23 May, 2018 12:24:14 PM


ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്‌എന്‍ഡിപി സമദൂരം പാലിക്കും - വെള്ളാപ്പള്ളി

എസ്‌എന്‍ഡിപിയോട് കൂറുപുലര്‍ത്തുന്നവരെ സഹായിക്കും



ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്‌എന്‍ഡിപി സമദൂരം പാലിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു കക്ഷിയിലും ചേരില്ലെന്നും, ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി എസ്‌എന്‍ഡിപിയോട് കൂറുപുലര്‍ത്തുന്നവരെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഉപതിരഞ്ഞെടുപ്പില്‍ യോഗത്തിന്റെ പ്രവര്‍ത്തകര്‍ യുക്തമായ തീരുമാനമെടുത്ത് വോട്ട് ചെയ്യണം. എന്നാല്‍ ഇത് മനസാക്ഷി വോട്ടല്ല, മറിച്ച്‌ സമുദായത്തെയും യോഗത്തെയും സ്നേഹിക്കുന്നവര്‍ക്കും കൂറുപുലര്‍ത്തുന്നവര്‍ക്കുമായിരിക്കണം വോട്ട്- വെള്ളാപ്പള്ളി ചേര്‍ത്തലയില്‍ പറഞ്ഞു.


സമുദായത്തോട് കൂറുപുലര്‍ത്തുകയും നാളെ തിരിച്ച്‌ സഹായിക്കുമെന്ന് ഉറപ്പുള്ളതുമായ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാമെന്നാണ് സമുദായംഗങ്ങള്‍ക്കുള്ള നിര്‍ദേശം. ഇതുസംബന്ധിച്ച്‌ അണികള്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കാന്‍ മണ്ഡലത്തിലെ യൂണിയനുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചെങ്ങന്നൂര്‍ യൂണിയനും മാവേലിക്കര പഞ്ചായത്തിലെ ഒരു യൂണിയനുമാണ് മണ്ഡലത്തിലുള്ളത്. ചെങ്ങന്നൂരില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ഈഴവ വിഭാഗവും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഉപതിരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും അതില്‍ എസ്‌എന്‍ഡിപി അവകാശവാദം ഉന്നയിക്കില്ല. ചെങ്ങന്നൂരില്‍ ഇപ്പോള്‍ നടക്കുന്നത് ശക്തമായ ത്രികോണ മത്സരമാണെന്നും, എന്നാല്‍ പ്രചരണത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാനാണ് മുന്നിലുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂരില്‍ സമദൂര നിലപാടായിരിക്കുമെന്ന് എന്‍എസ്‌എസും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എസ്‌എന്‍ഡിപിയും അതേനിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 148