22 May, 2018 02:06:46 PM


നിപ്പാ വൈറസ്: സേവനമനുഷ്ഠിക്കാൻ അനുവദിക്കണമെന്ന് ഡോ.കഫീൽ ഖാന്‍, സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ഡോക്ടറുടെ ആവശ്യവും മുഖ്യമന്ത്രിയുടെ പ്രതികരണവും ഫേസ്ബുക്കിലൂടെ




തിരുവനന്തപുരം: നിപ്പാ വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട്ട് സേവനമനുഷ്ഠിക്കാൻ താത്പര്യമുണ്ടെന്ന് ഉത്തർപ്രദേശിലെ ഡോ. കഫീൽ ഖാന്‍. ഡോക്ടറുടെ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. വൈദ്യശാസ്ത്ര രംഗത്ത് സ്വന്തം ജീവൻപോലും പരിഗണിക്കാതെ സേവനം ചെയ്യുന്ന ധാരാളം ഡോക്ടർമാരുണ്ട്. സഹജീവികളോടുള്ള സ്നേഹമാണ് അവർക്ക് എല്ലാറ്റിലും വലുത്. അവരിൽ ഒരാളായാണ് ഡോ.കഫീൽ ഖാനെയും കാണുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കോഴിക്കോട്ട് നിപ്പ വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ സർക്കാരിനെ സഹായിക്കാൻ സ്വയം സന്നദ്ധരായി നിരവധി പേർ രംഗത്തുവന്നിരുന്നു. ഡോ.കഫീൽ ഖാനെ പോലെയുള്ളവർക്ക് കേരളത്തിൽ പ്രവർത്തിക്കാൻ അവസരം നൽകുന്നതിൽ സർക്കാരിന് സന്തോഷമേയുള്ളൂ. താത്പര്യമുള്ള വിദഗ്ധരായ ആളുകൾ ആരോഗ്യവകുപ്പ് ഡയറക്ടറെയോ കോഴിക്കോട് മെഡിക്കൽ കോളജ് സുപ്രണ്ടിനെയോ ബന്ധപ്പെടണമെന്ന് അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിന് പുറത്തു ജോലി ചെയ്യുന്ന പ്രഗത്ഭ ഡോക്ടർമാരിൽ ചിലർ ഇപ്പോൾ തന്നെ കോഴിക്കോട്ട് എത്തിയിട്ടുണ്ടെന്നും അവർക്കെല്ലാം കേരള സമൂഹത്തിന്‍റെ പേരിൽ നന്ദി അറിയിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.



Share this News Now:
  • Google+
Like(s): 144