01 June, 2018 01:25:12 PM


കെവിൻ വധം: മുൻ എസ് പി ഒന്നാം പ്രതിയുടെ ബന്ധുവെന്ന് വെളിപ്പെടുത്തൽ

വെളിപ്പെടുത്തല്‍ അറസ്റ്റിലായ എ എസ് ഐ ബിജുവിന്‍റെ അഭിഭാഷകന്‍റേത്




ഏറ്റുമാനൂർ: കെവിൻ വധത്തെ തുടർന്ന് സ്ഥലം മാറ്റപ്പെട്ട മുൻ കോട്ടയം ജില്ലാ പോലീസ് മേധാവി വി.എം.മുഹമ്മദ് റഫീഖ് ഒന്നാം പ്രതിയുടെ ഉറ്റബന്ധുവെന്ന് വെളിപ്പെടുത്തൽ. ഇതേ കേസില്‍ അറസ്റ്റിലായ എ എസ് ഐ പി.എം. ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്കായി ഹാജരായ അഭിഭാഷകൻ കെ.എസ്.സന്തോഷ് കുമാറാണ് ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഇങ്ങനെ വെളപ്പെടുത്തിയത്.


ബിജുവിനും അജയകുമാറിനും വേണ്ടി ജാമ്യാപേക്ഷ നല്‍കവെയാണ് മുഹമ്മദ് റഫീഖ് മുഖ്യപ്രതി ഷാനു ചാക്കോയുടെ മാതാവ് രഹ്നയുടെ ബന്ധുവാണെന്നറിയുന്നതായി അഭിഭാഷകന്‍ കോടതിയില്‍ വെളിപ്പെടുത്തിയത്. അതേ സമയം മുഹമ്മദ് റഫീഖ് ഇത് നിഷേധിച്ചു. കേസ് ജയിക്കാൻ അഭിഭാഷകർ ഉണ്ടാക്കുന്ന കെട്ടുകഥയാണ് ഇതെന്നും തനിക്ക് കൊല്ലത്ത് ബന്ധുക്കളില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേസന്വേഷണത്തില്‍ എസ് പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണത്തെതുടര്‍ന്ന് വകുപ്പ് തല അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.  


കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ ഷാനു ചാക്കോയുടെയും സംഘത്തിന്‍റെയും പക്കൽനിന്നു പട്രോളിംഗ് ജീപ്പിലെ എഎസ്ഐ ബിജു 2,000 രൂപ കൈക്കൂലി വാങ്ങിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ അന്വേഷണത്തെ തുടര്‍ന്നാണ്  ബിജുവിനെയും അജയകുമാറിനെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവരെ കേസില്‍ കുടുക്കുകയും കേസില്‍ പങ്കുള്ള ഉന്നതോദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്യുകായാണുണ്ടായതെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.



Share this News Now:
  • Google+
Like(s): 363