20 May, 2018 09:02:11 AM


അവസരങ്ങള്‍ക്കായി കിടക്ക പങ്കിടേണ്ടിവരുന്ന രീതി പണ്ടേ ഉള്ളത് - മധു

നടി ആക്രമിക്കപ്പെട്ടതിന് പിന്നിൽ ദിലീപ് അണെന്ന് കരുതുന്നില്ല




കൊച്ചി: അവസരങ്ങള്‍ക്കുവേണ്ടി കിടക്ക പങ്കിടേണ്ടിവരുന്ന രീതി (കാസ്റ്റിംഗ് കൗച്ച്) മലയാള സിനിമയില്‍ പണ്ടു മുതലേയുള്ളതാണെന്ന് നടൻ മധു. മലയാളത്തില്‍ മാത്രമല്ല, എല്ലാഭാഷയിലെയും സിനിമാരംഗത്ത് ഇത് ഉണ്ടായിരുന്നതാണെന്നും മധു പറയുന്നു. കൂടുതല്‍ അടുപ്പമുള്ളവരുമായി ഇത്തരം ബന്ധം കൂടുതല്‍ സാധ്യമായതിനാല്‍ അത് നടന്നിരുന്നുവെന്നും അദ്ദേഹം ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു. ലൈംഗികതാല്‍പര്യത്തോടെയുള്ള ഇത്തരത്തിലുള്ള ബന്ധങ്ങള്‍ സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലുമുള്ളതാണ്. എല്ലാ സമൂഹത്തിലുമുണ്ടാകും. എന്ന് വച്ച് അത് ആ സമൂഹത്തിന്റെ മുഴുവന്‍ സ്വഭാവമല്ല. അതുപോലെ തന്നെയാണ് സിനിമയിലെ ഇത്തരം ബന്ധങ്ങളുമെന്നും മധു പറഞ്ഞു. 


നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളൊന്നും തനിക്കറിയില്ല. അതുകൊണ്ടാണ് അതേക്കുറിച്ച് അഭിപ്രായം പറയാത്തത്. ദിലീപാണ് ഇത് ആസുത്രണം ചെയ്തതെന്ന് കരുതുന്നില്ല. കാരണം ബുദ്ധിമാനാണ് ദിലീപ്. ഇത്തരത്തിലുള്ള ഒരു വിഡ്ഢിത്തം ദിലീപ് കാണിക്കുമോ എന്ന് സംശയമാണ്. നടിക്ക് ദുരനുഭവം ഉണ്ടായെന്നത് സത്യമാണ്. ഇതിന് പിന്നില്‍ ദിലീപാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് ഞാന്‍ പറയുന്നതെന്നും മധു വ്യക്തമാക്കി. താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി ഇന്നസെന്റിന് പകരം മറ്റൊരാള്‍ തന്റെ മനസിലില്ല. ഇന്നസെന്റ് തമാശനടനാണെങ്കിലും നല്ല സംഘാടകനാണ്. എല്ലാവരുമായും നല്ല സുഹൃദ്ബന്ധവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന് മാത്രമേ ഇത്ര നല്ല രീതിയില്‍ സംഘടനയെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ എന്നും മധു ചൂണ്ടിക്കാട്ടി



Share this News Now:
  • Google+
Like(s): 96