04 June, 2018 08:56:08 PM


പീഡനം കണ്ടാല്‍ ആരും മിണ്ടരുത്, അകത്താകും; വീണ്ടും പോലീസിന് നാണക്കേട് വരുത്തി എടപ്പാളിലെ തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്

പ്രമാണിമാരുടെ തെറ്റുകള്‍ മൂടിവെക്കണമെന്നാണ് ഇപ്പോള്‍ പോലീസ് നല്‍കുന്ന സന്ദേശം





പ്രമാണിമാരുടെ തെറ്റുകള്‍ മൂടിവെക്കണമെന്നാണ് ഇപ്പോള്‍ പോലീസ് നല്‍കുന്ന സന്ദേശം. എടപ്പാളിലെ സിനിമാ തിയേറ്ററിലെ പീഡനം പുറത്തുകൊണ്ടുവന്ന തിയേറ്റര്‍ ഉടമ സതീഷിനെതിരെ കേസെടുത്ത പോലീസ് നടപടി വിവാദമാകുകയാണ്. കൊള്ളയ്ക്കും കൊലയ്ക്കും അവസാനം പീഡനത്തിനും വരെ കേരളാ പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നാണ് അടുത്തിടെ നടക്കുന്ന സംഭവങ്ങള്‍ ചൂണ്ടികാട്ടുന്നത്. കോട്ടയത്ത് പോലീസിന്‍റെ നിഷ്ക്രീയത്വം ഒരു യുവാവിന്‍റെ ജീവനെടുത്ത പിന്നാലെയാണ് പീഡനക്കേസില്‍ പ്രതിയെ പിടിക്കാന്‍ സഹായിച്ച തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത് തങ്ങളുടെ മഹത്വം പോലീസ് വെളിവാക്കുന്നത്. 


മുന്‍ പോലീസ് മേധാവിയും വനിതാ കമ്മീഷന്‍ ചെയര്‍മാനും ഉള്‍പ്പെടെയുള്ളവര്‍ പോലീസിന്‍റെ നടപടിയെ വിമര്‍ശിക്കുമ്പോഴും അധികൃതര്‍ കയ്യും കെട്ടിയിരിക്കുന്നു. കേരളാ പോലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നാണ് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പ്രതികരിച്ചത്. തീയേറ്റര്‍ ഉടമ സതീഷ് ചൈല്‍ഡ് ലൈന് തെളിവ് നല്‍കിയത് നിയമപരമാണെന്നും സെന്‍കുമാര്‍ പറഞ്ഞു. തികച്ചും പ്രാകൃതമായ നടപടിയാണ് പോലീസിന്‍റേതെന്നാണ് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പ്രതികരിച്ചത്.


വിഷയത്തില്‍ കണ്ണടക്കാമായിരുന്നിട്ടും സതീഷ് സംഭവം പുറംലോകത്തെ അറിയിച്ചു. തികച്ചും അപലപനീയമാണ് പോലീസ് നടപടി. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍റെ പ്രതികരണമായിരുന്നു ഇത്. ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ജോസഫൈന്‍ വ്യക്തമാക്കി. വിവരം അറിയിക്കാന്‍ വൈകി എന്ന് ആരോപിച്ചാണ് പോലീസ് സതീഷിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു



Share this News Now:
  • Google+
Like(s): 185