20 June, 2018 03:16:54 PM


മരാമത്ത് പണികള്‍ നിശ്ചലമാകുന്നു: ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലില്‍ ബഹളം

എല്‍ഈഡി വിളക്കുകള്‍ സ്ഥാപിച്ചതിലെ അഴിമതി അന്വേഷിച്ച് നടപടിയെടുക്കും
ഏറ്റുമാനൂര്‍: ബുധനാഴ്ച നടന്ന ഏറ്റുമാനൂര്‍ നഗരസഭയുടെ കൗണ്‍സില്‍ യോഗം തുടങ്ങിയത് വന്‍ബഹളത്തില്‍. സെക്രട്ടറിയും പൊതുമരാമത്ത് അസിസ്റ്റന്‍റ് എഞ്ചിനീയറും ഫയലുകള്‍ തട്ടി കളിക്കുന്നുവെന്നും ഇതിനാൽ നഗരസഭയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടുന്നുവെന്നും ചൂണ്ടി കാട്ടിയായിരുന്നു ബഹളം. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായ വിവിധ വാര്‍ഡുകളിലെ റോഡ് പണികളുടെ ബില്ലുകള്‍ യഥാസമയം ഹാജരാക്കിയിട്ടും ഇതുവരെ പണം നല്‍കാത്തതിനാല്‍ പുതിയ പ്രവൃത്തികള്‍ കരാര്‍കാര്‍ ഏറ്റെടുക്കുന്നില്ലെന്ന് ബിജു കൂമ്പിക്കന്‍ ചൂണ്ടികാട്ടിയതോടെയാണ് ബഹളം തുടങ്ങിയത്. 

അമ്പത് പ്രവൃത്തികളുടെ ഫയല്‍ ഒന്നിച്ച് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ഹാജരാക്കിയതില്‍ പല രേഖകളും ഉണ്ടായിരുന്നില്ലെന്നും അതാണ് തിരിച്ചയയ്ക്കാന്‍ കാരണമായതെന്നും സെക്രട്ടറി പറഞ്ഞു. അതേസമയം ഏതാനും ബില്ലുകള്‍  മാത്രം പാസാകുകയും ചെയ്തു. അതേസമയം രേഖകളുടെ അഭാവത്തിലും പല കാര്യങ്ങളും നഗരസഭയില്‍ നടക്കുന്നുണ്ടെന്നും ചില അംഗങ്ങള്‍ ചൂണ്ടികാട്ടി. ഇതിനിടെ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് അസിസ്റ്റന്‍റ് എഞ്ചിനീയർ വിട്ടു നില്‍ക്കുന്നതിനെ ജോര്‍ജ് പുല്ലാട്ട് ചോദ്യം ചെയ്തു. ഓഫീസിന് വെളിയില്‍ പോയിരുന്ന എഞ്ചിനീയറെ ചെയര്‍മാന്‍‌ വിളിച്ചു വരുത്തി. യോഗത്തിലെത്തിയ എഞ്ചിനിയറെ ഒരു വിഭാഗം അംഗങ്ങള്‍ ഒന്നടങ്കം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. എഞ്ചിനിയർ നിയമവശങ്ങളിലൂടെ സഞ്ചരിക്കുന്നതിനാല്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സാധാരണക്കാരന് ഉണ്ടാകുന്നു എന്ന് ചൂണ്ടികാട്ടിയായിരുന്നു അംഗങ്ങള്‍ ബഹളം കൂട്ടിയത്. 

കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷിക്കുന്നവരെ ആവശ്യമില്ലാത്ത രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപെട്ട് എഞ്ചിനിയർ വില്ലേജ് ഓഫീസിലേക്ക് പറഞ്ഞയച്ചുവെന്നായിരുന്നു ആരോപണം. സൈറ്റ് പ്ലാനുകളും മറ്റും നഗരസഭ ആവശ്യപ്പെടുന്നതുപോലെ തയ്യാറാക്കി നല്‍കാന്‍ സാധിക്കില്ല എന്നും ഇത്തരം നിയമാനുസൃതമല്ലാത്ത  കാര്യങ്ങള്‍ക്ക് ആളുകളെ പറഞ്ഞുവിട്ട് ബുദ്ധിമുട്ടിക്കരുതെന്നും പേരൂര്‍, ഏറ്റുമാനൂര്‍ വില്ലേജ് ഓഫീസര്‍മാര്‍ നല്‍കിയ കത്ത് ഉയര്‍ത്തികാട്ടിയായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. എന്നാല്‍ താന്‍ ഇങ്ങനെ രേഖകള്‍ കൊണ്ടുവരാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലാ എന്ന് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ വെളിപ്പെടുത്തി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് എഞ്ചിനിയറും ഒരു ഓവര്‍സിയറും മാത്രം ഉണ്ടായിരുന്ന എല്‍എസ്ജിഡി ഡിവിഷനില്‍ ഇപ്പോള്‍ അഞ്ച് ഓവര്‍സിയര്‍മാരുണ്ടായിട്ടും പണികള്‍ പഴയപോലെ നീങ്ങുന്നില്ലാ എന്നായിരുന്നു മറ്റൊരു ആരോപണം. കണ്‍വീനര്‍മാര്‍ മുഖേന നടത്തുന്ന പ്രവൃത്തികള്‍ക്കായി പലയിടത്തും കണ്‍വീനര്‍മാരുടെ പേരില്‍ സ്വന്തമായി എടുത്ത അക്കൗണ്ട് നമ്പരുകള്‍ നല്‍കിയത് ബില്‍ പാസാക്കാന്‍ തടസമായി. കണ്‍വീനറുടെ പേരില്‍ അക്കൗണ്ട് മതിയെന്ന ചില ഉദ്യോഗസ്ഥരുടെയും കൗണ്‍സിലര്‍മാരുടെയും നിര്‍ദ്ദേശമനുസരിച്ചായിരുന്നുത്രേ ഇത്. ഇങ്ങനെ വന്ന ബില്ലുകളെല്ലാം തന്നെ ചെയര്‍മാന്‍റെയും കണ്‍വീനറുടെയും പേരില്‍ അക്കൗണ്ട് വേണമെന്ന് കാണിച്ച് തിരിച്ചയക്കുകയായിരുന്നു.

ഓണ്‍ലൈന്‍ വഴി അപേക്ഷകളും മറ്റും കൈകാര്യം ചെയ്യുന്നതും കാലതാമസത്തിന് കാരണമാകുന്നതായി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ വെളിപ്പെടുത്തി. ഇതിനിടെ ജനപ്രതിനിധികളായ തങ്ങള്‍ പറയുന്നത് പോലെ ചെയ്യാനാവുന്നില്ലെങ്കില്‍ സ്ഥലംമാറ്റം വാങ്ങി പോകുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റിക്കുമെന്നും ചില അംഗങ്ങള്‍ എഞ്ചിനീയറെ ഭീഷണിപ്പെടുത്തി.

യോഗം തുടങ്ങിയപ്പോഴേ അജണ്ടയില്‍ ഇല്ലാത്ത എല്‍ഈഡി വിളക്കുകള്‍ വി‍ഷയവുമായി ടോമി പുളിമാന്‍തുണ്ടം എഴുന്നേറ്റു. എല്ലാം അംഗങ്ങളെയും ഒന്നുപോലെ ബാധിക്കുന്ന പ്രശ്നമാണെന്ന് പറഞ്ഞായിരുന്നു എല്‍ഈഡി വിളക്കുകള്‍ സ്ഥാപിച്ചതിലെ അഴിമതിയും മറ്റും ടോമി ശ്രദ്ധയില്‍ പെടുത്തിയത്. ഇതേ തുടര്‍ന്നുണ്ടായ ചര്‍ച്ചയും വന്‍ ബഹളത്തിലാണ് കലാശിച്ചത്. എല്‍ഈഡി വിളക്കുകള്‍ സ്ഥാപിച്ച് ശരിക്കും കത്തിതുടങ്ങും മുമ്പേ കരാര്കാരന് പതിനെട്ട് ലക്ഷം രൂപയും നല്‍കിയിരുന്നു. മൂന്നാഴ്ച തികയും മുമ്പേ ഭൂരിഭാഗവും കണ്ണടച്ചു. കരാറ്‍കാരന്‍ ഫോണ്‍ എടുക്കാതെയുമായി. 

അവസാനം തേടിപിടിച്ച് കരാര്കാരനെ സ്ഥലത്തെത്തിച്ചപ്പോള്‍ വിളക്കുകളെല്ലാം ഇടിവെട്ടിപോയതാണെന്നും തനിക്കൊന്നും ചെയ്യാനില്ല എന്ന മറുപടിയുമാണത്രേ ലഭിച്ചത്. എന്നാല്‍ ഇടിവെട്ടിയതാണോ എന്ന് വിദഗ്ധരെ കൊണ്ട് അന്വേഷിപ്പിക്കുകയും അല്ലാത്തപക്ഷം കരാര്കാരനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് ആവശ്യം ഉയര്‍ന്നു. കെല്‍ട്രോണ്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്ളപ്പോള്‍ സ്വകാര്യ ഏജന്‍സിയെ പണി ഏല്‍പ്പിച്ചതാണ് അഴിമതിയ്ക്ക് കാരണമായതെന്ന് ബോബന്‍ ദേവസ്യ ചൂണ്ടികാട്ടി. പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി സര്‍ക്കാരിന് കത്ത് നല്‍കാനും തീരുമാനമായി. വഴിവിളക്കുകളെ സംബന്ധിച്ച് ഉണ്ടായ ബഹളം ഇരുപത് മിനിറ്റോളം നീണ്ടുനിന്നു. 

പതിനൊന്നരയ്ക്ക് യോഗം വിളിച്ചിരുന്നുവെങ്കിലും ചെയര്‍മാനും കൗണ്‍സില്‍ അംഗങ്ങളും ഹാളില്‍ പ്രവേശിച്ചത് തന്നെ മുക്കാല്‍ മണിക്കൂര്‍ താമസിച്ചാണ്.  ഇതിനു ശേഷം ഒരു ബാങ്കിന്‍റെ പ്രതിനിധികള്‍ക്ക് അവരുടെ ബിസിനസ് സംസാരിക്കുവാന്‍ പതിനഞ്ച് മിനിറ്റോളം അവസരം നല്‍കി. കൗണ്‍സില്‍ യോഗം ആരംഭിച്ച ശേഷം വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഗണേശ് ഏറ്റുമാനൂര്‍ ഇതിനെ ചോദ്യം ചെയ്തു.

സ്കൂള്‍ പ്രവേശനോത്സവത്തിന്‍റെ ഭാഗമായി ജൂണ്‍ ആദ്യം നടന്ന കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാ അതിര്‍ത്തിയിലെ സ്കൂളുകളിലെ പ്രധാനാധ്യാപകരെ വിളിച്ചുവരുത്തിയതിനെ ഒരു കൂട്ടം അംഗങ്ങള്‍ എതിര്‍ത്തിരുന്നു. ഇനി കൗണ്‍സില്‍ യോഗങ്ങളില്‍ ഇത്തരം നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും ബുധനാഴ്ച ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയതിനെയാണ് ഗണേശ് ചോദ്യം ചെയ്തത്. എല്‍ഈഡി വിളക്കുകള്‍ സംബന്ധിച്ച് ടോമി പുളിമാന്‍തുണ്ടം ഉന്നയിച്ച ആരോപണത്തിനും തുടര്‍ന്നുണ്ടായ ബഹളത്തിനുമിടയില്‍ പക്ഷെ ഗണേശിന്‍റെ എതിര്‍പ്പുകള്‍ മുങ്ങിപോയി. ചെയര്‍മാന്‍ ജോയി മന്നാമല അദ്ധ്യക്ഷനായിരുന്നു.Share this News Now:
  • Google+
Like(s): 536