05 June, 2018 08:18:52 AM
സ്റ്റാർബക്ക്സിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ വാർഡ് ഷുൽറ്റ്സ് സ്ഥാനമൊഴിയുന്നു
ഷുൽറ്റ്സിന്റെ നീക്കം 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലക്ഷ്യമിട്ട്

വാഷിംഗ്ടൺ: അമേരിക്കൻ കോഫി കമ്പനിയായ സ്റ്റാർബക്ക്സിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ വാർഡ് ഷുൽറ്റ്സ് സ്ഥാനമൊഴിയുന്നു. മൂന്നു പതിറ്റാണ്ടിലേറെ കമ്പനിയിൽ പ്രവർത്തിച്ച ശേഷമാണ് സ്ഥാനമൊഴിയുന്നത്. ഈ മാസം അവസാനത്തോടെ അദ്ദേഹം കമ്പനി വിടുമെന്ന് സ്റ്റാർബക്ക്സ് പ്രസ്താവനയില്‍ അറിയിച്ചു.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിത്വം ലക്ഷ്യമിട്ടാണ് 64 വയസുകാരനായ ഷുൽറ്റ്സിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞവർഷം ഏപ്രിലിൽ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം അദ്ദേഹം കെവിൻ ജോൺസണ് കൈമാറിയിരുന്നു. പിന്നീട് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി തുടരുകയായിരുന്നു.
1982ൽ സ്റ്റാർബക്ക്സിന്റെ ഓപ്പറേഷൻസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടറായി പ്രവർത്തിച്ച് തുടങ്ങിയ ഷുൽറ്റ്സ് കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു. ഇന്ന് 77 രാജ്യങ്ങളിലായി 28,000ലേറെ ഔട്ട് ലെറ്റുകൾ കമ്പനിക്കുണ്ട്. കോളജ് വിദ്യാർഥികളും ചെറുപ്പക്കാരും ഗ്രൂപ്പ് പഠനങ്ങൾക്കും ഒത്തു ചേരലിനും സ്റ്റാർബക്ക്സ് ഷോപ്പുകളെ ആശ്രയിക്കുന്നുണ്ട്