30 May, 2018 08:40:37 PM


കൗണ്‍സില്‍ അറിയാതെ സെക്രട്ടറി പണം ചെലവാക്കി; ഏറ്റുമാനൂര്‍ നഗരസഭയില്‍ ബഹളം

എല്‍ഈഡി വിളക്കുകള്‍ സ്ഥാപിച്ചതിലും അഴിമതി ആരോപണം
ഏറ്റുമാനൂര്‍ : സ്റ്റാന്‍റിംഗ് കമ്മറ്റിയോ കൗണ്‍സിലോ അറിയാതെ സ്വന്തം ഇഷ്ടപ്രകാരം സെക്രട്ടറി തുക ചെലവാക്കിയതിനെ ചൊല്ലി ഏറ്റുമാനൂര്‍ നഗരസഭാ യോഗത്തില്‍ ബഹളം. സ്വച്ഛ് സര്‍വ്വേഷന്‍ പദ്ധതിയുടെ ഭാഗമായി നഗരസഭാ പ്രദേശം വ‍ൃത്തിയാക്കിയതിനാണ് അംഗീകാരമില്ലാതെ സെക്രട്ടറി രൂപ ചെലവാക്കിയത്. തുക ചെലവാക്കിയ ശേഷം ബുധനാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ പരിഗണനയ്ക്കായി അജണ്ടായില്‍ ഉള്‍കൊള്ളിച്ചതാണ് ചോദ്യം ചെയ്യപ്പെട്ടത്. 

ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസാണ് ഇതിനെ ചോദ്യം ചെയ്തത്. നഗരസഭാ ആക്ട് അനുസരിച്ച് വളരെ അടിയന്തിരസ്വഭാവമുള്ള കാര്യങ്ങള്‍ക്ക് മാത്രം ചെയര്‍മാന്‍റെ അനുമതിയോടെ രൂപാ വരെ സെക്രട്ടറിയ്ക്ക് ചെലവാക്കാം. ചെയര്‍മാനും കൗണ്‍സില്‍ അനുമതിയില്ലാതെ പാസാക്കുന്ന തുകയുടെ പരിധിയും ഇതു തന്നെയത്രേ. എന്നാല്‍ സെക്രട്ടറി തന്നിഷ്ടപ്രകാരം ചെലവാക്കിയ തുകയ്ക്ക് ചെയര്‍മാന്‍ അംഗീകാരം നല്‍കിയതും അംഗങ്ങള്‍ ചോദ്യം ചെയ്തു. 

ഇരുപത് കണ്ടിജന്‍റ് ജീവനക്കാരെ ഉപയോഗിച്ചാണ് നഗരസഭാ പ്രദേശം വൃത്തിയാക്കിയതെന്ന് ആയിരുന്നു അജണ്ടയില്‍ ആറാമത് ഇനമായി കാണിച്ചിരുന്നത്. എന്നാല്‍ കണ്ടിജന്‍റ് ജീവനക്കാരല്ലാ, പകരം പുറമെനിന്നുള്ള തൊഴിലാളികളാണ് ശുചികരണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും യോഗത്തില്‍ ചൂണ്ടികാണിക്കപ്പെട്ടു. ആരോഗ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നഗരസഭയില്‍ എത്തുന്ന സര്‍ക്കുലറുകള്‍ ഒന്നുതന്നെ സെക്രട്ടറി യഥാസമയം ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിയെ ഏല്‍പ്പിക്കുന്നില്ലെന്നും ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് കുറ്റപ്പെടുത്തി. ഇത് നഗരസഭയിലെ മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് തടസം സൃഷ്ടിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

ഒട്ടേറെ പ്രമുഖ തീരുമാനങ്ങള്‍ കൈകൊള്ളുവാനുള്ള യോഗത്തില്‍ സെക്രട്ടറി പങ്കെടുക്കാതിരുന്നതും യോഗം തീര്‍ന്നശേഷം സെക്രട്ടറി കൗണ്‍സില്‍ ഹാളിലേക്ക് എത്തിയതും പ്രതിഷേധത്തിനിടയാക്കി. എല്‍ഈഡിവിളക്കുകള്‍ സ്ഥാപിച്ചതില്‍ അഴിമതിയുണ്ടെന്ന ആരോപണവും ബഹളത്തിനിടയാക്കി. പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിജി ഫ്രാന്‍സിസ് വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഭരണപ്രതിപക്ഷഭേദമെന്യേ അംഗങ്ങള്‍ നടുതളത്തിലിറങ്ങി ബഹളം കൂട്ടിയത്. 

ഒരു വര്‍ഷം മുമ്പ് വിവിധ വാര്‍ഡുകളിലായി അറുന്നൂറോളം വിളക്കുകള്‍ സ്ഥാപിച്ചെങ്കിലും ഒന്നു പോലും മൂന്ന് മാസത്തില്‍ കൂടുതല്‍ തെളിഞ്ഞില്ല. പതിനെട്ട് ലക്ഷം രൂപയായിരുന്നു പദ്ധതിയ്ക്കായി ചെലവിട്ടത്. ഘട്ടംഘട്ടമായി കരാറുകാരന് തുക കൈമാറിയാല്‍ മതി എന്നിരിക്കെ മുഴുവന്‍ തുകയും ആദ്യം തന്നെ നല്‍കിയത് വന്‍ അഴിമതിയാണെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. മുഴുവന്‍ തുക കൈപ്പറ്റിയ  കരാറുകാരനെതിരെ നടപടിയെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് നഗരസഭ ഇപ്പോള്‍. കരാറുകാരനാകട്ടെ ഇപ്പോള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇത് തന്‍റെ കുറ്റമല്ലെന്നും ഗ്രാമപഞ്ചായത്ത് നഗരസഭ ആയി മാറിയ സമയത്തെ സെക്രട്ടറിയാണ് കരാര്‍ ഒപ്പിട്ടതെന്നും സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പറഞ്ഞു. ഈ സെക്രട്ടറി വിരമിക്കുന്നതിന്‍റെ തലേന്ന് കൈക്കൂലി മേടിച്ച കേസില്‍ അറസ്റ്റിലായിരുന്നു.

പതിനൊന്ന് മണിക്ക് തുടങ്ങേണ്ട കൗണ്‍സില്‍ പന്ത്രണ്ടര മണിയോടെയാണ് ആരംഭിച്ചത്. കൗണ്‍സില്‍ യോഗത്തിനു തൊട്ടുമുമ്പായി നഗരസഭാ അതിര്‍ത്തിയിലെ സ്കൂള്‍ പ്രധാനാദ്ധ്യാപകരുടെ യോഗം വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ വിളിച്ചിരുന്നു. കൗണ്‍സിലര്‍മാര്‍ ഹാളില്‍ ഇരുന്ന ശേഷം ഇതേ ഹാളില്‍ ചെയര്‍മാന്‍റെ അദ്ധ്യക്ഷതയില്‍ അധ്യാപകരുടെ യോഗം തുടങ്ങിയതും പ്രതിഷേധത്തിനിടയാക്കി. ഇത്തരം യോഗങ്ങള്‍ കൗണ്‍സില്‍ നടക്കുന്നതോടൊപ്പം പാടില്ലെന്ന് കോണ്‍ഗ്രസ് അംഗം  ടോമി പുളിമാന്‍തുണ്ടം പറഞ്ഞതോടെ അന്തരീക്ഷം ബഹളമയമായി. കുറെ നേരം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ അധ്യാപകരുടെ യോഗവും കഴിഞ്ഞാണ് കൗണ്‍സില്‍‌ യോഗം നടന്നത്.

മീനച്ചിലാറ്റിലേക്ക് എത്തിച്ചേരുന്ന മാലിന്യക്കുഴലുകള്‍ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് തീരുമാനമായി. ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും നടക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ വാര്‍ഡ് കൗണ്‍സിലര്‍ക്കും 25000 രൂപ വീതം ചെലവിടാവുന്നതാണെന്ന് ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് അറിയിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ ചാക്കോ ജോസഫ് അദ്ധ്യക്ഷനായിരുന്നു. Share this News Now:
  • Google+
Like(s): 517