08 June, 2018 04:44:24 PM


മാണി വന്നപ്പോള്‍ സുധീരന്‍ പോയി; കോണ്‍ഗ്രസില്‍ അങ്കം മുറുകുന്നു

കോണ്‍ഗ്രസ് തീരുമാനത്തിന്‍റെ ഗുണഭോക്താവ് ബിജെപിയെന്ന് സുധീരന്‍




തിരുവനന്തപുരം: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കെ.എം.മാണിയും കൂട്ടരും യുഡിഎഫ് യോഗത്തിലേക്ക് കയറി വന്നപ്പോൾ കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് മുന്നിൽ അടിയറവ് വച്ച കെപിസിസി നേതൃത്വത്തിനെതിരേ ഏറ്റവും രൂക്ഷമായി തന്നെ സുധീരൻ പ്രതികരിക്കുകയും ചെയ്തു. മാണി എത്തുന്നതിന് മുൻപ് യോഗത്തിൽ ശക്തമായി പ്രതികരിച്ച സുധീരൻ മാണിയുടെ സംഘവും വരുന്നതറിഞ്ഞ് യോഗം നടന്ന ഹാളിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

കോണ്‍ഗ്രസ് നേതൃത്വം ഇപ്പോൾ എടുത്ത തീരുമാനത്തിന്‍റെ ഗുണഭോക്താവ് ബിജെപിയാണെന്ന രൂക്ഷ വിമർശനം പിന്നീട് സുധീരൻ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. മാണി യുഡിഎഫിന്‍റെ ഭാഗമാകുന്നത് നല്ല കാര്യം തന്നെയാണെന്ന് പറഞ്ഞു തുടങ്ങിയ സുധീരൻ പിന്നാലെ പറഞ്ഞതെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തെ കുത്തിയാണ്.

കോണ്‍ഗ്രസ് കേരളത്തിൽ വലിയ നാശത്തിലേക്കാണ് പോകുന്നതെന്നും വിനാശകരമായ തീരുമാനമാണ് നേതൃത്വം കൈക്കൊണ്ടതെന്നും കുറ്റപ്പെടുത്തി. പാർട്ടിയുടെ തീരുമാനം എങ്ങനെ അണികളെയും പൊതുജനത്തെയും ബോധ്യപ്പെടുത്തുമെന്ന് സുധീരൻ ചോദിച്ചു. സുതാര്യമല്ലാത്ത തീരുമാനമാണിതെന്ന് പറയേണ്ടി വരുമെന്നും അത്തരത്തിലാണ് പലരുടെയും പ്രവൃത്തിയെന്നും അദ്ദേഹം ആരോപിച്ചു.

മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനെ ദുർബലപ്പെടുത്തി യുഡിഎഫ് എന്ന സംവിധാനം എങ്ങനെ ശക്തിപ്പെടുത്തുമെന്നും കോണ്‍ഗ്രസ് ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നൽകിയ തീരുമാനം മുന്നണിയുടെ സുഖമമായ മുന്നോട്ടുപോക്കിന് തടസം സൃഷ്ടിക്കുമെന്ന് ഉറപ്പാണെന്നും സുധീരൻ തുറന്നടിച്ചു



Share this News Now:
  • Google+
Like(s): 62