29 May, 2018 05:57:14 PM


കെവിന്‍ വധം: പോലീസ്കാരെയും പ്രതി ചേര്‍ക്കണമെന്ന് ആന്‍റണി

കെവിൻ മുങ്ങിമരിച്ചതാകാമെന്ന് പോസ്റ്റ്മോർട്ടത്തില്‍ പ്രാഥമിക നിഗമനം




ദില്ലി: കെവിന്‍റെ കൊലപാതക കേസിൽ നടപടികൾക്ക് വീഴ്ച വരുത്തിയ പോലീസുകാരെയും കൂട്ടുപ്രതികളാക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്‍റണി. ഡൽഹിയിൽ വാർ്ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തിന് നാണക്കേടുണ്ടാക്കുന്ന അതിദാരുണമായ സംഭവമാണ് കെവിന്‍റെ മരണം. ഈ കേസിൽ കെവിനെ തട്ടിക്കൊണ്ടുപോയ ഗുണ്ടകൾ മാത്രമല്ല, പോലീസുകാരും കുറ്റക്കാരാണ്. കേരള പോലീസ് നാണംകൊണ്ട് തലകുനിക്കേണ്ടി വന്ന സാഹചര്യമാണ് നിലവിലുള്ളത്. പോലീസ് സേനയിൽ നിന്നും തുടർച്ചയായി വീഴ്ചകളുണ്ടായിട്ടും മുഖ്യമന്ത്രി മൗനിയായി തുടരുകയാണ്. ഇതിൽപ്പരം അപമാനം കേരളത്തിനുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെവിനെ തട്ടിക്കൊണ്ടുപോയി എന്ന് ഭാര്യ നീനുവും പിതാവ് തോമസും പോലീസിൽ പരാതി നൽകിയിട്ടും അന്വേഷിക്കാൻ ഗാന്ധിനഗർ പോലീസ് തയാറായില്ല. പോലീസ് നടപടി മാപ്പർഹിക്കുന്നതല്ല. പോലീസ് വീഴ്ചകൾ ഇത്രയധികം ഉണ്ടായിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാരിന്‍റേതെന്നും എ.കെ.ആന്‍റണി കുറ്റപ്പെടുത്തി.

കെവിൻ മുങ്ങിമരിച്ചതാകാമെന്ന് പ്രാഥമിക നിഗമനം


കോട്ടയം: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ കെവിൻ മുങ്ങിമരിച്ചതാകാമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രാഥമിക നിഗമനം. കെവിന്‍റെ ശരീരത്തിലെ പരിക്കുകൾ മരണകാരണമായിട്ടില്ല. മർദിച്ച് വെള്ളത്തിൽ ഇട്ടതോ, ഓടി രക്ഷപ്പെട്ടപ്പോൾ വെള്ളത്തിൽ വീണതോ ആകാം മരണത്തിനു കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. 

അതേസമയം, അന്തിമ റിപ്പോർട്ട് ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്കു ശേഷമേ ലഭ്യമാകുകയുള്ളു. രണ്ടു മൂന്നു ദിവസത്തിനകം ഈ റിപ്പോർട്ട് ലഭ്യമാകുമെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളജിൽ നിന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു




Share this News Now:
  • Google+
Like(s): 134