17 June, 2018 10:19:47 AM
കാശ്മീർ യുവാക്കളുടെ പാക് യാത്രയ്ക്ക് പോലീസ് ക്ലിയറൻസ് നിർബന്ധം
നടപടി പാക്കിസ്ഥാനിൽ നിന്ന് ആയുധ പരിശീലനം നേടുന്നെന്ന സൂചനകളെ തുടര്‍ന്ന്

ശ്രീനഗർ: ജമ്മു കാശ്മീരിലെ യുവാക്കൾക്കു പാക്കിസ്ഥാനിലേക്കു യാത്ര ചെയ്യാൻ ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം. കാശ്മീർ താഴ്വരയിൽ നിന്നുള്ള യുവാക്കൾ പാക്കിസ്ഥാനിൽ കടന്ന് ആയുധ പരിശീലനം നേടുന്നെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് ജമ്മു കാശ്മീർ പോലീസ് ഈ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
ഒൗദ്യോഗിക വീസയിൽ അതിർത്തി കടക്കാൻ ഉദ്ദേശിക്കുന്ന 18-30 വയസിനിടയിൽ പ്രായമുള്ളവർക്കാണ് ഈ നിബന്ധന ബാധകം. അപേക്ഷിക്കുന്നവർക്ക് അതതു മേഖലകളിലെ എസ്എസ്പിയോ എഫ്ആർആർഒ ഓഫീസോ ആണു സർട്ടിഫിക്കറ്റ് നൽകേണ്ടതെന്ന് ജമ്മു കാശ്മീർ പോലീസ് സമർപ്പിച്ച കോണ്‍ഫിഡെൻഷ്യൽ റിപ്പോർട്ടിൽ പറയുന്നു. സാധുവായ വീസയുണ്ടെങ്കിലും, പോലീസ് നൽകുന്ന സ്ളിപ്പില്ലെങ്കിൽ യുവാക്കൾക്ക് അതിർത്തി കടക്കാൻ കഴിയില്ല.
2016-നുശേഷം താഴ്വരയിൽനിന്നുള്ള യുവാക്കളെ തീവ്രവാദ സംഘടനകളിലേക്കു റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നു. സാധുവായ വീസകളും മറ്റു രേഖകളും ഉപയോഗിച്ച് പാക്കിസ്ഥാനിലേക്കു പോകുന്ന യുവാക്കൾ, അവിടെ ഭീകര ക്യാന്പുകളിൽ പരിശീനം നേടി ഇന്ത്യയിൽ തിരിച്ചെത്തും. തിരിച്ചുവരവ് മിക്കപ്പോഴും അധീന കാശ്മീരിൽനിന്ന് നിയന്ത്രണരേഖ വഴിയാകാമെന്നാണ് ലഭിച്ച റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കാശ്മീർ പോലീസ് സുരക്ഷാ നടപടികൾ കർശനമാക്കുന്നത്