04 June, 2018 08:37:27 PM


നികുതി പരിഷ്‌കരണം: ജോര്‍ദാന്‍ പ്രധാനമന്ത്രി ഹാനി മുള്‍കി രാജിവെച്ചു

പെട്രോള്‍ വിലവര്‍ധനവ് അബ്ദുള്ള രാജാവ് ഇടപ്പെട്ട് പിന്‍വലിപ്പിച്ചിരുന്നു




ജോര്‍ദാന്‍: ജോര്‍ദാന്‍ പ്രധാനമന്ത്രി ഹാനി മുള്‍കി രാജിവെച്ചു. അബ്ദുള്ള രാജാവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാജിവെച്ചത്. സര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങളില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. ഇന്റര്‍നാഷണല്‍ മൊണേറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) നിര്‍ദേശ പ്രകാരമുള്ള പുതിയ നികുതി പരിഷ്‌കരണം സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവിത രീതികളെ തകിടം മറിക്കുമെന്ന വാദമുയര്‍ത്തിയാണ് സമരം നടത്തിയത്. നികുതി ഉയര്‍ത്താനുള്ള തീരുമാനം റദ്ദാക്കണമെന്ന് പ്രതിഷേധക്കാര്‍ അബ്ദുള്ള രാജാവിനോട് ആവശ്യപ്പെട്ടിരുന്നു.


ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്താമെന്നും എല്ലാവരും സഹകരിക്കണമെന്നും അബ്ദുള്ള രാജാവ് വ്യക്തമാക്കിയിരുന്നു. നികുതി പരിഷ്‌കരണത്തിന് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി ഹാനി മുള്‍കിയുടെ നടപടികള്‍ ചോദ്യം ചെയ്യപ്പെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യമുന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്ന പെട്രോള്‍ വിലവര്‍ധനവ് അബ്ദുള്ള രാജാവ് ഇടപ്പെട്ട് പിന്‍വലിപ്പിച്ചിരുന്നു. നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ തകിടം മറിക്കുമെന്നും അത് റദ്ദാക്കുകയല്ലാതെ മറ്റ് ഒരു ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് ജോര്‍ദാന്‍ ജനത.




Share this News Now:
  • Google+
Like(s): 80