29 May, 2018 02:48:20 PM


മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പിന്നാലെ പുതിയ മോര്‍ച്ചറിയിലേക്ക് കെവിനും എത്തി

പോലീസ് ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ കെവിന്‍ ഈ മോര്‍ച്ചറിയില്‍ എത്തില്ലായിരുന്നു




ഏറ്റുമാനൂര്‍: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ മോര്‍ച്ചറിയിലേക്ക് 24 മണിക്കൂറിനുള്ളില്‍ കെവിന്‍ എത്തിപ്പെട്ടു. വെറും 'ബോഡി'യായി. കേരള പോലീസിന്‍റെ കെടുകാര്യസ്ഥതയില്‍ ഒരു അധ്യായം കൂടി എഴുതി ചേര്‍ത്തുകൊണ്ട്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്കാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ മോര്‍ച്ചറി ബ്ലോക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്.

മുഖ്യമന്ത്രിയുടെ ഈ പരിപാടിയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്താനെന്ന കാരണം പറഞ്ഞാണ് ഗാന്ധിനഗര്‍ പോലീസ് തട്ടികൊണ്ടുപോകപ്പെട്ട കെവിന്‍റെ ഭാര്യ നീനു ചാക്കോയുടെയും ബന്ധുക്കളുടെയും പരാതി അവഗണിച്ചത്. എല്ലാം കഴിഞ്ഞ് വളരെ വൈകി പോലീസ് പരാതി സ്വീകരിച്ചപ്പോഴേക്കും കെവിനെ ഈ ലോകത്തുനിന്നും തൂത്തു മാറ്റിയിരുന്നു. 

കെവിന്റെ മൃതദേഹം കുറച്ചുകൂടി നേരത്തെ കണ്ടെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി എത്തിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ പുതിയ മോര്‍ച്ചറിയിലെത്തുന്ന ആദ്യജഡവും കെവിന്‍റേതു തന്നെയാകുമായിരുന്നു. തെന്മലയ്ക്കടുത്ത് തോട്ടില്‍ കാണപ്പെട്ട മൃതദേഹം ആറ് മണിക്കൂറുകളോളം ഒന്നും ചെയ്യാനാവാതെ  കരയില്‍ കിടന്നുപോയതും പ്രതിഷേധങ്ങള്‍ക്കിടയില്‍ നടപടികള്‍ വൈകിയതും മൂലം തിങ്കളാഴ്ച വൈകുന്നേരത്തോടെ മാത്രമേ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കാനായുള്ളു.




Share this News Now:
  • Google+
Like(s): 751