22 June, 2018 09:06:27 PM


മീനച്ചിലാറ്റില്‍ ചാടിയെന്നു കരുതുന്ന മെസിയുടെ ആരാധകനെ കണ്ടുകിട്ടിയില്ല

കോട്ടയം ആറുമാനൂര്‍ കൊറ്റത്തില്‍ ദിനു അലക്സിനെ ആണ് കാണാതായത്




ഏറ്റുമാനൂര്‍: ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്‍റീന തോറ്റ പിന്നാലെ ആത്മഹത്യാകുറിപ്പെഴുതി വെച്ചശേഷം വീടു വിട്ടിറങ്ങിയ ലയണല്‍ മെസിയുടെ കടുത്ത ആരാധകനായ യുവാവിനെ കണ്ടെത്താനായില്ല. ഏറ്റുമാനൂരിനടുത്ത് ആറുമാനൂര്‍ കൊറ്റത്തില്‍ കെ.പി.അലക്സാണ്ടറുടെയും ചിന്നമ്മയുടെയും മകന്‍ ദിനു അലക്സിനെ (30) ആണ് കാണാതായത്. ദിനു പുഴയില്‍ ചാടിയിരിക്കാം എന്ന നിഗമനത്തില്‍ അഗ്നിശമനസേനയും പോലീസും നാട്ടുകാരും പകല്‍ മുഴുവന്‍ മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

വ്യാഴാഴ്ച രാത്രി 12.30 മണിക്ക് ടി.വി. കണ്ടുകൊണ്ടിരുന്ന യുവാവിനെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നോക്കിയപ്പോള്‍ കാണാതായത്. കോട്ടയത്ത് ചോയ്സ് ബുക്സ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്‍റാണ് ദിനു. രാവിലെ ജോലിക്ക് പോകേണ്ടതുകൊണ്ട് കിടക്കുന്നില്ലേ എന്ന രക്ഷിതാക്കളുടെ ചോദ്യത്തിന് കളി കണ്ടു കഴിഞ്ഞേ കിടക്കുന്നുള്ളു എന്ന് ദിനു മറുപടി പറഞ്ഞിരുന്നു. പുലര്‍ച്ചെ 5.30 മണിയോടെ ഉറക്കം എഴുന്നേറ്റ അമ്മ കതകുകള്‍ തുറന്ന് കിടക്കുന്നത് കണ്ട് നോക്കിയപ്പോള്‍ ദിനുവിനെ കാണാനില്ല. തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.  

വിവരമറിഞ്ഞ് 7.30 മണിയോടെ സ്ഥലത്തെത്തിയ അയര്‍കുന്നം എസ്.ഐ അനില്‍കുമാറും സംഘവും ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്ന വാചകങ്ങളുടെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സിനെ വിളിച്ചു വരുത്തുകയായിരുന്നു. എനിക്ക് ലോകത്തിനി മറ്റൊന്നും കാണാനില്ലെന്നും മരണത്തിന്‍റെ ആഴക്കയങ്ങളിലേക്ക് പോകുകയാണെന്നുമായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. തന്‍റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ദിനു എഴുതിവെച്ചിരുന്നു. ഇതിനിടെ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. മണം പിടിച്ച പോലീസ് നായ മീനച്ചിലാറിന്‍റെ തീരത്ത് പോയി നിന്നു. 

ആറുമാനൂര്‍ ടാപ്പുഴ അമ്പലത്തിന് സമീപത്തുള്ള ദിനുവിന്‍റെ വീട്ടില്‍ നിന്നും ഏതാണ്ട് 30 മീറ്റര്‍ ദൂരമേയുള്ളു മീനച്ചിലാറ്റിലേക്ക്. നായ എത്തി നിന്ന കടവ് മുതല്‍ അഗ്നിശമന സേനയും നാട്ടുകാരും പോലീസും രാവിലെ ആരംഭിച്ച തെരച്ചില്‍ നാല് മണിയോടെ നിര്‍ത്തി. പേരൂര്‍ പായിക്കാട് കടവ് വരെ സാധ്യതയുള്ള സ്ഥലത്തൊക്കെ തെരച്ചില്‍ നടത്തി. വെള്ളപൊക്കത്തില്‍ ആറ്റില്‍ കുത്തൊഴുക്കായിരുന്നത് തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. നീന്തലറിയില്ലാത്ത ദിനു ആറ്റില്‍ ചാടിയിട്ടുണ്ടെങ്കില്‍ രക്ഷപെടാനുള്ള സാധ്യത കുറവാണെന്ന് പോലീസ് പറയുന്നു. അതേ സമയം ആറ്റില്‍ ചാടാതെ മറ്റ് വല്ല വഴിക്കും പോകാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. 

മെസിയുടെ കടുത്ത ആരാധകനാണ് സ്പോര്‍ട്സ് പ്രേമിയായ ദിനു അലക്സ്. മെസിയുടെ നമ്പര്‍ പത്ത് എന്നെഴുതിയിക്കുന്ന ജേഴ്സി സംഘടിപ്പിക്കുവാനായി കോട്ടയത്തെ ഒട്ടേറെ കടകളില്‍ ഇയാള്‍ കയറിയിറങ്ങിയിരുന്നുവത്രേ. ഈ ജഴ്സി ഇപ്പോള്‍ വീട്ടില്‍ കാണാനില്ല. അതും ധരിച്ചായിരിക്കാം ദിനു പോയതെന്ന് കരുതുന്നു. മൊബൈല്‍ ഫോണിന്‍റെ കവറിലും എല്ലാം മെസിയുടെ ചിത്രങ്ങളായിരുന്നു. മറ്റും മെസിയുടെ ചിത്രങ്ങളായിരുന്നു. അതേസമയം മെസിയുടെ ചിത്രമുള്ള കവര്‍ വീട്ടിലുപേക്ഷിച്ച് മൊബൈല്‍ ഫോണുമായാണ് ദിനു പോയിരിക്കുന്നത്. എന്നാല്‍ മൊബൈലിന്‍റെ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഫുട്ബോളിനെ കുറിച്ച് സംസാരിക്കുമ്പോള്‍ മെസിയെ കുറിച്ച് ഏറെ വാചാലനാവുമായിരുന്നു.  ലോകകപ്പ് തുടങ്ങിയ നാള്‍ മുതല്‍ തന്‍റെ നോട്ട് ബുക്കില്‍ മെസിയെ കുറിച്ചുള്ള കാര്യങ്ങളും മറ്റും കുറിച്ചുവെക്കുന്നുണ്ടായിരുന്നു ദിനു. ലോകകപ്പില്‍ ഒരിക്കലും പരാജയപ്പെടാന്‍ പാടില്ലെന്നും തോറ്റാല്‍ ജീവത്യാഗമായിരിക്കുമെന്നും സൂചിപ്പിക്കുന്ന രീതിയുള്ള കുറിപ്പുകള്‍ ബുക്കിലുണ്ടെന്ന് പോലീസ് പറയുന്നു. അര്‍ജന്‍റീന തോറ്റാല്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് വീട്ടുകാരോടും ദിനു പറഞ്ഞിട്ടുണ്ടത്രേ. കാണാതായ ദിനു അലക്സ് അവിവാഹിതനാണ്. പി.എസ്.സി എല്‍ ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍ പേരുള്ളയാളു കൂടിയാണ് ദിനു. ഏകസഹോദരി ദിവ്യ (ഖത്തര്‍)



Share this News Now:
  • Google+
Like(s): 807