21 June, 2018 10:01:27 AM


പീഡനം സഹിക്കാന്‍ വയ്യാതെ എ.ഡി.ജി.പിയുടെ വീട്ടിലെ പണി മതിയാക്കിയത് 12 പേര്‍

നീന്തല്‍ക്കുളം വൃത്തിയാക്കാനും മാറാല അടിക്കാനും പോലീസുകാര്‍
തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മകള്‍ മര്‍ദ്ദിച്ച സംഭവത്തോടെ വിവാദത്തില്‍പെട്ട മുന്‍ ബറ്റാലിയന്‍ എ.ഡി.ജി.പി സുധേഷ് കുമാറിന്‍റെ ക്യാമ്പ് ഓഫീസില്‍ നടന്നുവന്ന ക്രൂരതകള്‍ ഒന്നൊന്നായി പുറത്താവുന്നു.  കഴിഞ്ഞ ഒരു വര്‍ഷത്തിനകം വീട്ടിലെ ഡ്യൂട്ടി മതിയാക്കി മടങ്ങിയത് 12 ഡ്രൈവര്‍മാര്‍. ഇവരില്‍ പലരും ജോലി ചെയ്തത് ഒരു മാസത്തിലധികം മാത്രം. ഏറ്റവുമൊടുവില്‍ ഡ്രൈവറായി എത്തിയ ഗവാസ്‌കറിന് ഒന്നര മാസം തികയും മുമ്പാണ് എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനമേറ്റത്. കുടുംബാംഗങ്ങളുടെ പെരുമാറ്റവും ഭീഷണികളും ഉപദ്രവവും ഭയന്നാണ് പലരും ജോലി മതിയാക്കി ക്യാമ്പുകളിലേക്ക് മടങ്ങിയത്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ക്യാമ്പുകളില്‍ നിന്നാണ് സുധേഷ് കുമാര്‍ ഡ്രൈവര്‍മാരെയും സുരക്ഷാ ഉദ്യോഗസ്ഥരേയും നിയമിച്ചിരുന്നത്. വ്യക്തിഗത വിവരങ്ങളെല്ലാം ചോദിച്ച്‌ മനസിലാക്കുന്ന എ.ഡി.ജി.പി നാളെ ഡ്രൈവിംഗ് ടെസ്റ്റുണ്ടെന്നാകും ആദ്യം ഡ്രൈവര്‍മാരോട് പറയുക. ഹമ്പില്‍ കയറുമ്പോഴും ബ്രേക്കിടുമ്പോഴും വണ്ടി ഉലയുകയോ കുലുങ്ങുകയോ ചെയ്താല്‍ ഹിന്ദിയില്‍ ശകാരിക്കും. 'നീ വിമാനവും കപ്പലുമൊന്നുമല്ല ഓടിക്കുന്നത് കാറല്ലേ ' എന്ന് ചോദിച്ചാകും ശകാരമെന്ന് അനുഭവസ്ഥര്‍ പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

സുധേഷ് കുമാറിന്‍റെ സുരക്ഷയ്ക്കായി നിയോഗിച്ച രണ്ടു പേരെ മകള്‍ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി ആക്ഷേപമുണ്ട്. എന്നാല്‍ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും ഭീഷണിയും ഭയന്ന് പരാതി നല്‍കാന്‍ അവര്‍ മുതിര്‍ന്നില്ല. എ.ഡി.ജി.പിയുടെ ഔദ്യോഗിക വസതിയിലെ നീന്തല്‍ക്കുളം വൃത്തിയാക്കാനുള്ള നിര്‍ദേശം അവഗണിച്ചതാണ് ഒരാളോട് മകള്‍ തട്ടിക്കയറിയതും ഉപദ്രവിക്കാന്‍ ശ്രമിച്ചതും. നീന്തല്‍ക്കുളത്തിലെ വെള്ളം തുറന്ന് വിട്ടശേഷം കഴുകി വൃത്തിയാക്കാനായിരുന്നു നിര്‍ദേശം. അത് തങ്ങളുടെ ചുമതലയല്ലെന്നും പുറത്തുനിന്ന് ആരെയെങ്കിലും വിളിച്ചുചെയ്യിക്കാനും പൊലീസ് കോണ്‍സ്റ്റബിള്‍ പറഞ്ഞു. ഇതോടെ ഹിന്ദിയില്‍ തെറിവിളിച്ചു, ഭീഷണിപ്പെടുത്തി. സുധേഷ് കുമാറിനോട് മകള്‍ ഇക്കാര്യം പറഞ്ഞു. അതിനിടെ പൊലീസുകാരനെ വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചു. എന്നാല്‍, എ.ഡി.ജി.പി മകളെ ന്യായീകരിച്ചു. പൊലീസുകാരനെ വിരട്ടി.

വീട്ടിലെ മാറാല അടിക്കാനുള്ള നിര്‍ദേശം അവഗണിച്ച മറ്റൊരു പൊലീസുകാരനെ മകള്‍ കായികമായി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതാണ് മറ്റൊരു സംഭവം. ഗവാസ്‌കറിന് മര്‍ദ്ദനമേറ്റ സംഭവം വാര്‍ത്തയായ ദിവസം തന്‍റെ വളര്‍ത്തുനായയ്ക്ക് ഇറച്ചി വേവിക്കാന്‍ പൊലീസുകാരനെ ക്യാമ്പിലയച്ചും സുധേഷ് കുമാര്‍ വിവാദത്തില്‍പ്പെട്ടിരുന്നു. ഇറച്ചിയും മീനും കഴിക്കാത്തതിനാല്‍ ക്യാമ്പ് ഓഫീസില്‍ ഇത് പാചകം ചെയ്യാന്‍ സുധേഷ് കുമാറും കുടുംബവും അനുവദിക്കില്ല. അതിനാല്‍ വളര്‍ത്തുനായയ്ക്ക് മീനും ഇറച്ചിയും തയ്യാറാക്കിയിരുന്നത് എ.ആര്‍ ക്യാമ്പില്‍ നിന്നാണ്.

വിവാദം പുകഞ്ഞതോടെ എ.ഡി.ജി.പിയുടെ വീട്ടില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥനും ഡ്രൈവറുമൊഴികെ ക്യാമ്പ് ഫോളോവേഴ്സിനെ പൊലീസ് ആസ്ഥാനത്ത് നിന്ന് തിരിച്ചുവിളിച്ചു. എന്നാല്‍ തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ അവധിയിലായതിനാല്‍ ഇറച്ചി വിവാദത്തില്‍പ്പെട്ട പൊലീസുകാരനെ കഴിഞ്ഞ ദിവസം ഇദ്ദേഹം വീണ്ടും തന്‍റെ ക്യാമ്പ് ഓഫീസിലേക്ക് വിളിപ്പിച്ചുവെന്നും കേള്‍ക്കുന്നു.Share this News Now:
  • Google+
Like(s): 365