07 June, 2018 08:32:17 AM


മുഖ്യമന്ത്രിക്ക് വധഭീഷണി: പ്രവാസി മലയാളിക്ക് ജോലി നഷ്ടമായി

കോതമംഗലം സ്വദേശി കൃഷ്ണകുമാറിനെതിരെയാണ് നടപടി




കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വധഭീഷണി മുഴക്കിയ മലയാളിക്ക് ജോലി നഷ്ടമായി. അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയിൽ റിഗ്ഗിങ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായർക്കാണ് (56) ജോലി നഷ്ടമായത്. ഇത്തരത്തിലുള്ള പെരുമാറ്റം അനുവദിക്കുന്നതല്ല തങ്ങളുടെ നയമെന്നും കമ്പനി വക്താവ് അറിയിച്ചു.


നാട്ടിലുണ്ടായിരുന്നപ്പോൾ ആർ.എസ്.എസ് പ്രവർത്തകനായിരുന്നെന്നും പഴയ കത്തി മൂർച്ച കൂട്ടി എടുക്കുമെന്നുമാണ് ഇയാൾ ഫെയ്സ് ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്. ജോലി ഉപേക്ഷിച്ച് മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ നാട്ടിലേക്ക് എത്തുകയാണെന്നും ഇയാൾ പറഞ്ഞിരുന്നു. പിണറായിയെ അസഭ്യം പറഞ്ഞും മന്ത്രി എം.എം. മണിയെ വംശീയമായി അധിക്ഷേപിച്ചുമായിരുന്നു ഭീഷണി. എന്നാൽ, വീഡിയോ വൈറൽ ആകുകയും പല ഭാഗത്തു നിന്നും പ്രതിഷേധം ഉയരുകയും ചെയ്തപ്പോൾ മാപ്പ് ചോദിച്ചുകൊണ്ട് ഇയാൾ വീണ്ടും ഫെയ്സ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയോടും കുടുംബത്തോടും വല്ലാത്ത അപരാധമാണ് ചെയ്തതെന്നും മാപ്പുതരണമെന്നും കൃഷ്ണകുമാർ നായർ രണ്ടാമത്തെ വീഡിയോവിൽ പറഞ്ഞിരുന്നു. മദ്യലഹരിയിൽ പറ്റിപ്പോയ അബദ്ധമാണെന്നും ഇനിയാവർത്തിക്കില്ലെന്നും കൂട്ടിച്ചേർത്തു. രണ്ടാമത്തെ വിഡിയോയും വിവിധ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.


ഇതിനു ശേഷമാണ് ജോലി ചെയ്തിരുന്ന കമ്പനി കൃഷ്ണകുമാർ നായരെ പിരിച്ചു വിടാൻ തീരുമാനിച്ചത്. ജോലി പോയി താൻ നാട്ടിലേക്ക് മടങ്ങുകയാണെന്നും നിയമം അനുശാസിക്കുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്നും കൃഷ്ണകുമാർ നായർ വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 157