05 June, 2018 01:14:00 PM


എടപ്പാളിലെ തീയറ്റർ പീഡനം: എസ്ഐ കെ.ജി.ബേബി അറസ്റ്റിൽ

എസ്ഐയുടെ അറസ്റ്റ് വേഗത്തിലാക്കിയത് ഉന്നതർ ഇടപെട്ട്




മലപ്പുറം: തീയറ്റർ പീഡനക്കേസിൽ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച ചങ്ങരംകുളം സ്റ്റേഷനിലെ എസ്ഐ കെ.ജി.ബേബിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിൽ എസ്ഐക്കെതിരേ പോക്സോ നിയമം ചുമത്തിയിരുന്നെങ്കിലും ഇതുവരെ അറസ്റ്റുണ്ടായിരുന്നില്ല. തിങ്കളാഴ്ച തീയറ്റർ പീഡനവിവരം ചൈൽഡ്‌ലൈനെ അറിയിച്ച തീയറ്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തത് വ്യാപക വിമർശനത്തിന് ഇടയാക്കിയതിന് പിന്നാലെയായിരുന്നു എസ്ഐയുടെ അറസ്റ്റ്.

കേസിൽ പോക്സോ ചുമത്തിയിരുന്ന എസ്ഐയെ അറസ്റ്റ് ചെയ്യാതെ വിവരം പുറത്തറിയിച്ച തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു. സംഭവം സർക്കാരിന് മറ്റൊരു കുരുക്കായി മാറിയതോടെ മുഖ്യമന്ത്രിയും ഡിജിപിയും വരെ തീയറ്റർ ഉടമയുടെ അറസ്റ്റിൽ അതൃപ്തി രേഖപ്പെടുത്തി. വിഷയത്തിൽ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ സർക്കാരിനെതിരേ കലാപക്കൊടി കൂടി ഉയർത്തിയതോടെ ആഭ്യന്തരവകുപ്പിലെ ഉന്നതർ ഇടപെട്ട് എസ്ഐയുടെ അറസ്റ്റ് വേഗത്തിലാക്കുകയായിരുന്നു.

ഉന്നത ഉദ്യോഗസ്ഥർ അറിയാതെയാണ് ചങ്ങരംകുളം പോലീസ് തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇക്കാര്യത്തിൽ ഡിജിപിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. സിപിഎം ഉന്നതരുടെ ഒത്താശയോടെ കേസിലെ മുഖ്യപ്രതിയെ രക്ഷിക്കാനാണ് തീയറ്റർ ഉടമയെ കേസെടുത്ത് പീഡിപ്പിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. സർക്കാർ ഇരകൾക്കൊപ്പം അല്ല, വേട്ടക്കാരനൊപ്പമാണെന്നാണ് ഇതുവഴി തെളിയുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി



Share this News Now:
  • Google+
Like(s): 142