17 June, 2018 12:01:32 AM


രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും; മന്ത്രി

ജമ്മു കാശ്മീരിലേക്കുള്ള ആദ്യ ലോഡ് കയര്‍ പുറപ്പെട്ടു




ആലപ്പുഴ: രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയറുല്‍പ്പന്നങ്ങള്‍ക്കായുള്ള സ്റ്റാന്‍ഡ് സ്ഥാപിക്കുകയാണ് സര്‍ക്കാരിന്റെ  ലക്ഷ്യമെന്ന് ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക് പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കയറുല്‍പ്പന്നങ്ങളുടെ വിപണി കണ്ടെത്തുന്നതിന്റെ  ഭാഗമായി ജമ്മുകാശ്മീര്‍ സംസ്ഥാനത്തേക്കുള്ള കയര്‍ ഉല്‍പന്നങ്ങളുടെ ആദ്യ ലോഡ് കയര്‍ കോര്‍പറേഷന്‍ അങ്കണത്തില്‍ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കയര്‍ കോര്‍പ്പറേഷനാണ് കാശ്മീരിലേക്ക് കയര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നത്.  

കയറിന്റെ ആഗോളവിപണി കുറയുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണി കൂടുതല്‍ ഉപയോഗപ്പെടുത്തിയേ തീരൂവെന്ന് മന്ത്രി പറഞ്ഞു.  കയറിനെക്കുറിച്ച് നമ്മുടെ നാടിന് പുറത്ത് കാര്യമായ അറിവില്ല.  ഇപ്പോള്‍  സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കയര്‍ ഉല്‍പ്പന്നങ്ങള്‍ കാണാനേയില്ല. കയര്‍ കോര്‍പ്പറേഷന്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവയിലുടെ കയറിന്റെ ആഭ്യന്തര വിപണി വിപുലീകരിക്കുകയാണ്.

തണുപ്പു കൂടുതലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെല്ലാം കയറിന് ആവശ്യക്കാരുണ്ട്. കാശ്മീരില്‍ നല്ല ഡിമാന്‍ഡ് കയറിനുണ്ട്. ഇന്ത്യയിലെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും കയര്‍ സ്റ്റാന്‍ഡ് ഉറപ്പാക്കുകയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ആര്‍ക്കുവേണമെങ്കിലും കയറുല്‍പ്പന്നങ്ങള്‍ ഫ്രാഞ്ചൈസിയായോ  അല്ലാതെയോ ഗ്യാരണ്ടിയോടെ നല്‍കും. വിറ്റ് പണം നല്‍കിയാല്‍ മതിമന്ത്രി തോമസ് ഐസക് പറഞ്ഞു. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, മാനേജിംഗ് ഡയറക്ടര്‍ ജി. ശ്രീകുമാര്‍, ഡയറക്ടര്‍മാരായ എന്‍.ആര്‍.ബാബുരാജ്, പി.കെ.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

പത്തു ലക്ഷത്തില്‍ പരം രൂപയ്ക്കുള്ള ഉത്പന്നങ്ങളാണ് ആദ്യഗഡുവായി ജമ്മുകാശ്മീരിലേക്ക്  കയര്‍ കോര്‍പ്പറേഷന്‍ കയറ്റി അയയ്ക്കുന്നത് . മൊത്തവിപണനക്കാരും ചില്ലറവില്‍പ്പനക്കാരം  ഉള്‍പ്പെടെ വന്‍ വിപണന ശൃംഖലയാണ് ജമ്മുകാശ്മീരില്‍  സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ രൂപപ്പെടുത്തുന്നത്. നിലവില്‍ കമ്പനിക്ക് ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ആസാം, ജാര്‍ഖണ്ട്, ബംഗാള്‍ വിപണന ശൃഘല നിലവിലുണ്ട്.  കര്‍ണാടക, ചെന്നൈ, ഗോവ, പഞ്ചാബ്, ഒറീസ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുസജ്ജമായ വിതരണശൃംഖല വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍  നടന്നുവരുകയാണ്.  തനത് സാമ്പത്തിക വര്‍ഷത്തില്‍ 25 കോടിയുടെ എങ്കിലും അധിക വില്പന ആഭ്യന്തര വിപണി വികസനത്തിലൂടെ നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.



Share this News Now:
  • Google+
Like(s): 51