17 June, 2018 08:25:50 PM


അതിരമ്പുഴ ബാങ്ക്: കേരളാ കോണ്‍ഗ്രസിനെ കൂട്ടിയിട്ടും എല്‍ഡിഎഫ് രക്ഷപെട്ടില്ല

യുഡിഎഫില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് വിമതരെല്ലാം ജയിച്ചു




ഏറ്റുമാനൂര്‍: സംസ്ഥാനം മുഴുവന്‍ ഉറ്റുനോക്കിയ അതിരമ്പുഴ റീജനല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിനെ കൂട്ട് പിടിച്ച് മത്സരിച്ച എല്‍ഡിഎഫിന് വന്‍ പരാജയം. എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് മത്സരിച്ച കേരളാ കോണ്‍ഗ്രസിന് തങ്ങളുടെ നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താനുമായില്ല. അതേസമയം യുഡിഎഫിനൊപ്പം ചേര്‍ന്ന് മത്സരിച്ച കേരളാ കോണ്‍ഗ്രസ് വിമതപക്ഷം മത്സരിച്ച അഞ്ച് സീറ്റിലും വിജയിച്ചു. പക്ഷെ പരമ്പരാഗതമായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്കില്‍ തങ്ങളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനായി എന്ന കാര്യത്തില്‍ എല്‍ഡിഎഫിന് ആശ്വസിക്കാന്‍ വകയുണ്ട്. 

യുഡിഎഫില്‍ ലയിച്ചശേഷം നടന്ന ബാങ്ക് തെരഞ്ഞെടുപ്പില്‍  കേരളാ കോണ്‍ഗ്രസ് സിപിഎമ്മുമായി സഹകരിച്ച് എല്‍ഡിഎഫ് പാനലില്‍ മത്സരിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പതിമൂന്ന് അംഗ ഭരണസമിതിയില്‍ യുഡിഎഫ് പത്ത് സീറ്റുകള്‍  നേടിയപ്പോള്‍ എല്‍ഡിഎഫിന് മൂന്ന് സീറ്റുകളില്‍ ഒതുങ്ങേണ്ടിവന്നു. മുന്‍ ഭരണസമിതിയില്‍ കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസിനും ആറ് വീതവും മുസ്ലിം ലീഗിന് ഒന്നും സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇക്കുറി എല്‍ഡിഎഫ് പ്രാതിനിധ്യം വര്‍ദ്ധിച്ചപ്പോള്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും തങ്ങളുടെ ഓരോ സീറ്റ് നഷ്ടപ്പെട്ടു. 

ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ ജയിംസ് കുര്യന്‍ (2102 വോട്ടുകള്‍), സിപിഎമ്മിലെ ബേബിനാസ് അജാസ് (വനിതാ വിഭാഗം - 2185 വോട്ടുകള്‍), കേരളാ കോണ്‍ഗ്രസ് (എം)ലെ സജി തടത്തില്‍ (1720 വോട്ടുകള്‍) എന്നിവരാണ് എല്‍ഡിഎഫ് പാനലില്‍ നിന്നും ജയിച്ചത്. അതേ സമയം സീറ്റുതര്‍ക്കത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് യുഡിഎഫ് പാനലില്‍ മത്സരിച്ച കെ.പി.ദേവസ്യ (2633 വോട്ടുകള്‍), അഡ്വ.ജയ്സണ്‍ ജോസഫ് (2242 വോട്ടുകള്‍), ജെ.ജോസഫ് (2017 വോട്ടുകള്‍), ജോസ് അമ്പലക്കുളം (2544 വോട്ടുകള്‍), ആന്‍സി ജോര്‍ജ് (വനിതാ വിഭാഗം - 2474 വോട്ടുകള്‍) എന്നീ അഞ്ച് പേരും ജയം കണ്ടു. കോണ്‍ഗ്രസിനും അഞ്ച് സീറ്റ് ലഭിച്ചു.

കെ.ടി.മൈക്കിള്‍ (2333 വോട്ടുകള്‍), കെ.ജി.ഹരിദാസ് (1870 വോട്ടുകള്‍), ജോറോയ് പൊന്നാറ്റില്‍ (2171 വോട്ടുകള്‍), ലിസി സെബാസ്റ്റ്യന്‍ (വനിതാ വിഭാഗം - 2198 വോട്ടുകള്‍), ദിലീപ് ടി.എസ് (എസ് സി / എസ് ടി വിഭാഗം - 2151 വോട്ടുകള്‍) എന്നിവരാണ് കോണ്‍ഗ്രസ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത്. നിക്ഷേപകവിഭാഗത്തില്‍ മത്സരിച്ച നിലവിലെ ബാങ്ക് പ്രസിഡന്‍റ് കെ.പി.ദേവസ്യയ്ക്കാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. 

സീറ്റുവിഭജനത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ പ്രമുഖരുടെ രാജിയില്‍ കലാശിച്ചപ്പോഴേ അതിരമ്പുഴ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. രാജി വെച്ചവരെ യുഡിഎഫ് രണ്ട് കൈയും നീട്ടി സ്വീകരിച്ചപ്പോള്‍ ഔദ്യോഗികപക്ഷം എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത് മുന്നണിയില്‍ പൊട്ടിതെറികള്‍ക്ക് വഴിയൊരുക്കി. സീറ്റ് വിഭജനത്തിന് ശേഷം കേരളാ കോണ്‍ഗ്രസിനെ സ്വീകരിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സിപിഐ അവസാനം മുന്നണി വിട്ടു. മുന്നണി പാനലില്‍ നിന്നും തങ്ങളുടെ രണ്ട് സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഈ സംഭവങ്ങള്‍ക്ക് തൊട്ടടുത്ത ദിവസമാണ് കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ ലയിച്ചത്. ഇതോടെ സിപിഎമ്മിനെ കൂട്ടുപിടിച്ച അതിരമ്പുഴയിലെ നേതാക്കളും പ്രവര്‍ത്തകരും ആകെ ആശയക്കുഴപ്പത്തില്‍ എത്തിയിരുന്നു. ഇത് മുതലെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞുവെന്നതിന് തെളിവാണ് കൂട് വിട്ട് കൂട് മാറിയ നേതാക്കളെല്ലാവരും തന്നെ ജയിച്ചത്.



Share this News Now:
  • Google+
Like(s): 307