിയ ഇംഗ്ലീഷ് പട യഥാര്‍ഥത്തില്‍ പനാമയെ ഗോള്‍ മഴയില്‍ മുക്കുകയായിരുന്നു. എട്ടാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ വലയിലെത്തിച്ച് ഡിഫന്‍ഡര്‍ ജോണ്‍ സ്റ്റോണ്‍സാണ് വെടിക്കെട്ട് തുടങ്ങി വെച്ചത്.
ഇതിന് ശേഷം ആക്രമിച്ച് കളിച്ച ഇംഗ്ലണ്ടിന്റെ ജെസെ ലിങ്കാര്‍ഡിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി 22-ാം മിനിറ്റില്‍ നായകന് ഹാരി കെയ്നും അനായാസമായി ഗോളാക്കി മാറ്റിയോതടെ ഇംഗ്ലീഷ് പടയുടെ നയം വ്യക്തമാക്കി. പിന്നീട് ഒരു ഘട്ടത്തില്‍ പോലും താളം കണ്ടെത്താന്‍ പനാമയ്ക്ക് സാധിച്ചില്ല. 36-ാം മിനിറ്റിലാണ് മത്സരത്തിലെ ഏറ്റവും സുന്ദരമായ ഗോള്‍ പിറന്നത്.
36-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്ന് ജെസെ ലിങ്കാര്‍ഡ് തൊടുത്ത് വിട്ട ഷോട്ട് പനാമ ഗോള്‍കീപ്പറെ നിരായുധനാക്കി വലയിലേക്ക് ചാഞ്ഞിറങ്ങി. അവിടെയും ഒന്നും അവസാനിപ്പിക്കാന്‍ കെയ്നും കൂട്ടരും തയാറായിരുന്നില്ല. 40-ാം മിനിറ്റില്‍ ലഭിച്ച ഫ്രികിക്കില്‍ നിന്നുള്ള അവസരം മുതലാക്കി സ്റ്റോണ്‍സ് ഗോളാക്കി മാറ്റിയതോടെ പനാമ തകര്‍ന്നു. ഇത് മുതലാക്കി ആക്രമിച്ച ഇംഗ്ലണ്ടിനെ തടയാന്‍ പരുക്കന്‍ അടവുകള്‍ അവര്‍ പ്രയോഗിച്ചു.
ഇതോടെ കോര്‍ണറില്‍ കെയ്നെ തടയാനുള്ള ശ്രമത്തില്‍ വീണ്ടും ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. നായകന് അതും പിഴയ്ക്കാതിരുന്നതോടെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുന്നില്‍. രണ്ടാം പകുതിയിലും കാര്യങ്ങള്‍ വലിയ മാറ്റമൊന്നുമുണ്ടായില്ല. പക്ഷേ, ആദ്യ ലോകകപ്പിനെത്തിയ പനാമ ആത്മവിശ്വാസം തിരിച്ചു പിടിച്ചതോടെ കളി അല്പം മുറകി.
ചില മികച്ച നീക്കങ്ങള്‍ പനാമയുടെ ഭാഗത്ത് നിന്നും ഇംഗ്ലീഷ് ഗോള്‍ മുഖം ലക്ഷ്യമാക്കി എത്തി. എന്നാല്‍, അധികം വെെകാതെ ഇംഗ്ലണ്ട് തങ്ങളുടെ ആറാമത്തെ ഗോളും സ്വന്തമാക്കി. 62-ാം മിനിറ്റില്‍ ലോഫ്റ്റസ് ചീക്കിന്റെ ഗോള്‍ ലക്ഷ്യമാക്കിയ ഷോട്ട് ഹാരി കെയ്ന്റെ പിന്കാലില് തട്ടി വലയില്‍ കയറി.
ഇതിനും പിന്നാലെ കെയ്നെയും ലിങ്കാര്ഡിനെയും സൗത്ത്ഗേറ്റ് പിന്‍വലിച്ചു. ഏറെ പിന്നിലായിട്ടും പൊരുതിയ പനാമ 78-ാം മിനിറ്റിലാണ് അവരുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോള്‍ പേരില്‍ കുറിച്ചത്. റിക്കാര്‍ഡോ അവില തൊടുത്ത ഫ്രികിക്കില്‍ സ്ലെെഡ് ചെയ്തു വന്ന ഫിലിപ്പെ ബെലോയ് ജോര്‍ദാന്‍ പിക്ക്ഫോര്‍ഡിനെ മറികടന്ന് വല ചലിപ്പിച്ചു. വലിയ തോല്‍വിയിലും ആദ്യ ലോകകപ്പ് ഗോള്‍ നേടിയതിന്റെ സന്തോഷത്തില്‍ പനാമ പുറത്തേക്കും രാജകീയമായി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലേക്കും