06 June, 2018 08:00:47 AM


അനുനയത്തിനെത്തും മുൻപേ അമിത്ഷായെ പരിഹസിച്ച് ശിവസേന

അമിത് ഷാ ഉദ്ധവിനെ കാണുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് ശിവസേന മുഖപത്രം




ദില്ലി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ശിവസേനാ തലവൻ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ചയ്ക്ക് എത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കെ പരിഹാസവുമായി ശിവസേനാ മുഖപത്രം സാംന. നേരത്തെ നൽകിയ അതേ വാഗ്ദാനങ്ങളുമായാണ് ബിജെപി അധ്യക്ഷൻ‌ കൂടിക്കാഴ്ചയ്ക്ക് എത്തുന്നതെന്നാണ് സാംനയുടെ മുഖപത്രത്തിലെ പ്രധാന വിമർശനം.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടാണ് അമിത് ഷാ ഉദ്ധവിനെ സന്ദർശിക്കാനെത്തുന്നതെന്നും മുഖപത്രം വിമർശനമുന്നയിച്ചു. രാജ്യത്ത് ഇന്ധനവില അടിക്കടി വർധിക്കുമ്പോഴും കേന്ദ്ര സർക്കാർ ഒളിച്ചുകളിനടത്തുകയാണെന്നും സാംന പരിഹസിക്കുന്നുണ്ട്. പാൽഘറിൽ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്തെത്തിയ ശിവസേന ബിജെപിയെ ഞെട്ടിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വോട്ടിന് പണം, വോട്ടിങ്മെഷിൻ ക്രമക്കേട് തുടങ്ങി ബിജെപിക്കെതിരെ പ്രതിപക്ഷപാർട്ടികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉദ്ധവ് താക്കറെയും ആവർത്തിച്ചിരുന്നു.

ബിജെപിയുമായി ഇനിയൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ശിവസേന പ്രഖ്യാപിച്ചിരിക്കെയാണ് ഇന്നത്തെ അമിത്ഷായുടെ സന്ദർശനവും ചർച്ചയും. വൈകീട്ട് മുംബൈയിലെ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിലാണ് കൂടികാഴ്ച. ബിജെപിക്കുമുന്നിൽ ശിവസേന പല ഉപാധികളും വച്ചേക്കുമെന്നാണ് സൂചന



Share this News Now:
  • Google+
Like(s): 73