22 June, 2018 09:21:09 PM


ഏറ്റുമാനൂരിലെ മള്‍ട്ടിപ്ലക്സ് തീയേറ്റര്‍: ആഗസ്തില്‍ നിര്‍മ്മാണം തുടങ്ങും

കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്ന് പതിനഞ്ച് കോടി വായ്പയെടുക്കും




ഏറ്റുമാനൂര്‍: മള്‍ട്ടിപ്ലക്സ് തീയേറ്ററുകള്‍ ഉള്‍പ്പെടെയുള്ള ഷോപ്പിംഗ് കോംപ്ലക്സിന്‍റെ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ ധൃതഗതിയിലാക്കാന്‍ ഏറ്റുമാനൂര്‍ നഗരസഭാ തീരുമാനം. കെട്ടിടനിര്‍മ്മാണത്തിന് ഏറ്റെടുക്കുന്ന സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് നിലവിലുള്ള വ്യാപാരികളുമായി ഇന്നലെ നഗരസഭാ സമിതി ചര്‍ച്ച നടത്തി. ജൂണ്‍ മുപ്പതിന് ചേരുന്ന കെ.യു.ആര്‍.ഡി.എഫ്.സി ഡയറക്ടര്‍ ബോര്‍ഡ് യോഗം പതിനഞ്ച് കോടി രൂപ വായ്പാനുമതി നല്‍കുമെന്ന് ഉറപ്പായതോടെയാണ് ടെന്‍ഡര്‍ നടപടികളിലേക്ക് നഗരസഭ കടക്കുന്നത്.

ഇരുപത്തേഴ് കോടിയുടെ സാങ്കേതികാനുമതിയാണ് കെട്ടിടസമുശ്ചയത്തിന് ലഭിച്ചത്. എന്നാല്‍ 15 കോടി വായ്പയും പത്ത് കോടി രൂപ വ്യാപാരികളില്‍ നിന്നും സുരക്ഷാ നിക്ഷേപമായി ലഭിക്കുന്നതും ചേര്‍ത്ത് 25 കോടിയ്ക്ക് പണികള്‍ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് നിലകളിലായി 60000 ചതുരശ്ര അടി വിസ്തൃതിയിലാണ് നിര്‍മ്മാണം. ജൂലൈ ആദ്യവാരം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി  ആഗസ്തില്‍ തറക്കല്ലിടുവാനാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ ചാക്കോ ജോസഫ് പറഞ്ഞു.

എം.സി.റോഡിനും ചിറക്കുളത്തിനും ഇടയില്‍ സ്വകാര്യ ബസ് സ്റ്റാന്‍റിലേക്ക് കയറുന്ന വഴി കൂടി ചേര്‍ത്താണ് പുതിയ കെട്ടിടം പണിയുന്നത്. എം.സി.റോഡിനഭിമുഖമായി പാര്‍ക്കിംഗോടു കൂടി പണിയണമെങ്കില്‍ ഇവിടെ നിലവിലുള്ള കടകള്‍ കൂടി ഏറ്റെടുക്കണം. ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു വ്യാപാരികളുടെ യോഗം വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എസ്.വിനോദിന്‍റെ അദ്ധ്യക്ഷതയില്‍ ഇന്നലെ നഗരസഭയില്‍ ചേര്‍ന്നത്. വ്യാപാരികളില്‍ പലരും നഗരസഭയുടെ സ്ഥലം കൂടി കയ്യേറിയാണ് നിലവില്‍ കെട്ടിടങ്ങള്‍ പണിതിരിക്കുന്നതത്രേ. ഈ കെട്ടിടങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ നിലവിലുള്ള സ്ഥലത്തിന് തുല്യമായ വിസ്തൃതിയില്‍ സ്ഥലം പുതിയ കെട്ടിടത്തില്‍ നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. 

എന്നാല്‍ ഇവര്‍ കരമടയ്ക്കുന്ന സ്ഥലത്തിന് ആനുപാതികമായ അളവില്‍ കടമുറികള്‍ പുതിയ കെട്ടിടത്തില്‍ നല്‍കാനായിരുന്നു കൗണ്‍സില്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് തങ്ങളുടെ ആവശ്യം രേഖാമൂലം എഴുതിനല്‍കാമെന്ന് പറഞ്ഞ് വ്യാപാരികള്‍ പിരിഞ്ഞു. ഇവരുടെ കത്ത് ലഭിച്ചശേഷം അടുത്ത കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും. കൂടുതല്‍ വിസ്തൃതി ആവശ്യമുള്ളവര്‍ക്ക് നഗരസഭ നിശ്ചയിക്കുന്ന സെക്യൂരിറ്റിയും വാടകയും ഈടാക്കി കടമുറികള്‍ വിട്ടുകൊടുക്കും. 

രണ്ട് തീയേറ്ററുകളാണ് സമുശ്ചയത്തില്‍  ഉണ്ടാവുക. കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലാണ് മള്‍ട്ടിപ്ലക്സ് തീയേറ്റര്‍ പ്രവര്‍ത്തിക്കുക. താഴത്തെ നിലയിലും ഒന്നാം നിലയിലും ഇരുപത്തേഴ് കടകള്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യമുണ്ട്. തീയേറ്ററുകള്‍ നടത്തുന്നതിന് ചലച്ചിത്രവികസന കോര്‍പ്പറേഷനുമായി ധാരണയില്‍ എത്തിയിരുന്നു. തീയേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ലൈസന്‍സും മറ്റും കോര്‍പ്പറേഷന്‍ എടുക്കണമെന്നാണ് ധാരണ. ആദ്യ രണ്ട് നിലകള്‍ നഗരസഭയുടെയും മുകളിലത്തെ നില സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെയും നേതൃത്വത്തില്‍ പണികഴിപ്പിക്കുവാനായിരുന്നു ആദ്യതീരുമാനം. 



Share this News Now:
  • Google+
Like(s): 433