23 May, 2018 01:22:26 PM


കോട്ടയം മെഡി. കോളേജില്‍ പ്രവേശിപ്പിച്ച രോഗികൾക്ക് നിപ്പാ വൈറസ് ബാധയെന്ന് സംശയം

കോഴിക്കോട് സ്വദേശികളായ രണ്ട് പേർ നിരീക്ഷണത്തില്‍





കോട്ടയം: നിപാ വൈറസ് ബാധയെന്ന് സംശയിക്കുന്ന രണ്ട് രോഗികള്‍ കോട്ടയം മെഡി.കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തില്‍. കോഴിക്കോട് പേരാമ്പ്ര ചക്കിട്ടു പാറക്കാരിത്തടത്തില്‍ രാജന്‍ വര്‍ക്കി (57), കോഴിക്കോട് പുതിയങ്ങാടി പുതിയാപ്പ ഷൈനിംഗ് വില്ലയില്‍ വാസുദേവന്‍ മകന്‍ നിഥിന്‍ (21) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിസിന്‍ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലെ പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചത്. 


രാവിലെ 11നാണ് രാജന്‍ വര്‍ക്കി മെഡിക്കല്‍ കോളജ് മെഡിസിന്‍ ഒ.പി.യില്‍ എത്തിയത്.
പേരാമ്പ്രയില്‍ നിന്ന് ട്രെയിനില്‍ കോട്ടയത്തെത്തിയ ഇയാള്‍ പനിമൂലം അവശത തോന്നിയതിനെ തുടര്‍ന്ന് നേരിട്ട് മെഡിക്കല്‍ കോളേജില്‍ എത്തുകയായിരുന്നു. നിപ്പാ വൈറസ് ബാധയാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് ഇയാൾക്ക് പ്രത്യേക നിരീക്ഷണത്തിൽ ചികിത്സ നൽകി വരികയായിരുന്നു. നിപ്പ വൈറസ് ബാധയുളളതായി സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ ആശുപത്രികളിലും അണുനശീകരണവും വ്യക്തിഗത സുരക്ഷ നടപടികളും ശക്തമാക്കിയതായും ഡിഎംഒ അറിയിച്ചു.

കടുത്തുരുത്തിയില്‍ ഒരു വിവാഹത്തിന് പങ്കെടുക്കുവാന്‍ വരവേ നേരിയ പനിയും, ശ്വാസതടസവും നേരിട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. മെഡിസിന്‍ ഒ.പിയില്‍ പരിശോധിച്ച ഡോക്ടര്‍ക്ക് രോഗവിവരം കേട്ടപ്പോള്‍ സംശയം തോന്നി. യൂണിറ്റ് ചീഫ് ഡോ.ഷീല കുര്യന്‍ ഉടന്‍ തന്നെ മറ്റ് ഉന്നത ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട ശേഷം ജീവനക്കാരെ വിളിച്ചു വരുത്തി മെഡിസിന്‍ ക്രിറ്റിക്കല്‍ കെയര്‍ യൂനിറ്റി ലേക്ക് മാറ്റുകയായിരുന്നു.

നിപ്പാ വൈറസ് ബാധയുടെ 60 ശതമാനം ലക്ഷണങ്ങളുണ്ടെന്നാണ് പ്രാഥമികവിവരം. ഉടന്‍ തന്നെ രക്ത പരിശോധനയടക്കമുള്ള വിവിധ പരിശോധനകള്‍ നടത്തി. തുടര്‍ന്നു സ്ഥലത്തെത്തിയ വിദഗ്ധ ഡോക്ടർമാർ വര്‍ക്കിയുടെ രോഗവിവരം ആരാഞ്ഞശേഷം  പരിശോധനക്കായി രക്തശേഖരണം നടത്തി. രക്തസാമ്പിള്‍ പൂനെ ലാബിലേയ്ക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു.  


നിപ്പാ വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടെങ്കിലും കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, നിപ്പ വൈറസ് ബാധിച്ചതായ ലക്ഷണങ്ങള്‍ നിലവില്‍ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് പിന്നീട് അറിയിച്ചു. 




Share this News Now:
  • Google+
Like(s): 3602