01 June, 2018 11:07:29 PM
നിപ്പാ വൈറസ്: കോഴിക്കോട് കോടതികളുടെ പ്രവർത്തനത്തിനു നിയന്ത്രണം
ജൂണ്‍ ആറു വരെ കോടതികളുടെ പ്രവർത്തനം നിർത്തിവയ്ക്കും

കോഴിക്കോട്: നിപ്പാ വൈറസ് കോടതികളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. വൈറസ് പൂർണമായി നിയന്ത്രണവിധേയമാകാത്ത പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദേശം നൽകി. ജൂണ്‍ ആറു വരെ കോടതികളുടെ പ്രവർത്തനം നിർത്തിവയ്ക്കാനാണു ഹൈക്കോടതി രജിസ്ട്രാർ നിർദേശം നൽകിയത്. മജിസ്ട്രേറ്റ് കോടതികൾക്കും കുടുംബ കോടതിക്കും നിർദേശം ബാധകമാണ്.
നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. പത്തുദിവസത്തേക്കു കോടതി നിർത്തിവയ്ക്കണമെന്നു ചൂണ്ടിക്കാട്ടി കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
ജില്ലാ കോടതി സൂപ്രണ്ട് നിപ്പാ വൈറസ് ബാധിച്ച് മരിച്ചതിനെ തുടർന്ന് കോടതിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് കളക്ടർ ഇടപെട്ടത്. വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം രണ്ടു പേർ മരിച്ച സാഹചര്യത്തിൽ ബാലുശേരി ആശുപത്രിയിലെ ഡോക്ടർമാരോടും ജീവനക്കാരോടും ഒരാഴ്ചത്തേക്ക് അവധിയെടുക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു