27 May, 2018 08:25:35 PM


പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ തട്ടികൊണ്ടുപോയി

നട്ടാശ്ശേരി പ്ലാത്തറ കെ​വി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്

uploads/news/2018/05/220790/c1.jpg
കെവിനും അനീഷും


കോട്ടയം: അര്‍ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ക്വട്ടേഷന്‍സംഘം നവവരനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയി. മാന്നാനം സൂര്യകവല കളമ്പുകാട്ടുചിറയില്‍ കെവിനെ(23)യാണു തട്ടിക്കൊണ്ടുപോയത്‌. ഇയാളെക്കുറിച്ച്‌ ഇതുവരെ വിവരമൊന്നുമില്ല.

അതേസമയം ക്വട്ടേഷന്‍ സംഘം മര്‍ദിച്ചശേഷം വിട്ടയച്ച കെവിന്റെ ബന്ധു അനീഷിനെ(31) പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ മാന്നാനം പള്ളിത്താഴെത്തുള്ള വീട്ടില്‍നിന്നാണു തട്ടിക്കൊണ്ടുപോയത്‌. പ്രണയബന്ധത്തില്‍നിന്നു പിന്മാറ്റുന്നതിനായി യുവതിയുടെ വീട്ടുകാര്‍ അയച്ച ക്വട്ടേഷന്‍ സംഘമാണ്‌ ആക്രമണത്തിനു പിന്നിലെന്നാണു സൂചന. രണ്ടു വര്‍ഷത്തിലേറെയായി അടുപ്പമുണ്ടായിരുന്ന തെന്മല സ്വദേശിയും നഗരത്തിലെ കോളജ്‌ വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ കെവിന്‍ വെള്ളിയാഴ്‌ച രജിസ്‌റ്റര്‍ വിവാഹം കഴിച്ചിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഇരുവരെയും ഗാന്ധിനഗര്‍ പോലീസ്‌ വിളിച്ചു വരുത്തിയെങ്കിലും പെണ്‍കുട്ടി കെവിനൊപ്പം പോകുകയായിരുന്നു.
ഞായറാഴ്‌ച പുലര്‍ച്ചെ മൂന്നു വാഹനങ്ങളിലായി എത്തി പന്ത്രണ്ടംഗസംഘമാണു മാന്നാനത്തെ വീട്ടില്‍നിന്ന്‌ കെവിനെയും, അനീഷിനെയും തട്ടിക്കൊണ്ടുപോയത്‌. മാന്നാനം പള്ളിത്താഴത്തെ വീട്ടില്‍ ഇരുവരും മാത്രമാണുണ്ടായിരുന്നത്‌. വീടിന്റെ പിന്‍വാതില്‍ പൊളിച്ച്‌ അകത്തു കയറിയ സംഘം, കഴുത്തില്‍ വടിവാള്‍വച്ച്‌ ഇരുവരെയും ഭീഷണിപ്പെടുത്തിയാണ്‌ വാഹനത്തില്‍ കയറ്റിയത്‌. വീട്‌ അടിച്ചു തകര്‍ക്കുകയും ചെയ്‌തു.
ഇരുവരുമായി തെന്മലയിലേയ്‌ക്കാണ്‌ പോയത്‌. യാത്രയ്‌ക്കിടെ മര്‍ദിക്കുകയും ചെയ്‌തു. തെന്മല എത്തിയതോടെ ഛര്‍ദിക്കാന്‍ തോന്നുന്നതായി അനീഷ്‌ അറിയിച്ചതോടെ സംഘം വണ്ടി നിര്‍ത്തി. എന്നാല്‍ പിന്നീടു കെവിന്‍ ഓടിപ്പോയെന്നും മടങ്ങിപ്പൊക്കൊള്ളാന്‍ അനീഷിനോട്‌ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന്‌ ഇവര്‍തന്നെ ഇന്നോവയില്‍ സംക്രാന്തി ജങ്‌ഷനില്‍ അനീഷിനെ മടക്കിക്കൊണ്ടുവന്നുവിട്ടു.
ഇതിനിടെ അനീഷിനെയും, കെവിനെയും കാണാനില്ലെന്നു ബന്ധുക്കള്‍ രാവിലെ തന്നെ ഗാന്ധിനഗര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. സ്‌റ്റേഷനില്‍ ഹാജരായ അനീഷിനെ മൊഴി രേഖപ്പെടുത്തിയ ശേഷം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിച്ചു. പെണ്‍കുട്ടിയുടെ കാണാനില്ലെന്നു പിതാവും പരാതി നല്‍കിയിരുന്നു. കസ്‌റ്റഡിയില്‍ എടുത്ത പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലേയ്‌ക്കു മാറ്റി. ഡിവൈ.എസ്‌.പി ഷാജിമോന്‍ ജോസഫ്‌, സി.ഐ എ.ജെ തോമസ്‌, എസ്‌.ഐ എം.എസ്‌ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌.
അതേസമയം വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ലെന്നു കെവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. കോട്ടയത്ത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയുടെ തിരക്കിലാണു പോലീസുകാരെന്നും അതിനുശേഷം സംഭവം അന്വേഷിക്കാമെന്നുമായിരുന്നു എസ്‌.ഐയുടെ പ്രതികരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവിനെക്കുറിച്ച്‌ പോലീസ്‌ അന്വേഷിക്കുന്നില്ലെന്ന്‌ ആരോപിച്ചു പെണ്‍കുട്ടി പോലീസ്‌ സ്‌റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു

നവവരനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്‌ ഭാര്യയായ യുവതിയെ മടക്കിക്കൊണ്ടുപോകാനുള്ള ബന്ധുക്കളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ. ഇരുവരുടേയും രജിസ്‌റ്റര്‍ വിവാഹത്തെത്തുടര്‍ന്ന്‌ ശനിയാഴ്‌ച രാവിലെ പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും കെവിന്റെ വീട്ടിലെത്തിയെങ്കിലും പെണ്‍കുട്ടി കാണാന്‍ കുട്ടാക്കിയിരുന്നില്ല. പിന്നീട്‌ കെവിനും ബന്ധുവായ അനീഷും ചേര്‍ന്നു പെണ്‍കുട്ടിയെ ഹോസ്‌റ്റലിലേയ്‌ക്കു മാറ്റിയിരുന്നു.
Share this News Now:
  • Google+
Like(s): 345