24 June, 2018 08:10:00 AM
പൊന്‍കുന്നം ചിറക്കടവില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈ വെട്ടിമാറ്റി
തടസ്സം പിടിക്കാനെത്തിയ ഭാര്യയെ അടിച്ചു വീഴ്ത്തി

പൊന്‍കുന്നം : കോട്ടയം ചിറക്കടവില്‍ ആര്‍എസ്എസ് - സി പി എം സംഘർഷം വീണ്ടും. കഴിഞ്ഞ രാത്രിയിൽ ഒരു സംഘം ആളുകൾ സി പി എം പ്രവര്‍ത്തകന്റെ കൈ വെട്ടിമാറ്റി. വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റ തെക്കേത്തുകവല പടനിലം മുട്ടിയാകുളത്ത് എം എല്‍ രവി (33)യുടെ വലതു കൈ അറ്റ് തൂങ്ങി. ശനിയാഴ്ച്ച രാത്രി 8.15 ഓടെയാണ് സംഭവം. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അക്രമം. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സി പി എം ആരോപിച്ചു.
ജോലി കഴിഞ്ഞെത്തിയ ഭാര്യയേയും കൂട്ടി കാറില്‍ വിട്ടില്‍ എത്തിയപ്പോഴാണ് ആക്രമണം. കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ വീട്ടുമുറ്റത്തു സംഘടിച്ചെത്തിയവർ രവിയെ വെട്ടുകയായിരുന്നു. ഭര്‍ത്താവിനെ വെട്ടുന്നതു കണ്ട് തടസ്സം പിടിക്കാനെത്തിയ ഭാര്യയെ അടിച്ചു വീഴ്ത്തി.
നാട്ടുകാര്‍ എത്തി രവിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി തുടര്‍ച്ചയായി സിപിഐ - ആര്‍എസ്എസ് ആക്രമണം പ്രദേശത്ത് വർദ്ധിക്കുകയാണ്. നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെതുടര്‍ന്ന് കലക്ടര്‍ ചിറക്കടവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കെയാണ് വീണ്ടും ആക്രമണമുണ്ടായത്.