23 June, 2018 12:46:49 AM


നിഷാ ജോസ് കെ മാണി സജീവരാഷ്ട്രീയത്തിലേക്ക് ?

നിയമസഭാ തിരഞ്ഞെടുപ്പിൽ പി സി ജോർജിനെതിരെ മത്സരിക്കുമെന്ന് പ്രചരണം



കോട്ടയം : രാജ്യസഭയിലേക്ക് ജോസ് കെ മാണി എം.പി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പിന്നാലെ ഇദ്ദേഹത്തിന്‍റെ ഭാര്യ നിഷാ ജോസ് സജീവരാഷ്ട്രീയത്തിലേക്ക് കാലൂന്നുന്നുവെന്ന് വ്യാപകമായ പ്രചരണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി കേരളാ കോൺഗ്രസ് രാഷ്‌ടീയത്തിൽ സജീവമാകാനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോസ് കെ മാണി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ അടുത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി നിഷയായിരിക്കും എന്ന അഭ്യൂഹങ്ങള്‍ നേരത്തെ പരന്നിരുന്നു.

ലോക്സഭയിലേക്ക് മത്സരിച്ചില്ലെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ നല്‍കുന്ന സൂചന. അങ്ങിനെയെങ്കില്‍ ഏറ്റുമാനൂര്‍, പാലാ, പൂഞ്ഞാര്‍ എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നാകും നിഷയെ തേടിയെത്തുകയെന്നും പറയുന്നു. വേണ്ടി വന്നാൽ പി സി ജോർജിനെതിരെ പൂഞ്ഞാറിൽ മത്സരത്തിന് നിൽക്കാനും അവർ ഒരുക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ ഇതെല്ലാം പാര്‍ട്ടിക്കുള്ളിലെ തന്നെ വിമതര്‍ മെനഞ്ഞെടുത്ത് പ്രചരിപ്പിക്കുന്നതാണെന്നും ഏറെക്കാലമായി സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായ നിഷ രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യത ഒട്ടുമില്ലെന്നും എംപിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിഷയുടെ നേതൃത്വത്തിൽ നടത്തുന്ന കാൻസർ കെയർ പോലുള്ള സേവനപ്രവര്‍ത്തനങ്ങള്‍ വലിയ പൊതു ശ്രദ്ധ നേടിയിരുന്നു. ശ്രദ്ധേയമായ നിലയിൽ തന്‍റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട് പോകുകയും ചെയ്യുന്നുണ്ട് നിഷ. അടുത്തിടെ നിഷ പുറത്തിറക്കിയ പുസ്തകം ഏറെ വിവാദമായിരുന്നു.

ഇതിനിടെ നിഷയെ അപകീര്‍ത്തിപെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വ്യാജപ്രചരണം നടത്തിയ കേസിലെ പ്രതി മജീഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാേക്ഷ ഹൈകോടതി തള്ളി. നിഷ കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയിലായിരുന്നു നടപടി. അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ട പാലാ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫിറോസ് ഫീറു, ജയിംസ് ചാക്കോ, സിബിച്ചന്‍, അന്‍സാര്‍ എന്നീ പേരുകളിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.



Share this News Now:
  • Google+
Like(s): 259