07 June, 2018 11:50:01 AM


ജസ്നയുടെ തിരോധാനം: അപ്പനെ ചോദ്യം ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പി.സി.ജോര്‍ജ്

പോലീസുകാര്‍ വിമാനത്തിൽ കയറി നടന്നിട്ട് ഒരു കാര്യവുമില്ലെന്നും പി.സി
കോട്ടയം: മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്നയുടെ കുടുംബത്തിനെതിരെ പിസി ജോർജ് എംഎൽഎ രംഗത്തു വന്നു. ജെസ്നയെ കാണാതായ സംഭവത്തിൽ അന്വേഷണം ശരിയായ വഴിക്കല്ലെന്നും ഇതിൽ ഇപ്പോൾ നടക്കുന്നത് മുഴുവൻ മറിമായമാണെന്നും പിസി ജോർജ്. പെൺകുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്താൽ എല്ലാം കൃത്യമായി പുറത്ത് വരുമെന്ന് പിസി വ്യക്തമാക്കുന്നു. കുട്ടിയെ കാണാതായതിൽ അവർക്ക് ഒരു വിഷമവുമുള്ളതായി ആ വീട് സന്ദർശിച്ചപ്പോൾ തോന്നിയില്ലെന്നും പിസി പറയുന്നു. കൊച്ചിനെ കാണാതായപ്പോൾ ഉമ്മന്‍ചാണ്ടിയെ പോലുള്ള പ്രമുഖര്‍ വീട്ടിൽ വന്നത് വലിയ ആഘോഷമാക്കി മാറ്റുകയാണ് ജെസ്നയുടെ അപ്പനും സഹോദരനുമടങ്ങുന്ന കുടുംബം ചെയ്തതെന്നും ജോര്‍ജ് വെളിപ്പെടുത്തുന്നു.


ജസ്നയെ കാണാതായി എന്ന് പറയുന്ന ദിവസം ആ കൊച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടുണ്ടോ എന്ന് പോലും ഒന്ന് അന്വേഷിക്കണം. സമീപത്തൊക്കെ അന്വേഷിച്ചപ്പോൾ ആ കുട്ടിയുടെ അച്ഛനെ കുറിച്ച് നാട്ടുകാർ പറഞ്ഞത് അത്ര നല്ല കാര്യങ്ങൾ ഒന്നും ആയിരുന്നില്ലെന്നും പിസി വ്യക്തമാക്കി. എരുമേലിയിലെ വലിയൊരു ഭാഗം പിസി ജോർജിന്‍റെ മണ്ഡലമായ പൂഞ്ഞാറിലാണുള്ളത്. എരുമേലിക്ക് അടുത്താണ് മുക്കൂട്ടുതറ. ഈ മേഖലയുമായി ഏറെ വ്യക്തിബന്ധം ജോർജിനുണ്ട്. ഈ സാഹചര്യത്തില്‍ ജോർജിന്‍റെ വെളിപ്പെടുത്തൽ നിർണ്ണായകമാകുകയാണ്. ഒപ്പം വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്യുന്നു.


ജെസ്നയുടെ തിരോധാനത്തെ കുറിച്ച് പിസി ജോർജ് പറയുന്നത് ഇങ്ങനെ -


ജെസ്ന മുക്കൂട്ടുതറ സ്വദേശിനിയാണ് റാന്നി നിയോജക മണ്ഡലത്തിന്റെ ഭാഗമാണെങ്കിലും അത് പൂഞ്ഞാറുമായി അടുത്ത് കിടക്കുന്ന സ്ഥലമായതിനാലാണ് ഞാൻ ആ വിഷയത്തിൽ ഇടപെട്ടത്. പിന്നെ സഭയിൽ ആ വിഷയം അവരിപ്പിച്ചതും. ആ കുട്ടി വീട്ടിൽ നിന്നും രാവിലെ കാഞ്ഞിരപള്ളി സെന്‍റ് ഡൊമിനിക്സ് കോളേജിൽ പഠിക്കാൻ പോയതാണ് എന്നാണ് പറയുന്നത്. രാവിലെ പഠിക്കാൻ പോയി പിന്നെ കണ്ടില്ല എന്നാണ് പറയുന്നത്.


രാവിലെ എരുമേലിയിൽ നിൽക്കുന്നത് കണ്ടു എന്നൊക്കെയും പറയുന്നു. ഓട്ടോ ഡ്രൈവർമാർ കണ്ടു എന്നൊക്കെ പറയുന്നുണ്ട്. സത്യം പറഞ്ഞാൽ എനിക്ക് ഈ കേൾക്കുന്നതിലും പറയുന്നതിലും ഒന്നും ഒരു വിശ്വാസവുമില്ല. അന്നേ ദിവസം ആ കൊച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങിയോ എന്ന് പോലും സംശയമുണ്ട്. എന്നാൽ ആ കൊച്ചിനെ കണ്ടു എന്ന് പറയുന്നത് ഒന്നോ രണ്ടോ പേർ മാത്രമാണ്. ഈ ഓട്ടോക്കാരൊക്കെ എങ്ങനെ ആ കൊച്ചിനെ കണ്ടു എന്നാ പറയുന്നത്.


ആ കുട്ടിയുടെ ജീവിതം തുലയ്ക്കാൻ ആരാണ് ശ്രമിച്ചത് എന്ന് കണ്ടെത്തുന്നതാകും ശരി. ഞാൻ ആ കുട്ടിയുടെ വീട്ടിലേക്ക് ചെല്ലുകയാണ്. കാണാതായി നാല് ദിവസം കഴിഞ്ഞപ്പോ. കുറച്ച് കഴിയുമ്പോ ഉമ്മൻ ചാണ്ടി വരുമെന്ന് പറയുന്നുണ്ടായിരുന്നു. കുറച്ച് കോൺഗ്രസ് പ്രവർത്തകരും അവിടെ നിൽപ്പുണ്ടായിരുന്നു. ഈ കൊച്ചിന്‍റെ അച്ഛനും സഹോദരനും മറ്റൊരു സഹോദരിയും എന്തൊരു സന്തോഷത്തിലാണ് എന്നെ സ്വീകരിച്ചത് എന്ന് അറിയാമോ? അടുത്തത് ഉമ്മൻ ചാണ്ടിയെ സ്വീകരിക്കാൻ സന്തോഷത്തോടെ ഒരുങ്ങി നിൽക്കുകയായിരുന്നു അവർ. മുഖത്തൊന്നും ഒരു വിഷമവും ഉള്ളതായി തോന്നിയില്ല. കൊച്ചു പോയത് ഒരു നേട്ടമായി എന്നാണ് അവരുടെ പെരുമാറ്റത്തിൽ നിന്ന് മനസ്സിലായി. കൊച്ച് കാണാതായതുകൊണ്ട് ഇപ്പോൾ പ്രമുഖർ വീട്ടിൽ വരുന്നു അതിന്‍റെ ഒരു ത്രില്ലും സന്തോഷവുമൊക്കെ ആയിരുന്നു അവർക്ക്. ഇതിൽ എനിക്ക് നല്ല സംശയം തോന്നി.


ഉമ്മൻ ചാണ്ടി വരുമ്പോൾ അവിടെ നിൽക്കണ്ടല്ലോ എന്ന് കരുതി അപ്പോ തന്നെ ഞാൻ അവിടെ നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങിയതിന് പിന്നാലെ ഞാൻ ആ സമീപവാസികളോട് പോയി അവരെ കുറിച്ചും ഒക്കെ ഒന്ന് അന്വേഷിച്ചു. അപ്പോ ആ കൊച്ചിന്‍റെ അപ്പനെ കുറിച്ച് അത്ര നല്ല കാര്യങ്ങൾ അല്ല കേട്ടത്. എന്ന് മാത്രമല്ല വളരെ മോശമായ കാര്യങ്ങളാണ് ആളുകൾ പറഞ്ഞത്. ജെസ്നയുടെ അമ്മ നേരത്തെ മരിച്ചിരുന്നു ആ മരണത്തിൽ പോലും ദുരൂഹത ഉണ്ടെന്ന രീതിയിലാണ് ആളുകൾ പ്രതികരിച്ചത്. അത് തന്നെയല്ല രണ്ടാമത് ഒരു കീപ്പുണ്ടെന്നുമാണ് അതിൽ ചില പ്രശ്നങ്ങളുണ്ടെന്നുമാണ് മനസ്സിലാക്കിയത്.


അന്ന് തന്നെ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു ആ അപ്പനെ പിടിച്ച് ചോദ്യം ചെയ്യണമെന്ന്. പക്ഷേ അത് ഉണ്ടായില്ല. പൊലീസിന്‍റെ ഈ വിഷയത്തിലുള്ള അന്വേഷണം അത്ര തൃപതികരമല്ല. പൊലീസിന്‍റെ ഭാഗത്ത് നിന്നും എന്തോ മറിമായമുണ്ട്. പിന്നെ അവൾക്ക് വേണ്ടി നടക്കുന്നത് യഥാർത്ഥമായ അന്വേഷണമാണെന്ന് ഞാൻ കരുതുന്നുമില്ല. കുറേ പൊലീസുകാർ. അവൾ കാട്ടിലുണ്ട്, വിദേശത്തുണ്ട് എന്ന് പറയുന്നു. ഇത് പറഞ്ഞ് വിമാനത്തിൽ കയറി നടന്നിട്ട് ഒരു കാര്യവുമില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിസി ജോർജ് പറയുന്നുShare this News Now:
  • Google+
Like(s): 495