17 June, 2018 02:08:06 AM


കാലവര്‍ഷക്കെടുതി: പത്തനംതിട്ടയില്‍ 961 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

ഇതുവരെ 2.58 കോടി രൂപയുടെ കൃഷിനാശം; പനി ബാധിതര്‍ 429 പേര്‍




പത്തനംതിട്ട: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ 961 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. തിരുവല്ല താലൂക്കിലെ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായാണ് ഇവരെ പാര്‍പ്പിച്ചിട്ടുള്ളത്. തോട്ടപ്പുഴശേരി വില്ലേജില്‍ 42 പേരും കുറ്റപ്പുഴയില്‍ 60ഉം കോയിപ്രത്ത് 47ഉം നെടുമ്പ്രത്ത് 13ഉം പെരിങ്ങരയില്‍ 171ഉം നിരണത്ത് 130ഉം കടപ്രയില്‍ 498ഉം പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്ക് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ക്യാമ്പുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. തിരുവല്ല താലൂക്കിലെ കുറ്റൂര്‍, മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം, കോഴഞ്ചേരി താലൂക്കിലെ കിടങ്ങന്നൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 24 പേര്‍ വീടുകളിലേക്ക് മടങ്ങി. 

കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ 2.58 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 99.08 ഹെക്ടര്‍ സ്ഥലത്താണ് കൃഷി നാശം ഉണ്ടായിട്ടുള്ളത്. 1442 കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ട്. തിരുവല്ല, എഴുമറ്റൂര്‍, ആനിക്കാട്, കല്ലൂപ്പാറ, സീതത്തോട്, കവിയൂര്‍, കടമ്പനാട്, കുന്നന്താനം, മല്ലപ്പള്ളി, വെച്ചൂച്ചിറ, പ്രമാടം, നെടുമ്പ്രം, പുറമറ്റം, റാന്നി, നിരണം, വടശേരിക്കര, കടപ്ര, വള്ളിക്കോട്, ഏറത്ത്, ചെറുകോല്‍, കുറ്റൂര്‍ എന്നീ പഞ്ചായത്തുകളിലാണ് കൃഷിനാശമുണ്ടായിട്ടുള്ളത്. മറ്റ് സ്ഥലങ്ങളിലെ കൃഷിനാശത്തിന്റെ വിവരം ശേഖരിച്ചുവരുന്നു. 

ജില്ലയില്‍ പനി ബാധിച്ച്  429 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരില്‍ ഒരാള്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 67 പേര്‍ ചികിത്സ തേടി. ഡങ്കിപ്പനി കടമ്മനിട്ടയിലും എലിപ്പനി കൂടലിലുമാണ് സ്ഥിരീകരിച്ചത്.



Share this News Now:
  • Google+
Like(s): 102