Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

24 June, 2018 07:39:48 PM


ശുചീകരണത്തിനായി ഏറ്റുമാനൂരിലെ മത്സ്യമാര്‍ക്കറ്റ് രണ്ട് ദിവസം അടച്ചിടും

അറിഞ്ഞിട്ടില്ലെന്ന് കൗണ്‍സിലര്‍; ചട്ടവിരുദ്ധമെന്ന് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ മത്സ്യമാര്‍ക്കറ്റ് രണ്ട് ദിവസം അടച്ചിടും.  ശുചീകരണത്തിനായി ജൂണ്‍ 30ന് അടയ്ക്കുന്ന മാര്‍ക്കറ്റ് ജൂലൈ മൂന്നിനാണ് തുറക്കുക. ടൈലുകള്‍ പൊട്ടിപൊളിഞ്ഞ് മത്സ്യാവശിഷ്ടങ്ങള്‍ ചിതറി കിടക്കുന്നതും മലിനജലം കെട്ടികിടക്കുന്നതും വൃത്തിയാക്കുവാനാണ് മാര്‍ക്കറ്റ് അടയ്ക്കുന്നത്. കൂടാതെ എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 12 മണിക്ക് മാര്‍ക്കറ്റ് അടയ്ക്കും. മഴക്കാലപൂര്‍വ്വശുചീകരണപദ്ധതി പ്രകാരമാണ് മാര്‍ക്കറ്റും പരിസരവും വൃത്തിയാക്കുന്നതെന്ന് ചെയര്‍മാന്‍ ജോയി മന്നാമല പറഞ്ഞു. 

നഗരസഭാ മന്ദിരത്തിന് പിന്നിലൂടെയുള്ള ഓടയില്‍ മാര്‍ക്കറ്റില്‍ നിന്നുമുള്ള അവശിഷ്ടങ്ങള്‍ കെട്ടികിടന്ന് പരിസരം ദുര്‍ഗന്ധപൂരിതമാണ്. മാര്‍ക്കറ്റിനുള്ളില്‍ നിന്നും സംസ്‌കരണ പ്ലാന്‍റിലേക്കുള്ള പൈപ്പുകളെല്ലാം മത്സ്യാവശിഷ്ടങ്ങള്‍ നിറഞ്ഞ് അടഞ്ഞതിനെതുടര്‍ന്ന് മലിനജലം നിരത്തിലൂടെ പരന്നൊഴുകുകയാണ്. മൊത്ത - ചില്ലറ മത്സ്യമാര്‍ക്കറ്റുകളിലും നഗരസഭാ ഓഫീസിന്‍റെ പരിസരത്തും സ്ഥാപിച്ചിട്ടുള്ള കാമറകള്‍ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. ഇവയെല്ലാം അടിയന്തിരമായി നന്നാക്കും. മൊത്തമാര്‍ക്കറ്റില്‍ നിന്നും മത്സ്യം എടുക്കുന്ന വ്യാപാരികള്‍ സ്വകാര്യബസ് സ്റ്റാന്റില്‍ അവശിഷ്ടങ്ങള്‍ ഇടുന്നതിനെതിരെയും നടപടികള്‍ സ്വീകരിക്കും. പകുതിയോളം വെറുതെ കിടക്കുന്ന സ്റ്റാളുകള്‍ ഉടന്‍തന്നെ ലേലം ചെയ്തു നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

തന്‍റെ വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന മാര്‍ക്കറ്റിലെ ശുചീകരണപ്രവര്‍ത്തനങ്ങളെ കുറിച്ച് തനിക്കറിയില്ലെന്ന് മുന്‍ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ പ്രതികരിച്ചു. മഴക്കാല പൂര്‍വ്വശുചീകരണത്തിനായി നീക്കിവെച്ചിട്ടുള്ള തുക മാര്‍ക്കറ്റ് വൃത്തിയാക്കാനെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

ആരോഗ്യ - ശുചീകരണപ്രവര്‍ത്തനങ്ങളില്‍  ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും സെക്രട്ടറിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് മത്സ്യമാര്‍ക്കറ്റ് ശുചീകരിക്കാനെടുത്ത തീരുമാനം. തന്നോട് ആലോചിക്കാതെ തന്‍റെ അധികാരത്തെ മറികടന്നെടുത്ത തീരുമാനത്തിനെതിരെ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസും രംഗത്തെത്തി. 

മത്സ്യമാര്‍ക്കറ്റിലെ സ്റ്റാളുകള്‍ ലേലം ചെയ്തു നല്‍കിയിരിക്കുന്നത് ശുചീകരണവും മാലിന്യസംസ്‌കരണവും സ്വന്തം ചെലവില്‍ ചെയ്യണമെന്ന നിബന്ധനയോടെയാണ്. ആറ് മാസം മുമ്പ് മൂന്നേമുക്കാല്‍ ലക്ഷം രൂപാ ചെലവില്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്റ് നവീകരിക്കുകയും ഓടകള്‍ വൃത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സൂക്ഷ്മതയില്ലാതെ വ്യാപാരികള്‍ പെരുമാറിയതുമൂലം വീണ്ടും പഴയപടിയായി. പ്ലാന്‍റ് ഇപ്പോഴും നോക്കുകുത്തിയായി ഇരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലൈസന്‍സികളെ കൊണ്ട് തന്നെ ചെയ്യിക്കേണ്ട ജോലികളാണ് ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ഫണ്ടുപയോഗിച്ച് ചെയ്യുവാന്‍ തീരുമാനിച്ചത്. വ്യാപാരികള്‍ ചെയ്യേണ്ട ജോലികള്‍ പൊതുഫണ്ട് ഉപയോഗിച്ച് ചെയ്തു കൊടുക്കുന്നത് ചട്ടവിരുദ്ധമാണെന്നും ഇതിനോട് തനിക്ക് വിയോജിപ്പാണുള്ളതെന്നും മോഹന്‍ദാസ് പറഞ്ഞു. 

തീര്‍ത്തും മലീമസമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വില്‍ക്കുന്നത് തീരെ പഴകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മീനാണെന്ന് പരക്കെ പരാതി ഉയര്‍ന്നിരുന്നു. ഇതിനിടെ നാടിന് ശാപമായി മാറിയ മാര്‍ക്കറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യവും ഉയര്‍ന്നു. കഴിഞ്ഞ നഗരസഭായോഗത്തില്‍ ഏതാനും കൗണ്‍സിലര്‍മാരും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഹൈജീനിക് മത്സ്യമാര്‍ക്കറ്റ് എന്ന പേരില്‍ നാട്ടിലാകെ മാലിന്യമൊഴുക്കുന്ന മാര്‍ക്കറ്റ് അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഗൂഡലക്ഷ്യത്തോടെയാണ് മരാമത്തിന്‍റെയും ശുചീകരണത്തിന്‍റെയും പേരില്‍ പണം ചെലവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

മത്സ്യമാര്‍ക്കറ്റ് നഗരത്തില്‍ നിന്നും മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി എടുത്തുവരവെയാണ് മത്സ്യവ്യാപാരികളെ സംരക്ഷിക്കുന്ന നടപടിയെന്നും മോഹന്‍ദാസ് കുറ്റപ്പെടുത്തി. എന്നാല്‍ ശുചീകരണപ്രവര്‍ത്തനങ്ങളെ പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ നഗരസഭാ സെക്രട്ടറി തയ്യാറായില്ല. ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനോട് ചോദിച്ചുകൊള്ളൂ എന്നായിരുന്നു അവരുടെ മറുപടി.Share this News Now:
  • Google+
Like(s): 436