20 June, 2018 05:20:17 PM
ഖത്തര്‍ രാജകുടുംബാംഗത്തെ കബളിപ്പിച്ച് കോടികള്‍ തട്ടിയ മലയാളി പിടിയില്‍
രാജ്യം വിടാന്‍ തയ്യാറെടുക്കവെയാണ് ഇയാള്‍ പിടിയിലായത്

തൃശൂര്‍: ഖത്തര്‍ രാജകുടുംബാംഗത്തെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. എറണാകുളം പറവൂര്‍ പെരുവാരം സ്വദേശിയും കൊടുങ്ങല്ലൂര്‍ എസ്.എന്‍.പുരം ഇരുപതാംകല്ലിലെ താമസക്കാരനുമായ മുളയ്ക്കല്‍ സുനില്‍ മേനോനാണ് (47) പിടിയിലായത്. രാജ്യം വിടാന്‍ തയ്യാറെടുത്ത ഇയാളെ എറണാകുളം ജില്ലയില്‍ നിന്നാണ് പിടികൂടിയത്. ഖത്തര്‍ മ്യൂസിയത്തില്‍ സ്ഥാപിക്കാന്‍ രാജഭരണാധികാരി ഷെയ്ക്ക് തമീം ബിന്‍ അല്‍ത്താനിയുടെ പൂര്‍ണകായ ചിത്രം ലോകത്തെ പ്രശസ്ത ചിത്രകാരന്മാരെകൊണ്ട് വരപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്കി 5.05 കോടിയാണ് തട്ടിയത്.
ഖത്തറില്‍ ഒായില്‍ കമ്പനിയില്‍ ഒാഡിറ്ററായപ്പോഴാണ് രാജകുടുംബാംഗവുമായി അടുത്തത്. കമ്പ്യൂട്ടര്‍ വിദഗ്ധനായ ഇയാള്‍ പണംതട്ടാനായി വ്യാജ ഇൗ മെയിലുകളും വ്യക്തികളെയും സൃഷ്ടിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഖത്തര്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഇയാള്‍ 2018 ഫെബ്രുവരിയിലാണ് തട്ടിപ്പിനായി കരുക്കള്‍ നീക്കിയത്. പത്ത് വര്‍ഷമായി എസ്.എന്‍.പുരത്തെ ഭാര്യവീട്ടില്‍ താമസിച്ച് ഒാണ്‍ലൈന്‍ ജ്വല്ലറി ബിസിനസ് നടത്തിവരികയാണ്.
ഒാണ് ലൈന്‍ കമ്പനിയായ റിഗൈല് കലക്ടി ട്രേഡിങ് എല്‍.എല്‍.പി എന്ന പേരിലാണ് പണം തട്ടിയത്. അക്കൗണ്ടില്‍ നിന്ന് 4.6 കോടി പിന്‍വലിച്ച ശേഷം മറ്റ് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് കുടുംബത്തോടൊപ്പം വിദേശ വിനോദയാത്ര പോയി. 23 ലക്ഷം രൂപ മുടക്കി ജീപ്പ് വാങ്ങി. ബന്ധുക്കള്‍ക്ക് 15 ലക്ഷം കൊടുത്തു. ബാങ്ക് നിക്ഷേപം മരവിപ്പിച്ച അന്വേഷണസംഘം വാഹനങ്ങള്‍ പിടിച്ചെടുത്തു. തട്ടിപ്പില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസ്, സി.ഐ പി.സി. ബിജുകുമാര്‍, എസ്.ഐ വിനോദ്കുമാര്‍ എന്നിവരടങ്ങിയതാണ് അന്വേഷണ സംഘം.