05 June, 2018 08:31:18 AM


കേരളത്തിലെ 12 മെഡിക്കൽ കോളേജുകൾക്ക് പ്രവേശനവിലക്ക്

1,600ഓളം മെഡിക്കൽ സീറ്റുകളിൽ ഇക്കൊല്ലം പ്രവേശനം നടത്താനാകില്ല




ദില്ലി: രണ്ട് സർക്കാർ കോളേജുകൾ ഉൾപ്പെടെ കേരളത്തിലെ 12 മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് ഈ വർഷം അനുമതിയില്ല. അടിസ്ഥാന സൗകര്യങ്ങൾ കുറവായതിനാൽ പ്രവേശനത്തിന് അനുമതി നൽകേണ്ടതില്ലെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(എം.സി.ഐ.)യുടെ ശുപാർശ ആരോഗ്യമന്ത്രാലയം അംഗീകരിച്ചു. ആദ്യ ബാച്ചിലേക്ക് പ്രവേശനം നടത്താൻ അനുമതി തേടിയ മൂന്നെണ്ണത്തിനും നിലവിലുള്ള ഒൻപത് കോളേജുകൾക്കുമാണ് തീരുമാനം തിരിച്ചടിയായത്.


ഇടുക്കി, പാലക്കാട് സർക്കാർ മെഡിക്കൽ കോളേജുകളിലെ നൂറുവീതം സീറ്റുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 1,600-ഓളം മെഡിക്കൽ സീറ്റുകളിൽ ഈ അധ്യയനവർഷം പ്രവേശനം നടത്താനാകില്ല. ഇതുൾപ്പെടെ രാജ്യത്തെ 19,430 മെഡിക്കൽ സീറ്റുകളിലെ ഇക്കൊല്ലത്തെ പ്രവേശനം വിലക്കിയിട്ടുണ്ട്. നിലവിലെ 82-ഉം പുതുതായി ആരംഭിച്ച 68-ഉം കോളേജുകളിലായാണ് ഇത്രയും സീറ്റുകൾ ഉള്ളത്‌. 68 പുതിയ കോളേജുകളിൽ 31 എണ്ണവും സർക്കാരിന്റേതാണ്. സീറ്റുവർധനയ്ക്ക് അനുമതി തേടിയ ഒൻപത് കോളേജുകൾക്കും അനുമതിയില്ല.


എം.സി.ഐ.യുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് പുതിയ കോളേജുകൾക്ക് വിലക്ക്. സംസ്ഥാനത്തെ നിലവിലുള്ള ഒൻപത് മെഡിക്കൽ കോളേജുകളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താത്തതിനെ തുടർന്നാണ് പ്രവേശനം തടഞ്ഞത്. മെഡിക്കൽ കോളേജിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾപോലും ഒരുക്കാതെയാണ് നൂറും നൂറ്റമ്പതും സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതെന്ന് കൗൺസിൽ നിരീക്ഷിച്ചു.


പാലക്കാട് മെഡിക്കൽ കോളേജിന്റെ അംഗീകാരം തിരിച്ചുപിടിക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങിയിട്ടുണ്ട്. സ്വാശ്രയ കോളേജുകൾ അനുമതിക്കായി നിയമനടപടികൾ സ്വീകരിക്കേണ്ടിവരും. തടസ്സം നീങ്ങിയാലേ ഈ കോളേജുകളിലേക്ക് ഈ വർഷം പ്രവേശനം നടത്താനാകൂ. ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിന് ഇക്കുറി അനുമതിക്ക് അപേക്ഷിച്ചിരുന്നെങ്കിലും അതും ആരോഗ്യമന്ത്രാലയം നിഷേധിച്ചു. നിർമാണം പൂർത്തിയാകാത്തതിനാലും അനുമതി കിട്ടാനിടയില്ലാത്തതിനാലും അടുത്ത അധ്യയനവർഷം ക്ലാസ് തുടങ്ങിയാൽ മതിയെന്നായിരുന്നു സർക്കാർ തീരുമാനം.


തമിഴ്‌നാട്ടിലെ എട്ടും കർണാടകയിലെ പതിനേഴും മെഡിക്കൽ കോളേജുകൾക്ക് പ്രവേശനാനുമതിയില്ല. ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസ് ഉൾപ്പെടെ രാജ്യത്ത് 30 മെഡിക്കൽ കോളേജുകളിലെ പി.ജി. (സൂപ്പർ സ്‌പെഷ്യാലിറ്റി) കോഴ്‌സുകൾക്കും കൗൺസിൽ അനുമതി നിഷേധിച്ചു. 2022-നകം രാജ്യത്ത് 24 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ഫെബ്രുവരിയിൽ അനുമതി നൽകിയിരുന്നു.


വിലക്ക് നേരിട്ട നിലവിലുള്ള കോളേജ് സീറ്റുകൾ


ഗവ. മെഡിക്കൽ കോളേജ്, പാലക്കാട് 100

കെ.എം.സി.ടി., കോഴിക്കോട് 150

എസ്.ആർ. മെഡിക്കൽ കോളേജ്, വർക്കല 100

പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പാലക്കാട് 150

മൗണ്ട് സിയോൻ, പത്തനംതിട്ട 100

കേരള മെഡിക്കൽ കോളേജ്, പാലക്കാട് 150

അൽ അസർ, തൊടുപുഴ 150

ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ. മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, തിരുവനന്തപുരം 100-150

ഡി.എം., വയനാട് 150


പുതിയ കോളേജ് സീറ്റുകൾ


ഗവ. മെഡിക്കൽ കോളേജ്, ഇടുക്കി 100

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പാലക്കാട് 150

ശ്രീ അയ്യപ്പ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഫൗണ്ടേഷൻ, പത്തനംതിട്ട 150


വിലക്ക് ദേശീയതലത്തിൽ


നിലവിലെ സർക്കാർ കോളേജുകൾ 12

സ്വകാര്യ കോളേജുകൾ 70

ആകെ സീറ്റുകൾ 10,430

പുതിയ സർക്കാർ കോളേജുകൾ 31

സ്വകാര്യ കോളേജുകൾ 37

ആകെ സീറ്റുകൾ 9,000


സീറ്റുവർധന നിഷേധിച്ചത്


സർക്കാർ കോളേജുകൾ 4

സ്വകാര്യ കോളേജുകൾ 5

ആകെ സീറ്റുകൾ 650



Share this News Now:
  • Google+
Like(s): 168