16 June, 2018 12:41:19 AM


കുഞ്ഞിനെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത് എന്തിന്? യുവതിയുടെ വെളിപ്പെടുത്തല്‍

വക്കീലായ ഭര്‍ത്താവിന്‍റെ പീഡനകഥ കേട്ട് ഞെട്ടി പോലീസ്
പെരുമ്പാവൂര്‍: രണ്ടര വയസുകാരനായ മകനെ കുറുപ്പുംപടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച്‌ യുവതി വെളിപ്പെടുത്തല്‍ കേട്ട പോലീസിന്‍റെ മനസലിഞ്ഞു. വക്കീലായിരുന്ന ഭര്‍ത്താവിന്‍റെ പീഡനം സഹിക്ക വയ്യാതെയാണ് കുട്ടിയെ സ്റ്റേഷനില്‍ ഏല്‍പിച്ചതെന്നായിരുന്നു യുവതി പറഞ്ഞത്. 

ഗര്‍ഭിണിയായിരുന്നപ്പോള്‍ വയറ്റത്ത് കയറിയിരുന്ന് കവിളില്‍ അടിച്ചു. പിന്നെയും മര്‍ദ്ദനമുറകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കുട്ടിക്ക് തയ്യാറാക്കുന്ന ആഹാരത്തില്‍ മീശവെട്ടിയിടുകയും ക്ഷുദ്രജീവികളെ കൊല്ലുന്ന ഹിറ്റും ഹെയര്‍ ഡൈയുമൊക്കെ കലര്‍ത്തിവെയ്ക്കുന്നതും പതിവായി. ഇങ്ങനെ ഉപദ്രവം സഹിക്കാതെ ചോദ്യം ചെയ്തപ്പോള്‍ കൈപിറകിലേയ്ക്ക് പിടിച്ചുകെട്ടിയ ശേഷം മര്‍ദ്ദിച്ചു. മാനസീകരോഗിയായി ചിത്രീകരിച്ച്‌ ഭ്രാന്താശുപത്രിയില്‍ അഡ്മിറ്റുചെയ്തു.
 
ഇടയ്ക്ക് ഷുഗര്‍ കുറയുന്ന സമയത്ത് ഉണ്ടാകുന്ന അസ്വസ്ഥത മൂലം ഉച്ചത്തില്‍ സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന താന്‍ മധുരമുള്ള എന്തെങ്കിലും കഴിച്ചാല്‍ ഉടന്‍ സാധാരണ നിലയിലാവും. എന്നാല്‍ ഭര്‍ത്താവ് തന്നെ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ബന്ധുക്കളെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചു എന്നും യുവതി ആരോപിച്ചു. ഭ്രാന്തിയെന്ന് മുദ്രകുത്തപ്പെട്ടതിനാല്‍ എറണാകുളത്ത് നേഴ്സായി ജോലിചെയ്തിരുന്ന തനിക്ക് ഇപ്പോള്‍ ഒരു സ്ഥലത്തും ജോലി ലഭിക്കുന്നില്ല. താന്‍ മാനസീകരോഗിയാണോ അല്ലയോ എന്ന് കണ്ടെത്താന്‍ എവിടെ വേണമെങ്കിലും പരിശോധനയ്ക്ക് ഹാജരാവാന്‍ താന്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞു. 

ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും ജോലിയും വരുമാനവും ഇല്ലാത്ത തിനാല്‍ കുഞ്ഞിനെ നോക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പിതാവിന്‍റെ പക്കല്‍ കുട്ടിയെത്തണമെന്ന ഉദ്ദേശ്യത്തോടെ സ്റ്റേഷനിലേല്‍പ്പിച്ചതെന്നുമാണ് മാതാവ് വ്യക്തമാക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് യുവതി കുഞ്ഞിനെ സ്റ്റേഷനിലേല്‍പ്പിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങിയത്. കുട്ടിയുടെ പിതാവിന്‍റെ മൊബൈല്‍ നമ്പറില്‍ പൊലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതേത്തുടര്‍ന്ന് ഇന്നലെ രാത്രി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് കുട്ടിയെ സമീപത്തെ ശിശുപരിപാലന കേന്ദ്രത്തിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി അനാഥാലയത്തിലായിരുന്നു. അനാഥാലയത്തില്‍ നിന്നിറങ്ങിയ താനും മകനും വീടിന്‍റെ പിന്‍ഭാഗത്ത് അടുക്കളയോട് ചേര്‍ന്നുള്ള തുറന്ന് കിടന്ന ഭാഗത്ത് തറയില്‍ ചാക്ക് വിരിച്ചാണ് കഴിഞ്ഞ രണ്ട് ദിവസമായി കഴിഞ്ഞിരുന്നതെന്നും യുവതി വെളിപ്പെടുത്തി. ഭര്‍ത്താവിനൊപ്പം കഴിയാന്‍ താല്‍പ്യമില്ലെന്ന ഉറച്ച തീരുമാനത്തിലാണ് താനെന്നും യുവതി വ്യക്തമാക്കി.

തന്നെ പീഡിപ്പിക്കുന്നതായുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ അഭിഭാഷകനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. പ്രദേശത്തെ പ്രമുഖ കുടുംബാംഗമാണ് ഇയാള്‍.  അടുത്തിടെ സര്‍ക്കാര്‍ ജോലി ലഭിച്ച ഇയാള്‍ ഈ കേസില്‍ ഇപ്പോള്‍ ജാമ്യമെടുത്തിട്ടുണ്ട്.  പൊലീസ് വിളിച്ചതനുസരിച്ച്‌ ഇന്ന് ഇവരുടെ ഭര്‍ത്താവ് സ്റ്റേഷനില്‍ എത്തിയിരുന്നു. നിയമപരമായി കൈമാറിക്കിട്ടിയാല്‍ മാത്രമേ താന്‍ കുട്ടിയെ ഏല്‍ക്കു എന്ന് ഇയാള്‍ പൊലീസില്‍ വ്യക്തമാക്കിയതായാണ് അറിയുന്നത്.Share this News Now:
  • Google+
Like(s): 345