21 June, 2018 01:05:45 PM


കോട്ടയത്ത് വീണ്ടും തട്ടിപ്പ്: കുന്നത്തുകളത്തില്‍ ബാങ്കും ജുവലറിയും പൂട്ടി ഉടമ മുങ്ങി

ചിട്ടിസ്ഥാപനത്തിലും സ്വര്‍ണ്ണകടയിലും പണം നിക്ഷേപിച്ചവര്‍ പെരുവഴിയില്‍



കോട്ടയം: കോട്ടയത്ത് കുന്നത്തുകളത്തില്‍ ചിട്ടിഫണ്ട് പ്രൈവറ്റ് ലിമിറ്റഡ്, കുന്നത്തുകളത്തില്‍ ബാങ്കേഴ്സ്, കുന്നത്തുകളത്തില്‍ ജുവലറി എന്നീ സ്ഥാപനങ്ങള്‍ മുന്നറിയിപ്പില്ലാതെ പൂട്ടി. ഇന്ന് രാവിലെ സ്ഥാപനങ്ങള്‍ പൂട്ടിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടപാടുകാരും നിക്ഷേപകരും പ്രതിഷേധവുമായി സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ തടിച്ചുകൂടി. കോട്ടയം തിരുനക്കര സ്വദേശി വിശ്വനാഥന്‍റേതാണ് സ്ഥാപനങ്ങള്‍. പണം നഷ്ടപ്പെട്ടവര്‍ ഉടമയുടെ പേരില്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. മുന്നൂറോളം വരുന്ന ഇടപാടുകാര്‍ ഇപ്പോള്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ പരാതിയുമായി എത്തിയിട്ടുണ്ട്.



പരാതിയെ തുടര്‍ന്ന് ഉടമയുടെ തിരുനക്കരയിലെ വീട്ടിലെത്തിയ പോലീസിനും ഇടപാടുകാര്‍ക്കും വീട് പൂട്ടി കിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം സ്ഥാപനം പൂട്ടിയതാണെന്നും ഉടമ മുന്‍കൂട്ടി പ്ലാന്‍‌ ചെയ്ത് മുങ്ങുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ഇയാളെ ഫോണിലും ബന്ധപ്പെടാന്‍ പറ്റുന്നില്ല. ഇതിനിടെ ഇയാള്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ശ്രമം നടക്കുന്നതായി അറിയുന്നുവെന്നും പോലീസ് പറയുന്നു.


ചിട്ടി ഇടപാടുകളിലും സ്വര്‍ണ്ണം മേടിക്കുന്നതിനുള്ള വിവിധ സ്കീമുകളിലൂടെയും അല്ലാതെയും ജില്ലയ്ക്കകത്തും പുറത്തുമുള്ള നൂറ്കണക്കിന് ആളുകളുടെ പണമാണ് പൂട്ടിയ സ്ഥാപനങ്ങളിലുള്ളത്.  ഇടപാടുകാര്‍ കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനിലെ ജുവലറിയ്ക്കു മുന്നിലും ബേക്കര്‍ ജംഗ്ഷനിലെ ചിട്ടി സ്ഥാപനത്തിനും മുന്നില്‍ മണിക്കൂറുകളോളം പ്രതിഷേധവുമായി നിലയുറപ്പിച്ചശേഷമാണ് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് പോയത്.



Share this News Now:
  • Google+
Like(s): 2954