05 June, 2018 10:27:51 PM


ലോകബാങ്ക് സഹായം നിലച്ചു; ഏറ്റുമാനൂര്‍ ആധുനിക ശ്മശാനം അനിശ്ചിതത്വത്തില്‍

നിര്‍മ്മാണ പ്രവര്‍ത്തനം നിശ്ചിത കാലാവധിക്കുള്ളില്‍ തീര്‍ന്നില്ല




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയുടെ ആധുനിക ശ്മശാനത്തിന് ലോകബാങ്ക് അനുവദിച്ച ധനസഹായം മുടങ്ങി. ഗ്യാസ് ശ്മശാനത്തിനും കംഫര്‍ട്ട് സ്റ്റേഷനും കൂടി ലോകബാങ്ക് അനുവദിച്ച തുകയില്‍ ഇനി ലഭിക്കാനുള്ള ഒരു കോടിയിലധികം രൂപ പാഴായത് കരാര്‍ കാലാവധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാതെ വന്നതിനെ തുടര്‍ന്ന്.

2017 മാര്‍ച്ച് 24ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മന്ത്രി കെ.ടി.ജലീലാണ് ആധുനിക ശ്മശാനത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചത്. നിലവില്‍ നഗരസഭപൊതുശ്മശാനം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് 1.34 കോടി രൂപാ ചെലവില്‍ ആധുനിക ശ്മശാനത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. എസ്റ്റിമേറ്റ് തുകയില്‍ നിന്ന് ഇരുപത് ശതമാനം താഴ്ത്തിയാണ് എഗ്രിമെന്‍റ് വെച്ചത്. ഒരു വര്‍ഷമായിരുന്നു നിര്‍മ്മാണ കാലാവധി. 

ടൗണില്‍ ചിറക്കുളത്തിന് സമീപം ആധുനികരീതിയിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിച്ചു തുടങ്ങിയത് 94 ലക്ഷം രൂപ വകയിരുത്തി. ശ്മശാനത്തിന്‍റെയും കംഫര്‍ട്ട് സ്റ്റേഷന്‍റെയും കെട്ടിടത്തിന്‍റെ അവസാനഘട്ടപണികളിലേക്ക് കടക്കാനിരിക്കെയാണ് ലോകബാങ്ക് സഹായം ലഭിക്കില്ലെന്ന അവസ്ഥ സംജാതമായത്. നഗരസഭയുടെ പ്രഥമ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയിലിന്‍റെ സ്വപ്നപദ്ധതികളാണ് ഇപ്പോള്‍ തകിടം മറിഞ്ഞത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരും സെക്രട്ടറിയും ഫയലുകള്‍ യഥാസമയം നീക്കാത്തതുകൊണ്ടാണ് തുക ലാപ്സായി പോയതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. 

രണ്ട് പദ്ധതികള്‍ക്കുമായി  രൂപയായിരുന്നു ലോകബാങ്ക് സഹായം. നഗരസഭയുടെ തനതുഫണ്ട് കൂടി ഉപയോഗിച്ച് പണികള്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. ലോകബാങ്ക് സഹായം മുടങ്ങിയെന്ന് ഉറപ്പായതോടെ ഇനി പണികള്‍ തീര്‍ക്കണമെങ്കില്‍ നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും കൂടുതല്‍ തുക കണ്ടെത്തേണ്ടിവരും. നിലവില്‍ ഫണ്ട് കമ്മിയായതിനാല്‍ മറ്റ് പദ്ധതികള്‍ക്ക് വെച്ചിരിക്കുന്ന തുക വകമാറ്റി ചെലവഴിക്കുക എന്നതാണ് ഏക പോംവഴി.

ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റിയുടെതായ പദ്ധതികള്‍ക്കാണ് ഇനി ഏറ്റവും കൂടുതല്‍ തുക മാറ്റിവെച്ചിട്ടുള്ളത്. സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന് ആറ് കോടിയും മറ്റ് മാലിന്യസംസ്കരണ - ശുചിത്വ പദ്ധതികള്‍ക്കായി രണ്ട് കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്. എന്നാല്‍ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഉടന്‍ നടക്കില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി കഴിഞ്ഞു. ചെറുവാണ്ടൂര്‍‌ പാടത്ത് സ്ഥലം ലഭിക്കുമെന്നറിയിച്ചിട്ടും അതിനുള്ള ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റിയുടെ പദ്ധതികള്‍ക്ക് തുരങ്കം വെച്ച് ആ തുക ശ്മശാനത്തിന്‍റെ നിര്‍മ്മാണത്തിന് വകമാറ്റാനുള്ള നീക്കമാണ് നഗരസഭയില്‍ നടക്കുന്നതെന്നും എന്നാല്‍ അതിന് അനുവദിക്കില്ലെന്നും സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് പറയുന്നു.



Share this News Now:
  • Google+
Like(s): 466