23 May, 2018 12:31:26 PM


നിപ വൈറസ്; ലിനിയുടെ മക്കൾക്ക് 10 ലക്ഷം വീതം, ഭർത്താവിന് സർക്കാർ ജോലി

വൈറസ് ബാധിതരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും





തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ ബാധിച്ച്‌ മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ലിനിയുടെ രണ്ടു മക്കൾക്കും പത്ത് ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനം. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് സജീഷിന് കേരളത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.


ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കുട്ടികൾക്ക് നൽകുന്ന തുകയിൽ അഞ്ച് ലക്ഷം വീതം സ്ഥിരനിക്ഷേപമായിട്ടാവും നൽകുക. ബാക്കി അഞ്ച് ലക്ഷം വീതം അവരുടെ ചിലവുകൾക്കായി നൽകും. സ്ഥിരനിക്ഷേപമായി നൽകുന്ന തുക കുട്ടികൾ പ്രായപൂർത്തിയാകുന്പോൾ ഉപയോഗിക്കാമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 


നിപ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രസഹായം ഫലപ്രദമാണെന്നും നിപ വൈറസ് ബാധിതരായ എല്ലാവരുടെയും ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. വൈറസ് ബാധ പടരുന്നത് തടയാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ ജീവനക്കാരെ കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും നിയോഗിച്ചുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.



Share this News Now:
  • Google+
Like(s): 62