11 June, 2018 03:55:54 PM


കൊച്ചിയില്‍ സ്കൂള്‍ ബസ് ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞു; മൂന്ന് മരണം

മരട് കിഡ്സ് വേൾഡ് ഡേ കെയറിലെ രണ്ട് കുട്ടികളും ആയയുമാണ് മരിച്ചത്




കൊച്ചി: മരട് കാട്ടിത്തറ റോഡിൽ ഡേ കെയർ സ്ഥാപനത്തിന്‍റെ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു. ആദിത്യൻ, (നാല്), വിദ്യാലക്ഷ്മി (നാല്) ആയയായിരുന്ന ലത ഉണ്ണി എന്നിവരാണ് മരിച്ചത്. പരിക്കുകളോടെ ഒരു കുട്ടിയെയും ഡ്രൈവർ ബാബുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് അപകടമുണ്ടായത്. കിഡ്സ് വേൾഡ് എന്ന ഡേ കെയർ സ്ഥാപനത്തിന്‍റെ ബസാണ് കുളത്തിലേക്ക് മറിഞ്ഞത്. എട്ടു കുട്ടികളുമായിട്ടാണ് ഡേ കെയറിൽ നിന്നും വാഹനം പുറപ്പെട്ടത്. അഞ്ച് കുട്ടികളെ വീടുകളിൽ എത്തിച്ച ശേഷം മൂന്ന് പേരെ കൂടി ഇറക്കാൻ പോകുന്നതിനിടെയാണ് വാഹനം മറിഞ്ഞത്. ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച വാഹനം റോഡിൽ നിന്നും തെന്നി കുളത്തിലേക്ക് മറിയുകയായിരുന്നു. 

അപകടവിവരം അറിഞ്ഞ് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. മറിഞ്ഞ വാഹനത്തിൽ നിന്നും കുട്ടികളെയും ആയയെയും പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാൻ ഉയർത്തി കൂടുതൽ ആളുകൾ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

ഒരു വർഷം മുൻപ് ഇതേ സ്ഥലത്ത് ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു. കുളത്തിന്‍റെ വക്കിൽ സംരക്ഷണ ഭിത്തിയില്ലാത്തതാണ് അപകടത്തിലേക്ക് നയിച്ചത്. ടിപ്പർ അപകടമുണ്ടായ ശേഷം സംരക്ഷണ ഭിത്തി വേണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാൽ അധികൃതർ ഇക്കാര്യത്തിൽ അലംഭാവം കാട്ടുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.



Share this News Now:
  • Google+
Like(s): 549