09 June, 2018 08:15:13 PM


മതപ്രവര്‍ത്തനത്തിനിടെ പാസ്റ്റര്‍ക്ക് മര്‍ദ്ദനം; കൊടുങ്ങല്ലൂരില്‍ പ്രതിഷേധം ആളുന്നു

ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്



കൊടുങ്ങല്ലൂര്‍: മതപ്രചരണത്തിനിറങ്ങിയ പാസ്റ്റര്‍ക്കും കൂട്ടര്‍ക്കും മര്‍ദ്ദനം. സംഭവത്തില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരായ രണ്ട് പേര്‍ക്കെതിരെ പേലീസ് കേസെടുത്തു. പ്രതിഷേധവുമായി സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. വെള്ളിയാഴ്ച പകലാണ് മതപ്രചരണ പരിപാടിയുമായി വീടുവീടാന്തരം കയറിയിറങ്ങിയ പെന്തക്കോസ്ത് മിഷന്‍ പാസ്റ്റര്‍ ഇരിങ്ങാലക്കുട എട്ടുമുറിദേശം, ചെട്ടിപറമ്പ് എബ്രഹാം തോമസ് (രാജു- 45)നേയും സംഘാഗങ്ങളായ രണ്ട് പേരെയും ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന രണ്ട് പേര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും ലഘുലേഖകള്‍ കീറി കളയിക്കുകയും ചെയ്തത്.


ഗോപിനാഥന്‍ എന്ന യുവാവാണ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും മറ്റും ചെയ്തത്. കൂടെയുള്ള യുവാവ് ഇതെല്ലാം മൊബൈലില്‍ പകര്‍ത്തി. പിന്നാലെ ഇവര്‍ തന്നെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന് പോലീസ് പറയുന്നു. ഹിന്ദുക്കളുടെ വീടുകളില്‍ കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്യുന്നതില്‍ പ്രതിഷേധം അറിയിച്ച ഇവര്‍ ഇനി മേലില്‍ ഇത്തരം പരിപാടിയുമായി ഈ വഴി വന്നാല്‍ പുറം അടിച്ചു പൊട്ടിക്കുമെന്നും ഭീഷണിപെടുത്തുന്നുണ്ട്. സംഭവത്തിന് പിന്നാലെ പാസ്ററര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.





Share this News Now:
  • Google+
Like(s): 322