19 May, 2018 11:03:56 AM


കുളിക്കാന്‍ പോയ എംഎല്‍എയെ ബിജെപി പാളയത്തില്‍ തിരഞ്ഞ് കോണ്‍ഗ്രസ്

സത്യപ്രതിജ്ഞക്കായി എംഎൽഎമാരെ ബംഗളൂരുവിൽ തിരിച്ചെത്തിച്ചു





ബംഗളൂരു: യാത്രാക്ഷീണം മാറ്റാന്‍ എംഎല്‍എ ഒന്ന് കുളിക്കാന്‍ പോയതാണ്. പക്ഷെ, അതിനും കുറ്റം ബിജെപിക്കാര്‍ക്ക്. ബിജെപിയുടെ 'ദൃഷ്ടി' പതിയാതെ നാടുകടത്തിയതില്‍ ഒരു എംഎല്‍എയെ കാണാതായത് കോണ്‍ഗ്രസ് പാളയത്തെ ആശങ്കയിലാഴ്ത്തിയത്. എംഎല്‍എമാരെ എതിര്‍പാളയത്തിലുള്ളവര്‍ ചാക്കിട്ട് പിടിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കര്‍ണാടകത്തില്‍ ജെഡിഎസും കോണ്‍ഗ്രസും നടത്തി കൊണ്ടിരിക്കുന്നത്.

എതിര്‍ പാര്‍ട്ടികളുടെ ദൃഷ്ടിപതിയാതിരിക്കാന്‍ എംഎല്‍എമാരെ സംസ്ഥാനത്തുനിന്ന് തന്നെ മാറ്റിയിരിക്കുകയാണ്. ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെയുള്ള എംഎല്‍എമാര്‍ ചാടിപോകാതിരിക്കാന്‍ മൊബൈല്‍ ആപ്പ് വഴി ഇവരുടെ നീക്കങ്ങളും നേതൃത്വം വീക്ഷിക്കുന്നുണ്ട്.

ഇതിനിടെ ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍നിന്നും ഒരു കോണ്‍ഗ്രസ് എംഎല്‍എ ചാടി പോയെന്ന് വാര്‍ത്ത പരന്നു. ഏറ്റവും നിര്‍ണായകമായ സമയത്ത് എംഎല്‍എയെ കാണാതായത് മറ്റുള്ളവരെ ആശങ്കയിലാക്കി. തുടര്‍ന്ന് ഹോട്ടലിലെ ബാര്‍ മുതല്‍ ശുചിമുറി വരെ ഹോട്ടല്‍ ജീവനക്കാരും അരിച്ചുപെറുക്കി. ഒടുവില്‍ ആ എംഎല്‍എയെ ബിജെപിക്കാര്‍ കടത്തി എന്ന സംശയം ബലപ്പെട്ടു. എന്നാല്‍, തിരിച്ചില്‍ അവസാനിപ്പിച്ച് ബാക്കിയുള്ളവരെ സംരക്ഷിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് കാണാതായ എംഎല്‍എ സ്വിമ്മിംഗ് പൂളില്‍ നീന്തി ഉല്ലസിക്കുന്നത് ശ്രദ്ധയില്‍പെട്ടത്.

600 കിലോമീറ്റര്‍ യാത്ര ചെയ്തതിന്റെ ക്ഷീണം മാറ്റാന്‍ താന്‍ കണ്ടെത്തിയ മാര്‍ഗമാണിതെന്നായിരുന്നു എംഎല്‍എയുടെ മറുപടി. ഹൈദരാബാദില്‍ എത്തിയ ശേഷമാണ് ഇന്ന് 11 മണിക്ക് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്തണമെന്നും നാല് മണിക്ക് വിശ്വാസം തെളിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് അവിടെ നിന്നും രാത്രി തന്നെ മടങ്ങേണ്ടി വന്നു.



Share this News Now:
  • Google+
Like(s): 36