09 June, 2018 04:55:26 PM


തനിക്ക് എന്ത് സഹായം ചെയ്തുവെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കണം - പി.ജെ.കുര്യൻ

ഉമ്മൻ ചാണ്ടി കാര്യങ്ങൾ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു




പത്തനംതിട്ട: രാജ്യസഭാ സീറ്റ് വിവാദം കോണ്‍ഗ്രസിൽ കൂടുതൽ പൊട്ടിത്തെറികളിലേക്ക് വഴിവയ്ക്കുന്നു. ഉമ്മൻ ചാണ്ടിക്കെതിരേ രൂക്ഷമായ ആരോപണങ്ങളുമായി പി.ജെ.കുര്യൻ വീണ്ടും രംഗത്തുവന്നു. തനിക്ക് വേറെ ചില സഹായങ്ങൾ ചെയ്തുവെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി, ആ സഹായങ്ങൾ എന്താണെന്ന് വ്യക്തമാക്കണമെന്ന് കുര്യൻ ആവശ്യപ്പെട്ടു. തിരുവല്ലയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂര്യനെല്ലി കേസിൽ താൻ ഒരാളുടെയും സഹായം തേടിയിട്ടില്ല. ഇനി താൻ മറന്നുപോയതാണെങ്കിൽ ഉമ്മൻ ചാണ്ടി ഓർപ്പിക്കട്ടെ എന്നും, അപ്പോൾ തനിക്ക് പറയാനുള്ളത് പറയാമെന്നും കുര്യൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ തനിക്കെതിരേ ദുസൂചനയൊളിപ്പിച്ച് ഉമ്മൻ ചാണ്ടി സംസാരിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ചില രാഷ്ട്രീയ ആവശ്യങ്ങൾ ഉമ്മൻ ചാണ്ടിയോട് ചോദിച്ചിട്ടുണ്ട്. താൻ ചോദിച്ചതുകൊണ്ടാണോ എന്ന് അറിയില്ല, അതൊന്നും സാധിച്ചിട്ടില്ലെന്നും കുര്യൻ പറഞ്ഞു.

പത്തനംതിട്ട ജില്ലയിൽ നിന്നും ഒരാൾക്ക് കെപിസിസി ജനറൽ സെക്രട്ടറി പദവി നൽകണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. രാജീവ് ഗാന്ധിയുടെ കാലത്ത് ചീഫ് വിപ്പായി തെരഞ്ഞെടുത്തപ്പോൾ തന്നെ തനിക്ക് പത്തനംതിട്ട ഡിസിസി അധ്യക്ഷ പദവിയും നൽകി. ഈ പദവി നൽകരുതെന്ന് താൻ നേതൃത്വത്തോട് അപേക്ഷിച്ചതാണ്. ഉമ്മൻ ചാണ്ടിയുടെ നിർബന്ധമാണ് ഇക്കാര്യത്തിലുണ്ടായതെന്ന് തനിക്ക് പിന്നീട് ബോധ്യമായി. ഇക്കാര്യം എ.കെ.ആന്‍റണിയും തന്നോട് സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിൽ ജില്ലയിൽ നിന്നുള്ള ഒരു നേതാവിനെ സ്ഥാനാർഥിയാക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോട്ടയം ജില്ലക്കാരനായ ആന്‍റോ ആന്‍റണിയെയാണ് നേതൃത്വം സ്ഥാനാർഥിയാക്കിയത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വിട്ട് എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച പീലിപ്പോസ് തോമസിന് സീറ്റ് നൽകണമെന്ന് മൂന്ന് ടേമിൽ താൻ ആവശ്യപ്പെട്ടിരുന്നു. എല്ലാത്തവണയും സീറ്റ് ഉറപ്പാണെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി അവസാനം കാലുമാറുകയാണ് ചെയ്തത്. ഈ മൂന്ന് തവണയും പീലിപ്പോസ് തോമസ് താനാണ് സീറ്റില്ലാതാക്കിയതെന്ന് തെറ്റിദ്ധരിച്ചുവെന്നും അതുകൊണ്ടാണ് അദ്ദേഹം എൽഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ തയാറായതെന്നും കുര്യൻ പറഞ്ഞു.

കാര്യങ്ങൾ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് ഉമ്മൻ ചാണ്ടി ചെയ്യുന്നത്. 2005-ൽ തന്നെ രാജ്യസഭയിൽ എത്തിക്കാൻ ഇടപെട്ടുവെന്ന് ഉമ്മൻ ചാണ്ടിയുടെ അവകാശവാദം തെറ്റാണ്. പിന്നീട് 2012-ൽ തന്നെ ഒഴിവാക്കാൻ ഉമ്മൻ ചാണ്ടി ഇടപെടുകയും ചെയ്തു. പിന്നീട് ഹൈക്കമാൻഡ് ഇടപെടലിലൂടെയാണ് തനിക്ക് സീറ്റ് ലഭിച്ചത്. രാജ്യസഭയിലേക്ക് പോകണമെന്ന് താൻ ഒരിക്കൽ പോലും ആവശ്യപ്പെട്ടിരുന്നില്ലെന്നും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണ് എംപിയായതെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് പകരം മലബാറിൽ നിന്നുള്ള ഒരു പ്രതിനിധിയെ വിടാനാണ് ഉദ്ദേശിച്ചതെന്ന് ഉമ്മൻ ചാണ്ടിയുടെ വാദവും കുര്യൻ തള്ളി. അത്തരമൊരു താത്പര്യം ഉമ്മൻ ചാണ്ടിക്ക് ആത്മാർഥമായി ഉണ്ടായിരുന്നെങ്കിൽ, ഇത്തവണ അത് സാധ്യമായിരുന്നില്ലേ എന്നും എന്തുകൊണ്ട് ചെയ്തില്ലെന്നും കുര്യൻ ചോദിച്ചു. രാജ്യസഭാ സീറ്റിന്‍റെ കാര്യത്തിൽ ഡൽഹിയിൽ നടന്ന ചർച്ചകളെക്കുറിച്ച് അറിഞ്ഞിരുന്നില്ല. കേരള കോണ്‍ഗ്രസ്-എമ്മിന് സീറ്റ് നൽകാൻ പോകുന്നുവെന്ന് അവസാന നിമിഷം സൂചന ലഭിച്ചപ്പോൾ തന്നെ താൻ ഹൈക്കമാൻഡിനെ ബന്ധപ്പെട്ടിരുന്നു.

തനിക്ക് സീറ്റ് നൽകണമെന്ന് നിർബന്ധമില്ലെന്നും യോഗ്യരായ കോണ്‍ഗ്രസുകാർക്ക് സീറ്റ് നൽകണമെന്നും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്. ആറ് നേതാക്കളുടെ പേരുകളും താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ച സീറ്റ് കേരള കോണ്‍ഗ്രസിന് നൽകാൻ മുൻകൈയെടുക്കുകയായിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നാണ് ഉമ്മൻ ചാണ്ടി ധരിപ്പിച്ചതെന്നും ഇതോടെയാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം ഹൈക്കമാൻഡ് അംഗീകരിച്ചതെന്നും കുര്യൻ പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായ തന്നെ അറിയിക്കാൻ തയാറായില്ല. രണ്ടു മാസം മുൻപ് ഡൽഹിയിൽ വച്ച് രാജ്യസഭയിലേക്ക് താൻ തന്നെ പോകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചർച്ചകൾക്ക് ശേഷം സീറ്റ് വിട്ടു നൽകിയതിന് ചെന്നിത്തല തന്നെ കണ്ട് ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാൽ ഉമ്മൻ ചാണ്ടി ഫോണിൽ പോലും ബന്ധപ്പെടാനുള്ള മര്യാദ കാണിച്ചില്ല. കേരള കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചതിന് കെ.എം.മാണിയെയോ പി.കെ.കുഞ്ഞാലിക്കുട്ടിയെയോ താൻ കുറ്റം പറയുന്നില്ല.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടി രാജ്യസഭാ സീറ്റ് വെറുതെ കിട്ടുന്നുവെന്ന് പറഞ്ഞാൽ വാങ്ങാതിരിക്കുമോ എന്നും ഉമ്മൻ ചാണ്ടി സ്വകാര്യ അജണ്ട ഇക്കാര്യത്തിൽ നടപ്പാക്കുകയാണ് ചെയ്തതെന്നും കുര്യൻ പറഞ്ഞു. കേരള രാഷ്ട്രീയത്തിലേക്ക് കുര്യൻ വരുമോ എന്ന് ഉമ്മൻ ചാണ്ടി ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, താൻ സാധാരണക്കാരനായ കോണ്‍ഗ്രസ് പ്രവർത്തകനല്ലേ, ഉന്നത നേതാവായ ഉമ്മൻ ചാണ്ടി തന്നെ എന്തിന് ഭയപ്പെടണമെന്നാണ് അദ്ദേഹം ചോദിച്ചത്. താനും സിംപിൾ ലൈഫ് പിന്തുടരുന്നയാളാണെന്നും എന്നാൽ അതൊന്നും കൊട്ടിഘോഷിച്ച് നടക്കാറില്ലെന്നും പി.ജെ.കുര്യൻ കൂട്ടിച്ചേർത്തു



Share this News Now:
  • Google+
Like(s): 54